10, 12 ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് സിബിഎസ്ഇയുടെ മറുപടി

മറ്റു ചില സിലബസുകളിൽ 12–ാം ക്ലാസ് പരീക്ഷയ്ക്കു കാൽക്കുലേറ്റർ അനുവദിക്കുന്നുണ്ട്. സിബിഎസ്ഇ പരീക്ഷയിലും അനുവദിക്കാൻ നടപടി സ്വീകരിക്കുമോ ?

എസ്. ആനന്ദ് കൃഷ്ണ

ഭിന്നശേഷി വിദ്യാർഥികൾക്കു 10, 12 ക്ലാസ് പരീക്ഷകളിൽ സിംപിൾ ബേസിക് കാൽക്കുലേറ്റർ അനുവദിക്കും. മറ്റാർക്കും ഒരു സിബിഎസ്ഇ പരീക്ഷയിലും കാൽക്കുലേറ്റർ അനുവദിക്കാറില്ല.

ഐടി പോലെയുള്ള ഓപ്ഷനൽ വിഷയങ്ങളുടെ മാർക്ക് കൂടി ചേർത്താണോ പത്താം ക്ലാസിലെ മൊത്തം സ്കോർ തീരുമാനിക്കുക.

സാവിയോ ഷാജു

സയൻസ്, മാത്‌സ്, സോഷ്യൽ സയൻസ് എന്നീ നിർബന്ധിത വിഷയങ്ങളിലൊന്നിൽ തോൽക്കുകയും സ്കിൽ വിഷയത്തിൽ (ആറാം ഓപ്ഷനൽ വിഷയം) വിജയിക്കുകയും ചെയ്താൽ, തോറ്റ വിഷയത്തിനു പകരം ഓപ്ഷനലിന്റെ മാർക്കാകും പരിഗണിക്കുക.

എന്റെ മകൻ പരീക്ഷ എഴുതുന്നുണ്ട്. സിബിഎസ്ഇയുടെ ഗ്രേഡിങ് രീതി ഇപ്പോഴും മനസ്സിലായിട്ടില്ല.

 കെ.പി. ഗീത

വിജയിച്ച വിദ്യാർഥികളിൽ ഏറ്റവും മികച്ച മാർക്കുള്ള എട്ടിലൊന്നുപേർക്ക് എ1; അടുത്ത എട്ടിലൊന്നു പേർക്ക് എ2; ഇങ്ങനെ ബി1, ബി2, സി1, സി2, ഡി1, ഡി2 വരെ ഗ്രേഡുകൾ. തോറ്റാൽ ഇ ഗ്രേഡ്.

ഞാൻ കൊമേഴ്സ് വിദ്യാർഥിയാണ്. ഞങ്ങളുടെ ചോദ്യക്കടലാസ് പാറ്റേണിൽ ഒരുപാടു മാറ്റമുണ്ട്. ഇതു പരിചയിക്കാനുള്ള ക്വസ്റ്റ്യൻ ബാങ്കോ മാർക്കിങ് സ്കീമോ ലഭ്യമാണോ ?

 ജെറിൻ ഫ്രാൻസിസ്

വിവിധ വിഷയങ്ങളിലെ സാംപിൾ ചോദ്യക്കടലാസിനും കഴിഞ്ഞ വർഷത്തെ മാർക്കിങ് സ്കീമിനും ലിങ്ക്: http://cbseacademic.nic.in/SQP_CLASSXII_2019_20.html

ഉത്തക്കടലാസിൽ പ്രധാന പോയിന്റുകൾ അടയാളപ്പെടുത്താൻ കളർ പേനോ മാർക്കറോ ഉപയോഗിക്കാമോ ?

 ഗോവിന്ദ് ഉണ്ണിക്കൃഷ്ണൻ

ബ്ലൂ ബ്ലാക്ക്, അല്ലെങ്കിൽ റോയൽ ബ്ലൂ മഷി മാത്രം ഉപയോഗിക്കുക. ബോൾ പോയിന്റ്, അല്ലെങ്കിൽ ജെൽ പേനയാകാം.