പൊതു വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസിലെ വിദ്യാർഥികളുടെ എണ്ണത്തിൽ ഈ വർഷം നേരിയ കുറവുണ്ടായെങ്കിലും ആകെയുള്ള വിദ്യാർഥികളുടെ എണ്ണം വർധിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിച്ചതിനു ശേഷം  മൂന്നു വർഷത്തിനുള്ളിൽ 5.05 ലക്ഷം കുട്ടികളാണു പൊതു വിദ്യാഭ്യാസ മേഖലയിൽ പുതിയതായി വന്നത്.

ഒന്നാം ക്ലാസിൽ ഈ വർഷം  വന്നത് 3.17 ലക്ഷം കുട്ടികളാണ്. കഴിഞ്ഞ വർഷം 3.24 ലക്ഷം ആയിരുന്നു. ഒന്നു മുതൽ 10 വരെ  ക്ലാസുകളിലെ ആകെ വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞ വർഷം 37.03 ലക്ഷം . ഇക്കൊല്ലം 37.16  ലക്ഷം ആയി. ആറാം പ്രവൃത്തി ദിവസത്തെ പ്രാഥമിക കണക്കുകൾ അനുസരിച്ച്   ഈ അധ്യയനവർഷം സർക്കാർ, എയ്ഡഡ് മേഖലകളിൽ പുതിയതായി പ്രവേശനം നേടിയത് 1.63 ലക്ഷം കുട്ടികളാണ്.അൺ എയ്ഡഡ് മേഖലയിൽ 38,000ലേറെ കുട്ടികളുടെ കുറവുണ്ടായി. സർക്കാർ മേഖലയിൽ 11.69 ലക്ഷവും എയ്ഡഡ് മേഖലയിൽ 21.58 ലക്ഷവും അൺ എയ്ഡഡ് മേഖലയിൽ 3.89 ലക്ഷവുമായി മൊത്തം 37.16 ലക്ഷം കുട്ടികളാണ് ‘സമ്പൂർണ’യിൽ രേഖപ്പെടുത്തിയത്. 

സർക്കാർ, എയ്‍‍ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസിൽ ഒഴികെ എല്ലാ ക്ലാസുകളിലും വിദ്യാർഥികൾ കൂടിയപ്പോൾ അൺഎയ്‍ഡഡ് സ്കൂളുകളിൽ എല്ലാ ക്ലാസുകളിലും കുട്ടികൾ കുറഞ്ഞു. ഇതു മൂലം എയ്ഡഡ് സ്കൂളുകളിലെ അധ്യാപക തസ്തികകളിൽ വൻതോതിലുള്ള കുറവ് ഉണ്ടാകുമെന്നു കരുതുന്നില്ല.

പ്രാഥമിക കണക്കുകൾ അനുസരിച്ചു സർക്കാർ എയ്ഡഡ് മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പുതിയതായി ചേർന്നത് അഞ്ചാം ക്ലാസിലാണ്, 44,636 പേർ. എട്ടാം ക്ലാസിൽ 38,492 കുട്ടികളുടെ വർധനയുണ്ടായി. ഏറ്റവുമധികം വിദ്യാർഥികളുള്ളതു മലപ്പുറം ജില്ലയിലും (7.39 ലക്ഷം) കുറവ് പത്തനംതിട്ട ജില്ലയിലുമാണ്(85,000).  കണക്ക് ഔദ്യോഗികമായി പിന്നീട് പ്രസിദ്ധീകരിക്കും.