ബോയ്‌സ് ഓണ്‍ലി, ഗേള്‍സ് ഓണ്‍ലി, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു പഠിക്കുന്ന കോ-എഡ് അഥവാ മിക്‌സഡ് സ്‌കൂള്‍ എന്നിങ്ങനെ ജെന്‍ഡറിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകളെ പലതായി തിരിക്കാറുണ്ട്. ഇവയില്‍ ഏതു സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളാകും പഠന നിലവാരത്തിന്റെ കാര്യത്തില്‍ പൊതുവേ മുന്നില്‍? നമ്മുടെ നാട്ടിലെ ഗേള്‍സ് സ്‌കൂളുകളും കോളജുകളും കണ്ട പരിചയം വച്ചു കൊണ്ടു ഗേള്‍സ് സ്‌കൂള്‍ എന്ന ഉത്തരമാകും ഉടനടി നമ്മുടെ നാവില്‍ വരിക. എന്നാല്‍ ഡല്‍ഹിയിലെ ബോര്‍ഡ് എക്‌സാം ഫലങ്ങള്‍ വന്നപ്പോള്‍ അവിടുത്തെ സര്‍ക്കാര്‍ പുറത്തു വിട്ട സ്ഥിതിവിവരക്കണക്കു പരിശോധിച്ചാല്‍ മറ്റൊരു ചിത്രമാണു തെളിയുന്നത്. ഈ കണക്കുകള്‍ പറയുന്നത്  മിക്‌സഡ് സ്‌കൂളുകളാണ് അക്കാദമിക നിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്നാണ്.

ഡല്‍ഹിയിലെ കോ-എജ്യുക്കേഷണല്‍ സ്‌കൂളുകള്‍ പത്താം ക്ലാസു പരീക്ഷയില്‍ 88.16 ശതമാനം വിജയം നേടിയപ്പോല്‍ ഗേള്‍സ്, ബോയ്‌സ് സ്‌കൂളുകളുടെ കാര്യത്തില്‍ ഇതു യഥാക്രമം 82 ശതമാനവും 74.8 ശതമാനവുമായിരുന്നു. പ്ലസ് ടു തലത്തിലാകട്ടെ മിക്‌സഡ് സ്‌കൂളുകള്‍ 98.03 ശതമാനം വിജയം കൈവരിച്ചു. ഗേള്‍സ് ഓണ്‍ലി, ബോയ്‌സ് ഓണ്‍ലി സ്‌കൂളുകളില്‍ ഇതു യഥാക്രമം 97.42 ശതമാനവും 93.42 ശതമാനവുമാണ്. 

പഠനത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടികളാണു മിടുക്കികളെങ്കിലും കണക്കിന്റെ കാര്യത്തില്‍ ആണ്‍കുട്ടികള്‍ക്കു പൊതുവേ ഒരു മേല്‍ക്കൈയുണ്ടായിരുന്നു. 2018ലെ പത്താം ക്ലാസ് ഫലത്തില്‍ ആണ്‍കുട്ടികളുടെ കണക്കിലെ വിജയശതമാനം 77.27 ഉം പെണ്‍കുട്ടികളുടേത് 73.78 ഉം ആയിരുന്നു. എന്നാല്‍ ഇത്തവണ ആ ട്രെന്‍ഡും പെണ്‍കുട്ടികള്‍ മറികടന്നതായി ഡല്‍ഹി ഗവണ്‍മെന്റ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തവത്തെ പത്താം ക്ലാസ് കണക്ക് പരീക്ഷയില്‍ പെണ്‍കുട്ടികള്‍(83.92 ശതമാനം) ആണ്‍കുട്ടികളെക്കാള്‍(78.78 ശതമാനം) മികച്ച പ്രകടനം കാഴ്ച വച്ചു. 

മിക്‌സഡ് സ്‌കൂളുകളാണോ സിങ്കിള്‍ സെക്‌സ് സ്‌കൂളുകളാണോ മികച്ചത് എന്ന തര്‍ക്കത്തിന് സാമ്പ്രദായിക വിദ്യാഭ്യാസത്തിന്റെ അത്ര തന്നെ പഴക്കമുണ്ടാകണം. ഇന്ത്യയ്ക്കകത്തും പുറത്തും ഈ വിഷയത്തില്‍ നിരവധി തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലിംഗ വിവേചനമുണ്ടാകാത്തതിനാല്‍ സിങ്കിള്‍ സെക്‌സ് സ്‌കൂളുകളാണ് വിദ്യാർഥികള്‍ക്കു ഗുണം ചെയ്യുകയെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ എതിര്‍ ലിംഗത്തിലുള്ളവരുമായി ഇടപഴകാതെ വളരുന്നത് കുട്ടികളുടെ സാമൂഹിക നൈപുണ്യങ്ങളെ ബാധിക്കുമെന്ന എതിര്‍വാദവും ഉയരുന്നു. ലോകമെമ്പാടും ഈ വിഷയത്തില്‍ നടക്കുന്ന പഠനങ്ങളുടെ ഒപ്പം ഇടം പിടിക്കുകയാണ് ഡല്‍ഹി ഗവണ്‍മെന്റ് ഇപ്പോല്‍ പുറത്തു വിട്ടിരിക്കുന്ന കണക്കുകള്‍.