യുജിസിയുടെ ജീവിത നൈപുണ്യ പാഠ്യപദ്ധതിയിൽ ഇനി സമൂഹ മാധ്യമ പെരുമാറ്റ മര്യാദകളും. യോഗ – പ്രാണായാമം, ഗൂഗിളിന്റെ ഫലപ്രദമായ ഉപയോഗം തുടങ്ങി റെസ്യൂമെ രചന വരെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ജീവൻ കൗശൽ എന്ന പേരിൽ രാജ്യമെമ്പാടും ബിരുദ കോഴ്സുകളിൽ നൈപുണ്യ പദ്ധതി ഉൾപ്പെടുത്തിയത് അടുത്തിടെയാണ്. ഏതു സെമസ്റ്ററിലും ഇതു പാഠ്യഭാഗമാക്കാം. സമഗ്ര വ്യക്തിത്വം, യോഗ – പ്രാണായാമം, ചുമതലകളും അവകാശങ്ങളും എന്നിവയാണ് തിരഞ്ഞെടുക്കാവുന്ന വിഷയങ്ങൾ. കുട്ടികളുടെ വൈകാരിക, ബൗദ്ധിക മികവ് വർധിപ്പിക്കാനും ആശയവിനിമയശേഷി മെച്ചപ്പെടുത്താനും സഹായിക്കത്തക്ക രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ രചനകളെ അവഗണിക്കാനാവില്ലെന്നും നന്മതിന്മകൾ വിദ്യാർഥികൾ തിരിച്ചറിയണമെന്നും യുജിസി വൃത്തങ്ങൾ പറയുന്നു. സമൂഹമാധ്യമ ഉപയോഗത്തിന് ഒരു പെരുമാറ്റച്ചട്ടം ഉണ്ടാകണം. 

കുട്ടികൾക്ക് സിവി, റെസ്യൂമെ, ബയോഡേറ്റ എന്നിവ തമ്മിലുള്ള വ്യത്യാസം പോലും പലപ്പോഴും അറിയില്ലെന്ന് യുജിസിയിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.