കുട്ടികളുടെ പഠന മികവ് നോക്കി അധ്യാപകര്‍ അവര്‍ക്ക് ഗ്രേഡിങ് നല്‍കുന്നതൊക്കെ പഴയ രീതി. ഇപ്പോള്‍ കുട്ടികള്‍ തിരിച്ച് അധ്യാപകര്‍ക്ക് മാര്‍ക്കിടാന്‍ തുടങ്ങിയിരിക്കുന്നതാണ് പുതിയ വാര്‍ത്ത. അധ്യാപകരുടെ ക്ലാസിലെ പ്രകടനം വിലയിരുത്താന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുന്ന സംവിധാനത്തെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നത് ഒറീസ ഗവണ്‍മെന്റാണ്.

കുട്ടികള്‍ നല്‍കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ അധ്യാപകരുടെ അപ്രൈസലുകള്‍ നടത്തി ഇന്‍ക്രിമെന്റുകള്‍ നല്‍കാനാണ് ഒറീസ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ചില ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. 

10 പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ പ്രതികരണങ്ങള്‍ നല്‍കേണ്ടതാണ്. ഓരോ ക്ലാസിലും സൂക്ഷിക്കുന്ന രജിസ്റ്ററില്‍ അധ്യാപകര്‍ ക്ലാസില്‍ കയറിയ സമയവും ഇറങ്ങിയ സമയവും അവര്‍ പഠിപ്പിച്ച വിഷയങ്ങളും ക്ലാസിലുണ്ടായിരുന്ന വിദ്യാർഥികളുടെ എണ്ണവുമൊക്കെ രേഖപ്പെടുത്തണം. 

ഓരോ ക്ലാസ് കഴിയുമ്പോഴും വിദ്യാർഥികള്‍ക്ക് അധ്യാപകരെ കുറിച്ചുള്ള തങ്ങളുടെ പ്രതികരണം നല്‍കാം. പഠിപ്പിക്കുന്നത് മനസ്സിലാകുന്നുണ്ടോ, ബുദ്ധിമുട്ടേറിയ രീതിയിലാണോ ക്ലാസ് നടത്തിയത് എന്നെല്ലാം കുട്ടികള്‍ക്ക് എഴുതി നല്‍കാം. കുട്ടികളുടെ പ്രതികരണം ക്ലാസ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായകമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്കൂട്ടല്‍. ക്ലാസില്‍ അധ്യാപകരുടെ മൊബൈല്‍ ഫോണുകള്‍ നിരോധിക്കാനും വകുപ്പ് ആലോചിക്കുന്നുണ്ട്.