പ്രമുഖ ആഗോള സാങ്കേതിക കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസ് പന്താണ്ടാം ക്ലാസ് കഴിഞ്ഞ് മുഴുവന്‍ സമയ തൊഴില്‍ തേടുന്നവര്‍ക്കായി ടെക് ബീ കരിയര്‍ പ്രോഗ്രാം ആരംഭിക്കുന്നു. എച്ച്‌സിഎല്ലിന്റെ മുഴുവന്‍ സമയ ഐടി പ്രൊഫഷണലുകളാക്കാന്‍ ഉദ്യോഗാർഥികള്‍ക്ക് 12 മാസത്തെ വിപുലമായ പരിശീലനം നല്‍കുന്ന തൊഴില്‍ സംയോജിത പ്രോഗ്രാമാണ് എച്ച്‌സിഎല്ലിന്റെ ടെക് ബീ. 2017 മുതല്‍ 2000ത്തോളം പേരെ ഇത്തരത്തില്‍ പരിശീലനം നല്‍കി റിക്രൂട്ട് ചെയ്തിട്ടുണ്ട്.

പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ് വിദ്യാർഥികളെ എച്ച്‌സിഎല്ലിന്റെ പ്രോഗ്രാമിലൂടെ ഭാവിയിലേക്കുള്ള വിദഗ്ധരാക്കുന്നു. എച്ച്‌സിഎല്ലിലെ എന്‍ട്രി തല ഐടി തൊഴിലുകളിലേക്ക് വിദ്യാർഥികളെ ഒരുക്കുന്നു. അടുത്ത തലമുറയുടെ ആവശ്യങ്ങള്‍ നന്നായി മനസിലാക്കുന്ന പ്രോഗ്രാം മികച്ച നിലവാരമുള്ള എൻജിനീയറിങ് ജോലിയുമായി സമന്വയിപ്പിച്ച് ഇന്ത്യയിലെ മികച്ച സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം നേടാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നു. എച്ച്‌സിഎല്ലില്‍ തൊഴില്‍ ചെയ്യുമ്പോള്‍ തന്നെ ബിറ്റ്‌സ് പിലാനി, ശാസ്ത്ര പോലുള്ള പ്രമുഖ സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് എന്റോള്‍ ചെയ്യാന്‍ അവസരമുണ്ടാകും.

എന്റോള്‍മെന്റിന് ഉദ്യോഗാർഥികള്‍ എച്ച്‌സിഎല്ലിന്റെ സാറ്റ് (എച്ച്‌സിഎല്‍ സ്റ്റാന്റ്റാര്‍ഡൈസ്ഡ് ടെസ്റ്റ്) എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കെടുക്കണം. പരീക്ഷ പാസായവരെ അഭിമുഖത്തിനായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് എച്ച്‌സിഎല്‍ ടെക്‌നോളജീസില്‍ ചേരുന്നതിന് കത്ത് നല്‍കും. ആദ്യ 12 മാസം ഉദ്യോഗാർഥികള്‍ കഴിവുകളും ആശയവിനിമയവും അടിസ്ഥാനമാക്കിയുള്ള സമഗ്ര പരിശീലനത്തിന് വിധേയരാകും. ഈ ഹൈബ്രിഡ് പരിശീലന പരിപാടി പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളെ ജോലിക്ക് തയ്യാറാക്കുന്നതിലും അവരുടെ മൊത്തത്തിലുള്ള വിദ്യാഭ്യാസത്തിലും വ്യക്തിത്വ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. 12 മാസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ കമ്പനിയിലേക്ക് ഉള്‍പ്പെടുത്തും. തുടര്‍ന്ന് ജോലി ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസത്തിന് ചേരാം.

2019, 2020ല്‍ പന്ത്രണ്ടാം ക്ലാസ്/ ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കിയവര്‍ക്ക് എച്ച്‌സിഎല്ലിന്റെ ടെക് ബീ പ്രോഗ്രാമില്‍ ചേരാം. വളരെ നേരത്തെ വിദ്യാർഥികള്‍ക്ക് കരിയര്‍ ആരംഭിക്കാനുള്ള അവസരമാണ് ഇതുവഴി സംജാതമാകുന്നത്. പ്രോഗ്രാമിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ മാത്തമാറ്റിക്‌സ് അല്ലെങ്കില്‍ ബിസിനസ് മാത്തമാറ്റിക്‌സ് ഒരു വിഷയമായി പന്ത്രണ്ടാം ക്ലാസില്‍ നിര്‍ബന്ധമായും പഠിച്ചിട്ടുള്ളവരായിരിക്കണം. ഐടി വ്യവസായത്തില്‍ ജോലി ആഗ്രഹിക്കുന്ന പഠനത്തില്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെയാണ് ടെക് ബീ ലക്ഷ്യമിടുന്നത്.

രജിസ്റ്റര്‍ ചെയ്യാന്‍,  https://registrations.hcltechbee.com അപേക്ഷിക്കുക.

English Summary : HCL TechBee - Early Career Program