തിരുവനന്തപുരം ∙ ഓൺലൈൻ പഠനം തുടരേണ്ട‌ിവരുമെന്ന് ഉറപ്പായ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കുറഞ്ഞ വിലയിൽ ലാപ്‌ടോപ്പുകളും ടാബ്‌‌ലറ്റുകളും ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ പദ്ധതി വരുന്നു. കൈറ്റ് ടെക്നിക്കൽ സമിതിയുടെ നേതൃത്വത്തിൽ ഉപകരണങ്ങളുടെ സ്പെസിഫിക്കേഷൻ തയാറായി. 15,000 രൂപയിൽ താഴെയായിരിക്കണം വില എന്നതാണു പ്രധാന നിബന്ധന. പദ്ധതിക്കായി ഐടി വകുപ്പ് ഉടൻ ടെൻഡർ വിളിക്കും.

കുടുംബശ്രീയുടെ സഹകരണത്തോടെയുള്ള കെഎസ്എഫ്ഇ ചിട്ടിയിലൂടെ പാവപ്പെട്ട രക്ഷിതാക്കൾക്ക് പലിശരഹിത തവണവ്യവസ്ഥയിൽ ഇവ വാങ്ങാൻ സൗകര്യമൊരുക്കും. 40 ലക്ഷത്തിലേറെ വിദ്യാർഥികളിൽ ചെറിയൊരു വിഭാഗം വാങ്ങുകയാണെങ്കിൽപോലും ലക്ഷക്കണക്കിനുള്ള ഓർഡർ വേണ്ടിവരും. ഇതനുസരിച്ച് വില പകുതിയോളം കുറയ്ക്കാമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ. 15,000 രൂപയിൽ താഴെ വില സമ്മതിക്കുന്ന കമ്പനികളുടെ ഉൽപന്നങ്ങളിൽനിന്ന് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാനും അവസരം നൽകും.

സ്കൂൾ വിദ്യാർഥികൾക്കെല്ലാം ടാബ്‌‌ലറ്റ് ലഭ്യമാക്കാൻ പദ്ധതി നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നൽകിയിരുന്നു. പിന്നീട് വിദ്യാഭ്യാസ, ധന, ഐടി വകുപ്പുകളുടെ യോഗം ചേർന്നാണ് പദ്ധതിക്കു രൂപംനൽകിയത്.

 സ്പെസിഫിക്കേഷൻ

കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ കാണാനും ഓഡിയോ, വിഡിയോ റിക്കോർഡിങ്, എഡിറ്റിങ്, പ്രസന്റേഷൻ തയാറാക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യാനും എജ്യുക്കേഷൻ ആപ്പുകൾ ഉപയോഗിക്കാനും സൗകര്യമുണ്ടാകണമെന്ന് സ്പെസിഫിക്കേഷനിലുണ്ട്. 4 ജിബി െമമ്മറി, 128 ജിബി സ്റ്റോറേജ്, 10 മണിക്കൂർ ബാറ്ററി ബാക്ക് അപ്, 10 ഇഞ്ചിനു മുകളിൽ സ്ക്രീൻ സൈസ് തുടങ്ങിയ സൗകര്യങ്ങളും വേണം.

English Summary : Government with low budget laptop project for students