തിരുവനന്തപുരം ∙ സംസ്ഥാനത്തെ രണ്ടായിരത്തോളം സ്കൂളുകളിലെ വിദ്യാർഥികൾ തയാറാക്കിയ ഡിജിറ്റൽ മാസികകൾ പൊതുജനങ്ങൾക്കായി സ്‍കൂൾവിക്കി പോർട്ടലിൽ പ്രസിദ്ധീകരിച്ചു.ഇതിലൂടെ കുട്ടികളുടെ സൃഷ്ടികൾ  കയ്യെഴുത്ത് മാസികയുടെയോ അച്ചടിച്ച മാസികയുടെയോ പരിമിതിയില്ലാതെ ലോകമെമ്പാടും കാണാൻ സാധിക്കും. ഈ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്ക് സ്കൂൾവിക്കിയിൽ നിന്നുള്ള കവിതകൾ ഉദ്ധരിച്ചിരുന്നു.

വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പിടിഎ അംഗങ്ങളിൽ നിന്നും ശേഖരിച്ച സൃഷ്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വന്തമായി ടൈപ്പ് ചെയ്തു ലേഔട്ട് ചെയ്താണു മാസികകൾ പൂർത്തിയാക്കിയത്. കഥയും കവിതയും ലേഖനങ്ങളുമെല്ലാം ചിത്രങ്ങളുടെയും ഗ്രാഫിക്സിന്റേയും അകമ്പടിയോടെ വിവിധ പേരുകളിലുള്ള ഡിജിറ്റൽ മാസികകളിൽ കാണാം. പ്രഥമാധ്യാപകൻ,സ്റ്റാഫ് എഡിറ്റർ, സ്റ്റുഡന്റ് എഡിറ്റർ എന്നിവരടങ്ങുന്നതാണു പത്രാധിപസമിതി.

ജനുവരിയിൽ ഇതിന്റെ പ്രകാശനച്ചടങ്ങുകൾ സ്‍കൂളുകളിൽ ‍ സംഘടിപ്പിച്ചിരുന്നു. സ്കൂൾ വിക്കി (www.schoolwiki.in) താളിൽ നിന്നു ‘ഡിജിറ്റൽ മാഗസിൻ’ എന്ന ലിങ്ക് വഴി ജില്ല തിരിച്ചുള്ള മുഴുവൻ ഡിജിറ്റൽ മാസികകളും കാണാം. വിക്കിപീഡിയ മാതൃകയിൽ സ്വതന്ത്രമായ വിവരശേഖരണം ലക്ഷ്യമാക്കി പതിനയ്യായിരത്തോളം സ്കൂളുകളെ കോർത്തിണക്കി പ്രവർത്തിക്കുന്ന സ്കൂൾ വിക്കിയിൽ 2017 മുതൽ സംസ്ഥാന സ്കൂൾ കലോൽസവത്തിലെ രചനാ മത്സരങ്ങളുടെ സൃഷ്ടികൾ ലഭ്യമാക്കുന്നുണ്ട്.

പോർട്ടലിലെ മുഖചിത്രത്തിൽ മൗസ് കൊണ്ടുവരുമ്പോൾ മാസികയുടെ പേരും സ്കൂളിന്റെ പേരും ദൃശ്യമാകും. ഡിജിറ്റൽ മാസിക കാണാൻ മാസികയുടെ പേരിലും സ്കൂൾ പേജിലേക്കു പോകാൻ സ്കൂളിന്റെ പേരിലും ക്ലിക്ക് ചെയ്യണം. കടലാസ് രഹിതമായും പണച്ചെലവില്ലാതെയും മാസിക തയാറാക്കാനും ലോകം മുഴുവൻ കാണുന്ന തരത്തിൽ പ്രദർശിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നതായി കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ. അൻവർ സാദത്ത് അറിയിച്ചു.