മഴയെന്നോ വെയിലെന്നോ മഞ്ഞെന്നോ ഇല്ലാതെ രാത്രിയും പകലും ട്രാഫിക്ക് നിയന്ത്രിക്കുന്ന പോലീസുകാരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ട്രാഫിക്ക് കൈകാര്യം ചെയ്യാന്‍ മാത്രമല്ല മറ്റു പല കാര്യങ്ങളിലും ദിശാസൂചിയാകാന്‍ കൂടി തങ്ങള്‍ക്കു പറ്റുമെന്നു തെളിയിക്കുകയാണ് അഹമ്മദാബാദിലെ ട്രാഫിക്ക് പോലീസ്. വഴിവക്കത്ത് അന്തിയുറങ്ങുന്ന കുട്ടികളെ സൗജന്യമായി പഠിപ്പിച്ച് അവരെ ഔപചാരിക വിദ്യാഭ്യാസത്തിലേക്കു കൈപിടിച്ചുയര്‍ത്തുക എന്ന വലിയ ദൗത്യമാണ് ഇവിടുത്തെ പോലീസുകാര്‍ ഏറ്റെടുത്തിരിക്കുന്നത്. 

പോലീസ് പാഠശാലയെന്നാണ് ഈ സംരംഭത്തിന്റെ പേര്. നഗരത്തിലെ പാതയോരങ്ങളില്‍ അന്തിയുറങ്ങുകയും ജീവിക്കാനായി ചില്ലറ ജോലികളൊക്കെ ചെയ്യുന്നവരുമായ 200 ഓളം കുട്ടികളെയാണ് അഹമ്മദാബാദിലെ ട്രാഫിക്ക് പോലീസുകാര്‍ പഠിപ്പിക്കുന്നത്. അഹമ്മദാബാദിലെ മൂന്നു കേന്ദ്രങ്ങളില്‍ ഇപ്പോള്‍ പോലീസ് പാഠശാല നടക്കുന്നു. ഈ കേന്ദ്രങ്ങളിലേക്കു കുട്ടികളെ എത്തിക്കുന്നതിനു സൈക്കിള്‍ റിക്ഷകളും പോലീസുകാര്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. പഠിക്കുന്ന സമയത്ത് ഇവര്‍ക്ക് ഉച്ചഭക്ഷണവും നല്‍കാറുണ്ട്. 

നഗരത്തെരുവുകളില്‍ ജീവിക്കുന്ന കുട്ടികളില്‍ പലരും ക്രിമിനില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു ട്രാഫിക്ക് പോലീസ് ഇത്തരമൊരു ഉദ്യമത്തെ കുറിച്ചു ചിന്തിച്ചത്. കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതു വഴി നല്ല ജീവിതം നയിക്കാന്‍ അവരെ പ്രാപ്തരാക്കാന്‍ സാധിക്കുമെന്നു ട്രാഫിക്ക് പോലീസുകാര്‍ ഉറച്ചു വിശ്വസിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസം നല്‍കിയ ശേഷം കുട്ടികളെ സാധാരണ സ്‌കൂളുകളിലേക്ക് എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.