കുട്ടികൾ ഇന്ന് അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണു മാതാപിതാക്കൾ നൽകുന്ന അമിതസമ്മർദം. പഠനത്തിൽ മിടുക്കനാകാനും എല്ലാവരെക്കാളും ഒന്നാമനാകാനും അവർ നിരന്തരം കുട്ടികളെ സമ്മര്‍ദത്തിലാഴ്ത്തുകയാണ്. എന്നാൽ കുട്ടികളെ അവരുടെ ഇഷ്ടത്തിനു വിട്ടാൽ അവർ തന്നെ അനുയോജ്യമായ വഴി കണ്ടെത്തുമെന്നു സ്വന്തം ജീവിതം ഉദാഹരണമാക്കി പറയുകയാണു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഋഷിരാജ് സിങ് ഐപിഎസ്. ഒരു ചാനൽ പരിപാടിയിലാണ് അദ്ദേഹം സ്വന്തം മകന്റെ ജീവിതം തുറന്നുപറഞ്ഞത്. ഋഷിരാജ് സിങ്ങിന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ മകനു പഠിക്കാൻ തീരെ താൽപര്യമില്ലായിരുന്നു. 52–60 ശതമാനം മാർക്ക് അതിനപ്പുറത്തേക്കു വിജയശതമാനം കടക്കില്ലായിരുന്നു. ഇത് എന്താണ് ഇങ്ങനെയെന്ന് ഒരിക്കല്‍ ഞാന്‍ ചോദിച്ചു. ‘എനിക്ക് ഇത്രയേ പഠിക്കാന്‍ പറ്റുകയുള്ളൂ’ എന്നായിരുന്നു അപ്പോള്‍ അവന്റെ മറുപടി. അതിന് ശേഷം കുട്ടിയോട് ഒന്നും ചോദിച്ചില്ല. നമ്മള്‍ എന്തിനാണ് ശല്യം ചെയ്യുന്നത്.

പ്ലസ് ടുവിന് 62 ശതമാനം മാർക്കു മാത്രമാണ് അവനുണ്ടായിരുന്നത്. ഇനി എന്താണെന്ന് പരിപാടിയെന്ന് ഞാൻ അവനോട്  ചോദിച്ചു. എന്നെ ഒരു അനിമേഷൻ ഡിപ്ലോമ കോഴ്സിന് ചേർത്താൽ മതിയെന്നും അതു കഴിഞ്ഞാൽ എന്തു ചെയ്യണമെന്ന് അറിയാമെന്നും അവൻ പറഞ്ഞു. അവന്റെ ആഗ്രഹപ്രകാരം ഇഷ്ടപ്പെട്ട കോഴ്സിനു ചേർത്തു. 

പഠനം കഴിഞ്ഞ് മുംബൈയിലുള്ള ഒരു ചെറിയ സ്റ്റുഡിയോയിൽ അവൻ ജോലിക്ക് കയറി. പിന്നീട് അവിടെ നിന്നു മറ്റൊരു വലിയ സ്റ്റുഡിയോയിലേക്കു മാറി. അവിടെ എന്താണ് അവൻ ചെയ്യുന്നതെന്നുപോലും എനിക്ക് അറിയില്ല. അതിനു ശേഷം ബെംഗളൂരുവിലുള്ള സ്റ്റീഫൻ സ്പിൽബെർഗ് അക്കാദമയിൽ പരീക്ഷ എഴുതി പ്രവേശനം ലഭിച്ചു. അവിടെ പഠിക്കുമ്പോൾ അവന്റെ മിടുക്കു കണ്ട് ഇന്റസ്റ്റിറ്റ്യൂട്ടുകാർ ലണ്ടനിലേക്ക് അയച്ചു.  ലണ്ടനിൽ നിന്ന് അവൻ പരീക്ഷ എഴുതി ചൈനയിലേക്ക് പോയി. ഇപ്പോൾ ചൈനയിലെ ഒരു വലിയ ആനിമേഷൻ സ്റ്റുഡിയോയിൽ ആർട്ടിസ്റ്റാണ്. പ്ലസ്ടു വിദ്യാഭ്യാസം മാത്രമാണ് മകനുള്ളത്. 

അവൻ എന്നെ പോലെ ഒരു ഐപിഎസ് ഓഫീസറാകണമെന്ന് ആവശ്യമില്ലാതെ സമർദ്ദം ചെലുത്തിയിരുന്നെങ്കിൽ ചിലപ്പോൾ അവൻ ആത്മഹത്യ ചെയ്യുകയോ വീടു വിട്ടു ഇറങ്ങിപ്പോകുകയോ ചെയ്തേനേ. നമ്മുടെ മക്കൾ നമ്മുടെ അടുത്തുണ്ടല്ലോ എന്ന് ആശ്വസിക്കാം. അവരുടെ കഴിവിന് അനുസരിച്ച് അവർ എന്തെങ്കിലും ആയിക്കോളും. എന്റെ അച്ഛൻ പൊലീസ് ഓഫിസറായിരുന്നു. അദ്ദേഹം ഒരിക്കൽപ്പോലും എന്നോട് പഠിക്കുന്നുണ്ടോയെന്നോ എന്ത് ആകണമെന്നോ ചോദിച്ചിട്ടില്ല– ഋഷിരാജ് സിങ് പറഞ്ഞു.