അധ്യാപകരുടെ സ്നേഹം നിറഞ്ഞ ആശംസാ കാർഡ് കിട്ടുക, സ്കൂൾ അസംബ്ലിയിൽ കിരീടമണിഞ്ഞ് ഒരു രാജകുമാരനോ രാജകുമാരിയോ ആയി നിൽക്കുക, കുട്ടികളെല്ലാവരും ചേർന്നു തനിക്കായി പാടുന്ന ഗാനം കേട്ട് അങ്ങനെ ആകാശത്തോളമുയരുക, സ്വന്തം പേരിലൊരു ചെടി സ്കൂൾ മുറ്റത്തു നടുക... ഇതിലുമേറെ സന്തോഷം ഒരു കുട്ടിക്കു തന്റെ പിറന്നാൾ ദിനത്തിലുണ്ടാവില്ല. അത്തരമൊരു മനോഹരമായ കാഴ്ചയുണ്ട്, അടൂർ പറക്കോട് ഏഴംകുളം ജിഎൽപി സ്കൂളിൽ. അഞ്ചാം ക്ലാസ് വരെ 218 കുഞ്ഞുങ്ങൾ പഠിക്കുന്ന ഈ പൊതുവിദ്യാലയത്തിൽ എല്ലാവർക്കുമുണ്ട് പിറന്നാൾ ആഘോഷം. 

അധ്യാപകരുടെയും സ്കൂളിന്റെയും പേരിലുള്ള ആശംസാകാർഡ് 2 ദിവസം മുൻപേ കുട്ടികളുടെ വീട്ടിലെത്തും. ‘വീട്ടുകാർ പറയുന്നതിനു മുൻപേ ടീച്ചർമാരുടെ പിറന്നാളാശംസ എത്തുമ്പോൾ ഞങ്ങൾക്കു വലിയ സന്തോഷമാണ്’– നാലാം ക്ലാസ് വിദ്യാർഥിയായ ആദിത്യന്റെയും മൂന്നാം ക്ലാസുകാരി ലക്ഷ്മി കൃഷ്ണയുടെയും വാക്കുകളിലുണ്ട് അത്.

സ്കൂളിലെ പ്രധാനാധ്യാപകൻ വി. എൻ. സദാശിവൻ പിള്ളയുടെ ആശയമാണിത്. 2 വർഷം മുൻപ് അദ്ദേഹം ഏഴംകുളത്തു ചുമതലയേൽക്കുമ്പോൾ കുട്ടികളുടെ എണ്ണം 86 ആയിരുന്നു. ഇപ്പോൾ 218. കുഞ്ഞുങ്ങളുടെ വലിയ സന്തോഷത്തിനായി തുടങ്ങിയ ചെറിയ ശ്രമങ്ങളുടെ ഫലം.  മികച്ച അധ്യാപകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് സദാശിവൻ പിള്ള. ‘ഇതുമൊരു പുരസ്കാരം തന്നെ’ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അധ്യാപകരും പിടിഎയും സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പും നൽകുന്ന പിന്തുണ വേറെ.

വിശേഷാവസരങ്ങളിൽ രക്ഷാകർത്താക്കൾക്കും ജീവനക്കാർക്കും സ്കൂളുമായി ബന്ധപ്പെട്ടവർക്കുമെല്ലാം ആശംസാകാർഡ് അയയ്ക്കാറുണ്ട്. അങ്ങനെ സ്നേഹക്കുറിപ്പുകളിലൂടെ നാടിനെ ചേർത്തുനിർത്തുന്നു, ഈ പൊതുവിദ്യാലയം.