തൊഴിലധിഷ്‌ഠിത പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് ഇൻ വുഡ് & പാനൽ പ്രോഡക്‌റ്റ്‌സ് ടെക്‌നോളജി പഠിക്കാൻ സൗകര്യമുള്ള സ്‌ഥാപനമാണ് കേന്ദ്ര പരിസ്‌ഥിതി, വന, കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഐപിഐആർടിഐ  (IPIRTI : Indian Plywood Industries Research & Training Institute, PB 2273, HMT Link  Road, Bengaluru-560 022; Ph: 080 - 30534000; Web site: www.ipirti.gov.in; e-mail: contactus@ipirti.gov.in).

ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിഎച്ച്ഡി ഗവേഷണത്തിനും ഇവിടെ സൗകര്യമുണ്ട്. തടി ഉൽപന്നങ്ങളുടെയെന്നപോലെ മിശ്രപദാർത്ഥങ്ങളുടെയും (കോമ്പസിറ്റുകൾ) ഗവേഷണ വികസനങ്ങൾ, ബന്ധപ്പെട്ട പരിശീലനം എന്നിവയും ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനമേഖലയിൽപ്പെടും. 

പ്രൊ‍ഡക്‌ഷൻ / ക്വാളിറ്റി / മാർക്കറ്റിങ് മാനേജർ, കെമിസ്റ്റ് തസ്തികകളിൽ പ്രവർത്തിക്കാൻ കഴിയും. കോഴ്‌സിന്റെ ഭാഗമായി ഇൻപ്ലാന്റ് ട്രെയിനിങ്ങും ഏർപ്പെടുത്തും.

യോഗ്യത: കെമിസ്ട്രി, ഫിസിക്സ്, മാത്‌സ്, എൻജിനീയറിങ്, ആഗ്രിക്കൾച്ചർ, ഫോറസ്ട്രി ബിരുദധാരികൾക്ക് അപേക്ഷിക്കാം. 2019 നവംബർ ഒന്നിന് 28 വയസ്സ് കവിയരുത്. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്കും സ്പോൺസർ ചെയ്തെത്തുന്നവർക്കും പ്രായപരിധിയിൽ ‌ഇളവുണ്ട്. ‌

മറ്റു വ്യവസ്‌ഥകൾ: ബി എസ്‌സി / ബി ടെക് മാർക്ക് ആധാരമാക്കി, ദേശീയതലത്തിലാണ് സിലക്‌ഷൻ. കോഴ്‌സ് നവംബർ ‌ആദ്യവാരം തുടങ്ങും.  അപേക്ഷാഫോം സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്‌തു പൂരിപ്പിച്ച് IPIRTI CORPUSFUND എന്ന പേരിൽ ബെംഗളൂരുവിൽ മാറാവുന്ന 500 രൂപയുടെ ഡ്രാഫ്‌റ്റും സർട്ടിഫിക്കറ്റ് / മാർക്‌ലിസ്റ്റ് ഫോട്ടോക്കോപ്പികളും സഹിതം 31ന് അകം ഇൻസ്‌റ്റിറ്റ്യൂട്ടിലെത്തിക്കുക.