ഇനി സ്കൂളിൽ കുട്ടികൾ ഉച്ചയൂണു വിളമ്പില്ല. ഭക്ഷണം പാചകം ചെയ്യാനോ വിളമ്പാനോ കുട്ടികളെ ഉപയോഗിക്കരുതെന്ന കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. ഓണാവധിക്കുശേഷം ഉത്തരവു നടപ്പിലാകും. 

സ്കൂളുകളിൽ പാചകത്തൊഴിലാളികളാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇതു വിതരണം ചെയ്യാൻ അധ്യാപകരും വിദ്യാർഥികളും സജീവമാണ്. പല സ്കൂളുകളിലും ചോറും കറികളും പാത്രങ്ങളിലും ബക്കറ്റുകളിലുമാക്കി ക്ലാസ്മുറികളിലേക്കു കൊണ്ടുവരാൻ വിദ്യാർഥികൾക്കു ചുമതല നൽകാറുണ്ട്. ക്ലാസിൽ ഇതു വിളമ്പിക്കൊടുക്കുന്നതും കുട്ടികളാണ്. സ്റ്റുഡന്റ് പൊലീസിന്റെയും സ്കൗട്ടുകളുടെയും എൻസിസിയുടെയും സഹായവും തേടാറുണ്ട്. എന്നാൽ, ഇത് നിയമവിരുദ്ധവും ഉച്ചഭക്ഷണ പദ്ധതിയുടെ ചട്ടങ്ങളുടെ ലംഘനവുമാണെന്നു വകുപ്പ് അധികൃതർ പറയുന്നു. 

ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച് കൃത്യമായ നിബന്ധനകളാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരുന്നത്. സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ള സ്കൂളുകളിലും  ഇതേ നിബന്ധനകൾ‍ പാലിക്കണമെന്നാണ് നിർദേശം. ഇതനുസരിച്ച് ഭക്ഷണം പാചകം ചെയ്യാനോ വിതരണം ചെയ്യാനോ സ്കൂൾ മോണിറ്ററിങ് കമ്മിറ്റി, അധ്യാപക രക്ഷാകർതൃസമിതി എന്നിവയുടെ സഹായം തേടാം. ആവശ്യത്തിനു പാചകക്കാരെയും സഹായികളെയും നിയമിക്കുകയും ചെയ്യാം.

ഈ സാഹചര്യത്തിലാണ്  ഓണാവധി കഴിഞ്ഞു സ്കൂൾ തുറക്കുന്നതു മുതൽ  ഉച്ചഭക്ഷണം വിളമ്പാൻ കുട്ടികളെ ഉപയോഗിക്കരുതെന്ന് എല്ലാ പ്രധാനാധ്യാപകർക്കും വകുപ്പ് കർശന നിർദേശം നൽകിയത്.