ഓർമയുണ്ടോ ആ കാലം? ഉച്ചയ്ക്ക് ബെല്ലടിക്കാൻ കാത്തുനിൽപ്പാണ്. ബെല്ലടിച്ചുകഴിഞ്ഞാൽ ക്ലാസിൽനിന്നിറങ്ങി ഒറ്റയോട്ടം.  മതിലിനോടു ചേർന്നുള്ള കൊച്ചുകടയിൽ ചിലർ കാത്തിരിപ്പുണ്ട്. 25 പൈസയുടെ നാരങ്ങാമിഠായി, ചവച്ചാലും ചവച്ചാലും കുഴയാത്ത ‘ജോക്കർ’ മിഠായി, പുളിയുടെ കയറ്റിറക്കമുള്ള പുളിമിഠായി... സിപ്പപ്പ് വലിച്ചു കുടിച്ചോ പാലൈസു നുണഞ്ഞോ ക്ലാസിലേക്ക് ഒരു തിരിച്ചു വരവ്. കയ്യിൽ പുരണ്ടതെല്ലാം ഷർട്ടിന്റെ രണ്ടുവശത്തും വീശിത്തേച്ചുള്ള ആ വരവ് ഒന്നുകാണേണ്ടതായിരുന്നു. അതിനായി പിശുക്കിപ്പിശുക്കിയുണ്ടാക്കിയ ചില്ലറത്തുട്ടുകൾ ബോക്സിന്റെ പ്ലാസ്റ്റിക് തട്ടിനടിയിൽ ഒളിച്ചുവച്ചിട്ടുണ്ടാവും. വേനലവധി കഴിഞ്ഞ് വീണ്ടും സ്കൂൾ തുറക്കാൻ പോവുകയാണ്. പക്ഷേ കാലം മാറി. ഇന്ന് കുട്ടികൾക്ക് 500 രൂപയെങ്കിലും കയ്യിലില്ലെങ്കിൽ ഒരുദിവസം തട്ടിമുട്ടി പോവാൻ ‘വല്ല്യ പാടാ’ണ്. 

ഐസല്ല ഐ ഫോൺ
നഗരത്തിലെ ഒരു എയ്ഡഡ് സ്കൂളാണ് രംഗം. ഇന്റർവെൽ സമയത്ത് ഏഴാം ക്ലാസുകാരൻ 60,000 രൂപ വിലയുള്ള പുതിയ മോഡൽ ഐഫോൺ പോക്കറ്റിൽനിന്ന് പുറത്തെടുത്തു. ഫോൺ തൊട്ടുനോക്കാൻ കൂട്ടുകാരുടെ ബഹളം. പിന്നെ സെൽഫി എടുക്കലായി, പരീക്ഷണങ്ങളായി. കുശുമ്പൻമാരായ ചില കൂട്ടുകാർ സംഗതി ടീച്ചറുടെ ചെവിയിലെത്തിച്ചു. ടീച്ചർ ക്ലാസിലെത്തി അന്വേഷണം നടത്തിയപ്പോൾ ഐഫോൺ കിട്ടി. സ്കൂളിൽനിന്നൊരു വിളി കിട്ടിയപ്പോൾ രക്ഷിതാവ് പറന്നെത്തി. അച്ഛനും അമ്മയും വാങ്ങിക്കൊടുത്ത ഫോണല്ല. അവർ അധികം പണം കുട്ടിക്കു നൽകാറുമില്ല. പിന്നെ ഐഫോൺ വാങ്ങാനുള്ള പണം എങ്ങനെ കുട്ടിക്കു കിട്ടി എന്നതായി സംശയം.

ടീച്ചർ വിശദമായി ചോദ്യം ചെയ്തപ്പോൾ‍ കഥ പുറത്തുവന്നു. ദിവസേന അച്ഛന്റെ പോക്കറ്റിൽനിന്ന് ശരാശരി 500 രൂപ വീതം അടിച്ചുമാറ്റും. ഇങ്ങനെ  ശേഖരിച്ചുവച്ച സമ്പാദ്യമാണ് ഐഫോണായി പോക്കറ്റിൽ കിടക്കുന്നത്. 

ഉത്തരച്ചിലങ്ക
ഇത്തവണ പത്താംക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ നോക്കിയ ക്യാംപിലാണ് മറ്റൊരു സംഭവം. ഉത്തരക്കടലാസിന്റെ കെട്ടിനകത്ത് ചെറിയൊരു പ്ലാസ്റ്റിക് കൂടും തുന്നിക്കെട്ടിയിരിക്കുന്നു. 

കൂടിനകത്ത് സ്വർണത്തിന്റെ ഒരുജോടി പാദസരവും പിന്നൊരു കുറിപ്പും. ‘ഈ ഒരു തരി പൊന്നു മാത്രമേ തരാനുള്ളൂ. ഗുരുദക്ഷിണയായി സ്വീകരിച്ച് പാസ് മാർക്കെങ്കിലും നൽകാൻ ദയ കാണിക്കണം.’ ഉത്തരക്കടലാസിലെ കോഡ്നമ്പർ വച്ച് കുട്ടിയെ കണ്ടെത്തിയിട്ടുണ്ട്. പാദസരം  തിരിച്ചു നൽകാനാണ് തീരുമാനം; കൂട്ടത്തിൽ ഫ്രീയായിട്ട് കുറച്ച് ഉപദേശവും. 

ഈ വർഷത്തെ ഉത്തരക്കടലാസുകൾക്കൊപ്പം ആയിരക്കണക്കിനു രൂപയാണ് ഓരോ മൂല്യനിർണയ ക്യാംപിലും ലഭിച്ചത്. 50 രൂപ മുതൽ 2000 രൂപ വരെ ഉത്തരക്കടലാസിൽ തിരുകിവച്ച വീരൻമാരുണ്ട്. ഈ പണം എന്തുചെയ്യണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.

‘ചായേം വടേം’!
നഗരത്തിലെ മറ്റൊരു സ്കൂളിൽ നടന്നത് ഇങ്ങനെ. സ്കൂൾ കന്റീനിൽ ഒരു ദിവസം കിടിലൻ വിരുന്ന്. രണ്ടാംക്ലാസിലെ പീക്കിരിപിള്ളേർ എല്ലാവരുമുണ്ട്. അവരുടെ സൂപ്പർ ഹീറോ ആണ് മൂന്നാംക്ലാസുകാരൻ ചേട്ടൻ. തന്റെ ആരാധകവൃന്ദത്തിന് കന്റീനിൽനിന്ന് വടയും ചായയുമാണ് കക്ഷി വാങ്ങിക്കൊടുക്കുന്നത്. ടീച്ചറുടെ ചോദ്യം ചെയ്യലിനുമുന്നിൽ നമ്മുടെ കക്ഷി കിടിലൻ ഡയലോഗുമടിച്ചു. 

‘എന്റെ അച്ഛന്റെ പോക്കറ്റിൽ കിടക്കുന്ന പണം. അതിന് എന്റെ പണം, അച്ഛന്റെ പണം  എന്നൊന്നുമില്ലല്ലോ. കാശു വീശാതെ ഇവൻമാരുടെ മുന്നിൽ ‘ഷൈൻ ചെയ്യലൊന്നും’  നടക്കില്ല !’   

പണവഴികൾ
വിദ്യാർഥി ക്ലാസുകഴിഞ്ഞ് വരുമ്പോൾ അടുത്തുള്ള കൂൾബാറിൽകയറി ഒരു മിൽക് ഷെയ്ക്കും ബർഗറും കഴിച്ചാൽ ശരാശരി  200 രൂപയാവും. ഇന്നലെ ബർഗർ വാങ്ങിത്തന്ന കൂട്ടുകാരനു/കൂട്ടുകാരിക്ക് ഇന്നു തിരിച്ച് വാങ്ങിക്കൊടുത്തില്ലെങ്കിൽ‍ മറ്റുള്ളവരുടെമുന്നിൽ നാറ്റിക്കുമെന്നത് ഉറപ്പ്. അതുകൊണ്ട് ശരാശരി 500 രൂപയില്ലാതെ ഒരു ദിവസം പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് നഗരമധ്യത്തിലെ ഒരു സ്കൂളിലെ വിദ്യാർഥി പറഞ്ഞത്. 

ഈ പണം അച്ഛനോ അമ്മയയോ കൊടുക്കില്ലെന്നത് ഉറപ്പാണ്. പിന്നയുള്ള വഴി മോഷണമാണ്. പണത്തിന് അത്യാവശ്യക്കാരായ കുട്ടികളെകാത്ത് അനേകം കുറുക്കൻമാർ പുറത്തുനിൽപ്പുണ്ട്. ലഹരി മരുന്ന്് വിതരണത്തിന് സ്കൂൾ കുട്ടികളെ വാഹകരായി ഉപയോഗിക്കുന്നതായി അനേകതവണ കണ്ടെത്തിയതാണ്. വളരെ ചുരുങ്ങിയ ചെലവിൽ ആർക്കും സംശയം തോന്നാതെ ലഹരി മരുന്ന്് പാക്കറ്റുകൾ വിൽപന  നടത്താനും കൈമാറ്റം ചെയ്യാനും യൂണിഫോം ധരിച്ച കുട്ടികളെ ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. 

40 രൂപ മുതൽ 100 രൂപ വരെയാണത്രേ പല കുട്ടികൾക്കും പ്രതിഫലം നൽകുന്നത്.ആശങ്കകൾ ഒഴിയുന്നില്ല. ഈ പ്രതിസന്ധികൾക്ക് എങ്ങനെ തടയിടാം എന്നതിന് ഉത്തരവുമില്ല. ചെലവിനുള്ള പണം കണ്ടെത്താൻ കുട്ടികൾ വഴിതെറ്റിപ്പോവുന്നത് എങ്ങനെ തടയാം എന്ന ആലോചനയിലാണ് നഗരത്തിലെ സ്കൂൾ അധികൃതർ.