ഏറ്റവുമധികം വിദ്യാർഥികള്‍ പഠിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്‌കൂള്‍ എന്നുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് ലഖ്‌നോയിലെ സിറ്റി മോണ്ടിസോറി സ്‌കൂള്‍ സ്വന്തമാക്കി. 2019-20 കാലഘട്ടത്തില്‍ 55,547 വിദ്യാർഥികളാണ് സിറ്റി മോണ്ടിസോറി സ്‌കൂളില്‍ പഠിച്ചത്. 

വെറും അഞ്ചു വിദ്യാർഥികളുമായി തുടങ്ങിയ സിറ്റി മോണ്ടിസോറി സ്‌കൂളിന് ഇന്ന് 18 ശാഖകളിലായി 56,000 ഓളം വിദ്യാർഥികളുണ്ട്. 1959ല്‍ ജഗ്ദീഷ് ഗാന്ധിയും ഭാരതി ഗാന്ധിയും ചേര്‍ന്നാണ് സിറ്റി മോണ്ടിസോറി സ്‌കൂള്‍ ലഖ്‌നോവില്‍ ആരംഭിക്കുന്നത്. ജയ് ജഗത്(ലോകത്തിന് വിജയം) എന്നതാണ് സ്‌കൂളിന്റെ മുദ്രാവാക്യം. 

സ്‌കൂളിന് കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സിന്റെയും (CISCE) യുകെയിലെ കേംബ്രിജ് അസസ്‌മെന്റ് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്റെയും(CAIE) അഫിലിയേഷനും യുപി പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരവുമുണ്ട്. 2002ല്‍ യുണെസ്‌കോ പ്രൈസ് ഫോര്‍ പീസ് എജ്യുക്കേഷന്റെ പുരസ്‌ക്കാരം സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.