ഓൺലൈ‍ൻ പഠനസൗകര്യമില്ലാത്ത പാവപ്പെട്ട 25 കുട്ടികൾക്കു ടിവി സമാഹരിച്ചു നൽകി പുതിയ മാതൃകയൊരുക്കി പ്രധാനാധ്യാപകൻ. പോത്തൻകോട് ഗവ.യുപി സ്കൂളിലെ ഹെഡ്മാസ്റ്റർ എം. സലാഹുദ്ദീനാണ് 25 കുട്ടികൾക്കു ടിവി എത്തിച്ചത്. സൗകര്യമില്ലാത്ത കുട്ടികളുണ്ടെങ്കിൽ ഇനിയും സഹായിക്കാൻ ഒരുക്കമാണെന്നാണ് സലാഹുദ്ദീന്റെയും സഹപ്രവർത്തകരുടെയും നിലപാട്. 

കഴിഞ്ഞ ദിവസം സ്കൂൾ അങ്കണത്തിൽ അടൂർ പ്രകാശ് എംപി ടിവി വിതരണം ഉദ്ഘാടനം ചെയ്തു. ലോക്ഡൗൺ കാലത്ത് സ്കൂളിലെ 60 കുട്ടികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തിരുന്നു. സ്കൂളിലെ ഭവനരഹിതയായ ഒരു കുട്ടിക്ക് വീടു നിർമിച്ചു നൽകാനുള്ള ശ്രമവും സലാഹുദ്ദീന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട. 2 മാസത്തിനകം പണി പൂർത്തിയാക്കും. ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥി കൂടിയായ സലാഹുദ്ദീൻ കെപിഎസ്ടിഎ അധ്യാപകസംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ്.