മാർക്ക് മെച്ചപ്പെടുത്താൻ 12 ാം ക്ലാസ് വിദ്യാർഥികൾക്കു പിന്നീട് പരീക്ഷ എഴുതാൻ അവസരമുണ്ടാകുമെന്ന് അറിയിച്ച സിബിഎസ്ഇ, ഇപ്പോഴേ തീയതി പ്രഖ്യാപിക്കുന്നില്ലെന്നും വ്യക്തമാക്കി. കോവിഡ് ഭീഷണി മൂലമാണിത്. പുതിയ രീതിയിലുള്ള മൂല്യനിർണയ ഫലം വന്ന്, എത്ര ദിവസത്തിനകം പരീക്ഷയ്ക്ക് അപേക്ഷിക്കണമെന്ന കാര്യത്തിൽ വ്യക്തത വേണമെന്ന് രക്ഷിതാക്കൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഋഷി മൽഹോത്ര ആവശ്യപ്പെട്ടു. 

അല്ലെങ്കിൽ വിഷയം വീണ്ടും കോടതിയിലേക്കു നീളുമെന്നായിരുന്നു വാദം. എന്നാൽ, ഇതു സിബിഎസ്ഇ തള്ളി. സാഹചര്യം മെച്ചപ്പെടുന്നത് ഒക്ടോബറിലാണെങ്കിലോ എന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ചോദ്യം. അങ്ങനെ വന്നാൽ അവർക്കു സെപ്റ്റംബറിൽ തീരുമാനിക്കാം. ഇക്കാര്യത്തിൽ വിദ്യാർഥികളെ സമ്മർദത്തിലാക്കരുതെന്നാണ് സിബിഎസ്ഇ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതിയും ഇത് അംഗീകരിച്ചു.

നീറ്റ്, ജെഇഇ: തീരുമാനിക്കേണ്ടത് എൻടിഎ

സ്കൂൾ പരീക്ഷകൾ റദ്ദാക്കാനുള്ള തീരുമാനം നീറ്റ്, ജെഇഇ മെയിൻ ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളെയും ബാധിക്കുമെന്നു വ്യക്തമായി. ജൂലൈ 5നുള്ള അധ്യാപക യോഗ്യതാ പരീക്ഷ സി–ടെറ്റ് സിബിഎസ്ഇ മാറ്റിയിരുന്നു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

നീറ്റ്, ജെഇഇ മെയിൻ പരീക്ഷകളുടെ കാര്യത്തിൽ നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് (എൻടിഎ) തീരുമാനമെടുക്കേണ്ടത്. സിബിഎസ്ഇ പരീക്ഷാ മാറ്റത്തിന് അനുസൃതമായി പ്രവേശന പരീക്ഷകളിലും മാറ്റം വേണമെന്നു കഴിഞ്ഞദിവസം കോടതി സർക്കാരിനോടു വാക്കാൽ നിർദേശിച്ചിരുന്നു.