പരീക്ഷാക്രമക്കേടിനെത്തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ശിവരഞ്ജിത്തിനെയും പ്രണവിനെയും പിഎസ‌്സി അയോഗ്യരാക്കിയപ്പോൾ സിവിൽ പൊലീസ് ഓഫീസർ കാസർഗോഡ് പരീക്ഷയിൽ കണ്ണൂർ പടിയൂർ സ്വദേശി എം. അമൽ ഒന്നാമനായി. റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ശിവരഞ്ജിത്തിന് എഴുത്തു പരീക്ഷയിൽ 78.33 മാര്‍ക്കാണ് ലഭിച്ചത്. ഇതിൽ 13.58 മാര്‍ക്ക് സ്പോർട്സ് വെയിറ്റേജായി കിട്ടിയതാണ്. രണ്ടാം റാങ്കുകാരനായ പ്രണവിന് എഴുത്തുപരീക്ഷയിൽ 78 മാർക്കാണ് ലഭിച്ചത്. ഇവർ അയോഗ്യരാക്കപ്പെട്ടതോടെ 71 മാർക്ക് നേടിയ അമൽ എഴുത്തു പരീക്ഷയിൽ ഒന്നാം സ്ഥാനം ലഭിച്ചു. 

ബികോം പാസായശേഷം ഒരു വര്‍ഷം കൂലിപ്പണിയെടുത്താണ് അമൽ പി.എസ്.സി. പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസിൽ പഠിക്കാൻ പണം സ്വരൂപിച്ചത്. തലശ്ശേരിയിൽ മിൽമ ബൂത്ത് നടത്തുന്ന ചെമ്മഞ്ചേരി പ്രകാശന്റെയും ഓമനയുടെയും മകനാണ്.

ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് പഠിച്ചത്. രണ്ടു വർഷത്തോളം പിഎസ്‌സി പഠനത്തിനായി ചിലവഴിച്ചു. ആറു മാസത്തോളം ഫിസിക്കൽ ടെസ്റ്റിന് പ്രാക്ടീസ് ചെയ്തിട്ടുണ്ടെന്നും അമൽ പറഞ്ഞു. റാങ്കു ലിസ്റ്റ് റദ്ദാക്കണമെന്നൊക്കെ ആവശ്യമുയരുമ്പോൾ ആശങ്കയുണ്ട്. കുറ്റക്കാർ ശിക്ഷിക്കപ്പെടണം. റാങ്കു ലിസ്റ്റിനെ ബാധിക്കാത്തവിധത്തിലൂടെയുള്ള ഒരു അന്വേഷണമാണ് വേണണ്ടതെന്നും അമൽ കൂട്ടിച്ചേർത്തു.