സ്‌കൂളുകളിലേക്കുള്ള ഐടി ഉപകരണങ്ങൾ വാങ്ങുന്നതിൽ സുതാര്യത ഉറപ്പാക്കാനും അനാവശ്യവും വിലകൂടിയതുമായ ഉപകരണങ്ങൾ വാങ്ങുന്നതു തടയാനും സർക്കാർ പുതിയ മാർഗനിർദേശങ്ങളിറക്കി. സ്‌കൂളുകളിൽ ഇനി ലാപ്ടോപ് മാത്രമേ വാങ്ങാനാകൂ. ഡെസ്ക്ടോപ് കംപ്യൂട്ടർ, ഇന്ററാക്ടീവ് വൈറ്റ് ബോർഡ്, സ്മാർട് ടിവി പോലുള്ളവ സർക്കാർ ഫണ്ട് ഉപയോഗിച്ചു വാങ്ങാൻ കഴിയില്ല. 

ഹൈടെക്  ലാബ് പദ്ധതിക്കായി ഒരുമിച്ചുവാങ്ങുമ്പോഴുള്ള (ബൾക് പർച്ചേസ്) വിലക്കുറവു ലഭിക്കും. ലാപ്‌ടോപ്, പ്രൊജക്ടർ, സ്ക്രീൻ, യുഎസ്ബി സ്പീക്കർ, പ്രൊജക്ടർ മൗണ്ടിങ് കിറ്റ്, എൽഇഡി ടിവി എന്നിവയ്ക്ക് ഈടാക്കാവുന്ന പരമാവധി തുക, മിനിമം സ്പെസിഫിക്കേഷൻ, വിൽപനാനന്തര സേവനവ്യവസ്ഥകൾ എന്നിവയും നിശ്ചയിച്ചു. 5 വർഷ വാറന്റി നിർബന്ധം. പരാതി പരിഹാരത്തിനു കോൾ സെന്ററും വെബ് പോർട്ടലും ലഭ്യമാക്കണം. പരാതികൾ പരിഹരിച്ചില്ലെങ്കിൽ വിതരണക്കാർക്കു പ്രതിദിനം 100 രൂപ പിഴ. 

മാർഗനിർദേശങ്ങളിൽ പരാമർശിക്കാത്ത ഉപകരണങ്ങൾ അത്യാവശ്യമാണെങ്കിൽ ഉപകരണമൊന്നിന് 15,000 രൂപയിൽ കവിയാതെയും മൊത്തം തുക 50,000 രൂപയിൽ കവിയാതെയും വാങ്ങാം. സ്കൂളുകളിൽ ഐടി ഓ‍ഡിറ്റ് അടുത്ത മാസം മുതൽ നടപ്പാക്കുമെന്നു കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു.