സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിൽ അധ്യാപക, അനധ്യാപക വിഭാഗങ്ങളിലായി 1300 തസ്തികകൾ അനുവദിക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ. ഇതിൽ പകുതി ഇൗ വർഷവും ബാക്കി അടുത്ത വർഷവും അനുവദിക്കാമെന്നു ധനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിലയിരുത്തലും അക്രഡിറ്റേഷനും സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിച്ച കോൺഫറൻസ് ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം.

യുജിസി അംഗീകാരത്തോടെ സ്വകാര്യ സർവകലാശാലകൾ കേരളത്തിലെത്തുന്നതു പ്രതിരോധിക്കാൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തണമെന്നു മന്ത്രി നിർദേശിച്ചു. അടുത്ത അധ്യയനവർഷം മുതൽ ഡിഗ്രി, പിജി കോഴ്സുകൾ സ്കൂൾ തുറക്കുന്ന ദിവസം തന്നെ തുടങ്ങും. സർവകലാശാലാ ചട്ടങ്ങൾ (സ്റ്റാറ്റ്യൂട്ട്) ഭേദഗതി ചെയ്തു സ്വാശ്രയ കോളജുകളെ സർവകലാശാലകളുമായി ബന്ധിപ്പിക്കും.

ലിംഗസമത്വം, സാമൂഹികനീതി ഉൾപ്പെടെ ഘടകങ്ങൾ കൂടി പരിഗണിച്ചാകും ഉന്നത വിദ്യാഭ്യാസ കൗൺസിലിനു കീഴിൽ നിലവിൽ വരുന്ന സ്റ്റേറ്റ് അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ സെന്റർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രേഡിങ് നിശ്ചയിക്കുകയെന്നും ജലീൽ പറഞ്ഞു. ‌ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ഡോ.രാജൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ.വി.കെ. രാമചന്ദ്രൻ, അംഗം ഡോ.ബി. ഇക്ബാൽ, കൗൺസിൽ മെംബർ സെക്രട്ടറി ഡോ.രാജൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.