കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഗവേഷണാധിഷ്ഠിത പഠനം നടത്താന്‍ ഇന്ത്യയിലെ കോളജുകളും സര്‍വകലാശാലകളും അടങ്ങുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍(യുജിസി) ആവശ്യപ്പെട്ടു. അഞ്ചോ ആറോ സമീപ ഗ്രാമങ്ങളെ തിരഞ്ഞെടുത്ത് ആ മേഖലയില്‍ കോവിഡ് പഠനം നടത്താന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കും അനുബന്ധ കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ യുജിസി ആവശ്യപ്പെടുന്നു. 

കോവിഡ്-19 നുമായി ബന്ധപ്പെട്ട് ഗ്രാമങ്ങളിലെ അവബോധത്തിന്റെ തോത്, അവര്‍ നേരിടുന്ന വെല്ലുവിളികള്‍, ഈ വെല്ലുവിളികള്‍ മറികടക്കാന്‍ ഗ്രാമങ്ങള്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ എന്നിവയിലൂന്നിയാകണം പഠനം. 1918ലെ സ്പാനിഷ് ഫ്‌ളൂവിന്റെ ഇന്ത്യയിലെ ആഘാതത്തെ കുറിച്ച് സമാന്തര പഠനം നടത്താനും യുജിസി നിര്‍ദ്ദേശിക്കുന്നു. അക്കാലത്തെ മഹാമാരിയെ ഇന്ത്യ എങ്ങനെ നേരിട്ടെന്നും അതിനു ശേഷമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളെ എപ്രകാരം അതിജീവിച്ചെന്നും അറിയുന്നതിനാണ് ഈ പഠനം. 

കോവിഡ് 19 പ്രതിരോധത്തിന് ഗ്രാമതലത്തില്‍ സ്വീകരിച്ച മികച്ച പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷനും കോളജുകളോട് ആവശ്യപ്പെട്ടിരുന്നു. 

യുജിസി നിര്‍ദ്ദേശം നടപ്പാക്കുന്നതിനായി ഓരോ വിദ്യാഭ്യാസ സ്ഥാപനവും ഒരു പ്രത്യേക ഗവേഷക സംഘത്തിന് രൂപം നല്‍കും. യൂണിവേഴ്‌സിറ്റി ആക്ടിവിറ്റി മോണിറ്ററിങ്ങ് പോര്‍ട്ടല്‍(യുഎഎംപി) വഴി ഡിജിറ്റലായാണ് പഠന റിപ്പോര്‍ട്ട് നല്‍കുന്നത്. ജൂണ്‍ 30 ആണ് പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.