എഴുതിയാൽ തീരാത്ത സ്നേഹവിശേഷങ്ങളുമായി ഏഴാണ്ടു പിന്നിട്ട നല്ലപാഠം പുതിയ അധ്യയനവർഷത്തിലേക്ക്. പ്രളയം സർവതും തിരുത്തിയെഴുതിയ പോയവർഷം സങ്കടങ്ങളിൽ ആകെമുങ്ങിയ മനുഷ്യരെ ജീവിതത്തിന്റെ ഇത്തിരിവെട്ടത്തിലേക്കു തിരികെ എത്തിച്ചതിൽ നല്ലപാഠം വിദ്യാർഥികൾക്കും അധ്യാപകർക്കുമുണ്ട് വലിയ പങ്ക്. ആ സന്തോഷവുമായാണ് നല്ലപാഠം നവവർഷത്തിനു തുടക്കം കുറിക്കുന്നത്.

മാലിന്യമുക്തമായ, വാസയോഗ്യമായ, ഹരിതസമൃദ്ധമായൊരു പുതുകേരളത്തിനായി ഇക്കൊല്ലം നമുക്ക് അണിചേരാം; പ്രകൃതിദുരന്തങ്ങൾക്കു മുൻപിൽ തോറ്റുപോകാത്തൊരു നാടിനെ സൃഷ്ടിക്കാം. നല്ലപാഠം പദ്ധതിയുടെ ഈ വർഷത്തെ മുഖ്യദൗത്യം ഇതാണ്: നല്ല കേരളം – കുട്ടികൾ പുനർനിർമിക്കുന്ന പരിസ്ഥിതി സൗഹൃദ കേരളം.

പരിസ്ഥിതിസൗഹൃദജീവനത്തിന്റെ ആശയം സമൂഹത്തിലെത്തിക്കാനും ഭാവിയിൽ കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തിലേക്കു നടന്നടുക്കാനുമുള്ള കർമപദ്ധതിയാണിത്. പ്ലാസ്റ്റിക് പുനരുപയോഗത്തിന്റെ സാധ്യതകൾ തിരിച്ചറിയാനും പുതിയ ഉത്പന്നങ്ങൾ നിർമിക്കാനും പഠനത്തിനൊപ്പം ശ്രമിക്കാം. വിദ്യാലയത്തിനും പാഠപുസ്തകങ്ങൾക്കും അപ്പുറം സ്വയംപര്യാപ്തതയുടെ പാഠങ്ങളും ശീലിക്കാം.

നല്ലപാഠത്തിൽ ചേരാൻ

സ്കൂളിന്റെയും രണ്ട് അധ്യാപക കോ– ഓർഡിനേറ്റർമാരുടെയും പേരും ഫോൺനമ്പറും അറിയിക്കുക.

വിവരങ്ങൾക്ക് നല്ലപാഠം ജില്ലാ കോ– ഓർഡിനേറ്ററെ വിളിക്കാം. ഫോൺ: 9400627730