വിദേശത്ത് എംബിബിഎസ് യോഗ്യത നേടിയ ഇന്ത്യക്കാർക്ക് ഇവിടെ പ്രാക്ടീസ് അനുമതിക്കുള്ള സ്ക്രീനിങ് ടെസ്റ്റ് എഫ്എംജിഇ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ) ഡിസംബർ 20ന്. ഒസിഐ (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) വിഭാഗക്കാരും പരീക്ഷയെഴുതണം. ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാനഡ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽനിന്നു മെ‍ഡിക്കൽ ബിരുദം നേടിയവർ എഴുതേണ്ട.

കംപ്യൂട്ടർ ഉപയോഗിച്ചുള്ള പരീക്ഷ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസാണു നടത്തുന്നത്.

അപേക്ഷ: ഒക്ടോബർ 31 വരെ

വെബ്സൈറ്റ്: www.nbe.edu.in

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കോഴിക്കോട്

അപേക്ഷാഫീ: 5500 രൂപ കാർഡ് / നെറ്റ് ബാങ്കിങ് വഴി അടയ്ക്കാം.

പരീക്ഷാഫലം: ജനുവരി 20

ഹെൽപ്‌ലൈൻ: 1800 267 4003

ഇ–മെയിൽ : nbeexamhelpdesk@gmail.com / fmge@natboard.edu.in

ഡെമോ ടെസ്റ്റ്: ഡിസംബർ ഒന്നിനു സൈറ്റിൽ

ശ്രദ്ധിക്കാൻ:

∙ മുൻപ് ഈ പരീക്ഷയെഴുതി വിജയിക്കാത്തവർ വീണ്ടും അപേക്ഷിക്കുമ്പോൾ, രേഖകളുടെ സ്കാൻ വീണ്ടും നൽകണം. 2019 ജൂണിൽ എഴുതിയവർ അന്നത്തെ റോൾ നമ്പർ സൂചിപ്പിക്കണം.

∙ 2019 നവംബർ 30ന് അകം എംബിബിഎസ് / തുല്യയോഗ്യത നേടിയിരിക്കണം. ടെസ്റ്റെഴുതാനുള്ള അർഹത തെളിയിക്കുന്ന നിർദിഷ്ടരേഖകൾ നാഷനൽ ബോർഡിനു നൽകുകയും വേണം. മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റ് ഇന്ത്യൻ എംബസിയോ നിർദിഷ്ട അധികാരിയോ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഒരിക്കലടച്ച ഫീസ് മറ്റൊരു തവണയിലേക്കു മാറ്റിത്തരില്ല.

∙ പരീക്ഷയിൽ 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ; 150 മിനിറ്റ് സമയം. ഇങ്ങനെ ഒരേ ദിവസം രണ്ടു സെഷനുകളിലായി ആകെ 300 ചോദ്യങ്ങൾ. തെറ്റിനു മാർക്ക് കുറയ്ക്കില്ല. 50 % എങ്കിലും സ്കോർ നേടണം.

∙ ടെസ്റ്റിന്റെ ഉള്ളടക്കം സോഷ്യൽമീഡിയ ഉൾപ്പെടെ എവിടെയും വെളിപ്പെടുത്തിക്കൂടാ, രക്ഷിതാക്കൾക്കു ഫോൺ വഴി മറുപടി നൽകില്ല തുടങ്ങിയ നിബന്ധനകളുമുണ്ട്.

∙ ഈ പരീക്ഷ ജയിച്ചതുകൊണ്ടു മാത്രം റജിസ്ട്രേഷൻ കിട്ടണമെന്നില്ല. ബന്ധപ്പെട്ട കൗൺസിലിന്റെ മറ്റു നിബന്ധനകളും പാലിക്കണം.