ആശുപത്രി ജീവിതം സമ്മാനിക്കുന്ന വേദനകൾ പലപ്പോഴും ശാരീരികം മാത്രമല്ല മാനസികവും കൂടിയാണ്. കടുത്ത വേദനയ്ക്കും മനസംഘർഷങ്ങൾക്കും ഇടയിൽ ചിരിപ്പിക്കാനും രസിപ്പിക്കാനും സർക്കസിലെ കോമാളികളെ പോലെ ചിലർ ആശുപത്രി വാർഡുകളിൽ കറങ്ങി നടന്നിരുന്നെങ്കിൽ നന്നായിരുന്നേനെ അല്ലേ? കോമാളികളെ (ക്ലൗൺ) ഉപയോഗിച്ചുള്ള ഈ വൈദ്യശാസ്ത്ര ചികിത്സയ്ക്ക് മെഡിക്കൽ ക്ലൗണിങ് എന്നാണ് പേര്. വിദേശ രാജ്യങ്ങളിലൊക്കെ പ്രചാരത്തിലുള്ള മെഡിക്കൽ ക്ലൗണിങ്ങിന് ഇന്ത്യയിലും പ്രചാരമേറുകയാണ്. 

പ്രഫഷണലായ മെഡിക്കൽ ക്ലൗണുകളെ പരിശീലിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഫെല്ലോഷിപ്പ് പ്രോഗ്രാമിനും ഇന്ത്യയിൽ തുടക്കമായി. ചെന്നൈയിലെ സവീതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ & ടെക്നിക്കൽ സയൻസസും പുതുച്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്ലൗൺ അക്കാദമിയും ചേർന്നാണ് 600 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് ആരംഭിച്ചിരിക്കുന്നത്.

ആരോഗ്യമേഖലയിൽ മാത്രമല്ല സ്കൂളുകളിലും കോർപ്പറേറ്റ് മേഖലയിലും ചിരി പടർത്താൻ പ്രാപ്തിയുള്ള പ്രഫഷണൽ കോമാളികളെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് കോഴ്സിൽ ചേരാനുള്ള യോഗ്യത. ചില കേസുകളിൽ ജീവിതാനുഭവങ്ങളും പരിഗണിക്കപ്പെടും. 

2019 ജൂലൈ 22നാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഇതിനുള്ള റജിസ്ട്രേഷൻ ജൂൺ 25ന് അവസാനിക്കും.