കോളജുകളിലെ അധ്യയന സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാക്കുന്നതു സംബന്ധിച്ച് അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിനു ബന്ധപ്പെട്ട എല്ലാവരുടെയും യോഗം ഉന്നത വിദ്യാഭ്യാസ വകുപ്പ് വിളിച്ചു ചേർക്കും.

വിദേശ രാജ്യങ്ങളിലെ പോലെ വിദ്യാർഥികൾക്കു പഠനത്തിനൊപ്പം ജോലി ചെയ്തു പണം സമ്പാദിക്കാൻ അവസരം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ക്ലാസുകൾ രാവിലെ ആക്കിയാൽ  ശേഷിക്കുന്ന സമയം പാർട്ട് ടൈം ജോലികൾക്കായി വിനിയോഗിക്കാം.

അധ്യയന സമയം നേരത്തെയാക്കണമെന്ന നിർദേശം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റേതാണ്. കഴിഞ്ഞ ദിവസം ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. മുൻപ് കോളജുകൾ വളരെ ദൂരെയായിരുന്നതിനാൽ വിദ്യാർഥികൾക്കു10 മണിക്കു മുൻപേ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലായിടത്തും കോളജുകൾ ഉണ്ടെന്നു മാത്രമല്ല, ആവശ്യത്തിനു യാത്രാ സൗകര്യവും ഉണ്ട്.

ക്ലാസ് രാവിലെ ആക്കിയാൽ ഉച്ചതിരിഞ്ഞുള്ള സമയം തൊഴിലിനു മാത്രമല്ല പഠന, ഗവേഷണ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കാം. പ്രായോഗിക പരിശീലനം നേടേണ്ട കോഴ്സുകളാണെങ്കിൽ ഈ സമയം അതിനും പ്രയോജനപ്പെടുത്താം. ഇപ്പോൾ നാലുമണിക്കു കോളജു വിട്ടാൽ ഇത്തരം കാര്യങ്ങൾക്കൊന്നും സമയം ലഭിക്കുന്നില്ല.

അധ്യാപക, വിദ്യാർഥി സംഘടനാ ഭാരവാഹികൾ, മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ചു ചേർത്ത് ഇക്കാര്യത്തിൽ അഭിപ്രായ സമന്വയം ഉണ്ടാക്കാനാണ് ആലോചിക്കുന്നത്. എല്ലാവരും അംഗീകരിച്ചാൽ അടുത്ത അധ്യയന വർഷം തന്നെ ഇതു നടപ്പാക്കും.

വിദേശ രാജ്യങ്ങളിലെ സർവകലാശാലകളിൽ രാവിലെയും രാത്രിയിലുമെല്ലാം ക്ലാസുകൾ ഉണ്ട്. മുൻപ് ഷിഫ്റ്റ് സമ്പ്രദായം ഉണ്ടായിരുന്നപ്പോൾ ഇവിടത്തെ കോളജുകളിലും നേരത്തെ ക്ലാസ് തുടങ്ങിയിരുന്നു. സംസ്ഥാനത്തെ പല സിബിഎസ്ഇ വിദ്യാലയങ്ങളിലും ഇപ്പോൾ നേരത്തെയാണ് ക്ലാസ് തുടങ്ങുന്നത്. രാവിലെ പഠിക്കാനാണ് കൂടുതൽ ഉത്സാഹം തോന്നിക്കുകയെന്നതും സമയ മാറ്റത്തിനു കാരണമാണ്.