ലോക്ഡൗൺ മൂലം മാറ്റിവച്ച സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം നീളുന്നതിൽ ആശങ്കയോടെ വിദ്യാർഥികൾ. സുപ്രീംകോടതിയിൽ സിബിഎസ്ഇ ഇന്നു വൈകിട്ടു വരെ സമയം തേടിയിട്ടുണ്ട്. സിബിഎസ്ഇ നിലപാടിനെ ആശ്രയിച്ചാകും ഐസി എസ്ഇ, ഐഎസ്‍സി പരീക്ഷകളുടെ തീരുമാനം.

സിബിഎസ്ഇ

ജൂലൈ 1 മുതൽ 15 വരെ പരീക്ഷ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോവിഡ് ആശങ്ക നിലനിൽക്കുന്നതിനാൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം രക്ഷാകർത്താക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. രക്ഷാകർത്താക്കളുടെ ആശങ്ക മനസ്സിലാക്കുന്നതായും ഇന്നു വൈകിട്ടോടെ അന്തിമ തീരുമാനമെടുത്തു നാളെ കോടതിയിൽ ബോധിപ്പിക്കാമെന്നും   സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതോടെ കോടതി ഹർജി നാളത്തേക്കു മാറ്റി.

സിഐഎസ്‌സിഇ

സിബിഎസ്ഇ ഹർജി പരിഗണിക്കുന്നതിനിടെ ഐസിഎസ്ഇ പരീക്ഷയെക്കുറിച്ചുള്ള ആശങ്കയും കോടതി‍ ചൂണ്ടിക്കാട്ടി. സിബിഎസ്ഇ തീരുമാനം കാക്കുകയാണെന്നു സിഐഎസ്‌സിഇക്കു വേണ്ടി അഭിഭാഷകൻ ജയദീപ് ഗുപ്ത അറിയിച്ചു. ഇതോടെ ഇക്കാര്യവും നാളെ പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി. സിബിഎസ്ഇയുടേതു സാമാന്യ തീരുമാനമായി കണ്ട് അതു പിന്തുടരാമെന്നും ഗുപ്ത പറഞ്ഞു. എന്നാൽ, സിബിഎസ്ഇ തീരുമാനത്തിൽ ആവശ്യമെങ്കിൽ ഭേദഗതികൾ വരുത്തണമെന്നും വസ്തുതകളുടെ അടിസ്ഥാനത്തിൽ വേണം തീരുമാനമെന്നും കോടതി നിർദേശിച്ചു. സമാന ഹർജിയിൽ വാദം കേൾക്കുന്ന ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയുടെ തീരുമാനം കാക്കുന്നുവെന്നാണു വിവരം.

സർക്കാരിനു മുന്നിലെ ‘പരീക്ഷ’ മാർക്കിടൽ!

ജൂലൈയിൽ പരീക്ഷ വേണ്ടെന്ന കാര്യത്തിൽ ധാരണയുണ്ടെങ്കിലും സിബിഎസ്ഇയെ കുഴപ്പിക്കുന്നത് ഇന്റേണൽ മാർക്ക് പരിഗണിക്കുന്നത് ഉചിതമാകുമോയെന്ന കാര്യം. വലിയ വിഭാഗം വിദ്യാർഥികൾ ഇന്റേണൽ അസസ്മെന്റ് പരീക്ഷയ്ക്കു കാര്യമായ പ്രാധാന്യം കൊടുക്കാറില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പകരം, ഈ സമയം അവർ പ്രവേശന പരീക്ഷകൾക്കുള്ള തയാറെടുപ്പിലാകും.

ഉന്നതപഠനത്തിൽ അടക്കം നിർണായകമാകുന്ന പ്ലസ്ടു മാർക്കിന്റെ കാര്യത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതു ശരിയാകില്ലെന്നാണ് ഇവരുടെ വാദം.