മനുഷ്യരെന്ന നിലയില്‍ നമുക്ക് നമ്മെ തന്നെ കുറിച്ചുള്ള അറിവാണ്, ഏറ്റവും പ്രാമുഖ്യമുള്ളത്.ഇതോടൊപ്പം തന്നെ മറ്റുള്ളവരെ കുറിച്ചും നാം കൂടുതല്‍ അറിയേണ്ടതുണ്ട്. ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്തിൻ്റെ സമ്പത്ത്, അതിൻ്റെ മാനവവിഭവശേഷി കൂടിയാണ്.  വിവിധ മേഖലകളിലെ സംസ്‌കാരം, ചരിത്രം, സാഹിത്യം, ഭാഷാപഠനം, സാമൂഹികശാസ്ത്രം, നരവംശശാസ്ത്രം, തത്വശാസ്ത്രം, പ്രകൃതി, ധനശാസ്ത്രം, നിയമം, രാഷ്ട്രമീമാംസ, സൈക്കോളജി, ഭൗമശാസ്ത്രം, സംഗീതം, മതം, നൃത്തം, ലളിതകല തുടങ്ങിയ നിരവധി തലങ്ങളിലൂടെ മനുഷ്യരാശിയുടെ ഇടപെടലുകളും അവയുടെ മഹത്വവും മനസ്സിലാക്കാന്‍ ഹ്യൂമാനിറ്റീസ് പഠനം നമ്മെ പ്രാപ്തരാക്കുന്നു. മറ്റുള്ളവരെ അവരുടെ ഭാഷയിലൂടെയും ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും കൂടുതല്‍ മനസ്സിലാക്കാന്‍ സ്വാഭാവികമായി നമുക്കു സാധിക്കും. വിമര്‍ശനാത്മകമായി ചിന്തിക്കാനും വായിക്കാനും എഴുതാനും ഹ്യുമാനിറ്റീസ് കളമൊരുക്കും. നന്നായി ആശയവിനിമയം ചെയ്യാനും, മറ്റുള്ളവരെ മനസ്സിലാക്കാനും, അവരുടെ മനസ്സിലിരുപ്പ് അറിയാനും, മറ്റുള്ളവരെ സ്വാധീനിക്കാനും വിമര്‍ശനാത്മകമായി ചിന്തിക്കാനും ഒക്കെ സാധിക്കുന്നവര്‍ക്ക് തന്നെയാണ്  തൊഴില്‍ വിപണിയിലും ഡിമാൻഡ്. കോപ്പിറൈറ്റിംഗ്, പരസ്യങ്ങളുടെ ടൈറ്റിൽ ഹെഡ് റൈറ്റിംഗ് തുടങ്ങിയവയൊക്കെ ഭാഷാഭിരുചിയുള്ള ഹ്യുമാനിറ്റീസുകാരുടെ ഇഷ്ടയിടങ്ങളാണ്.

മുന്‍പൊക്കെ സയന്‍സും കൊമേഴ്‌സും കിട്ടാത്തവര്‍ ഒടുവില്‍ മറ്റ് വഴിയില്ലാതെ പഠിച്ചിരുന്ന ഗ്രൂപ്പായിരുന്നു ഹ്യുമാനിറ്റീസ് എങ്കില്‍, ഇപ്പോള്‍ കഥ മാറി. പൊതുവിൽ സിവിൽ സർവീസ് മോഹികളുടെ ഇഷ്ട കോമ്പിനേഷനായി, ഈയടുത്ത കാലത്ത്  ഹ്യുമാനിറ്റീസ് ബാച്ചുകൾ മാറിയിട്ടുണ്ട്. ഹയർ സെക്കണ്ടറിയിൽ ഏറ്റവും അധികം ഓപ്ഷനുള്ള ഒരു ഗ്രൂപ്പുകൂടിയാണ്, ഹ്യുമാനിറ്റീസ്.

ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ജിയോഗ്രഫി, സോഷ്യോളജി, ജിയോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി, ആന്ത്രപോളജി, സ്റ്റാറ്റിസ്റ്റിക്‌സ് , അറബി, ഹിന്ദി, ഉര്‍ദു, കന്നഡ, തമിഴ്, സംസ്‌കൃത സാഹിത്യം, സംസ്‌കൃത ശാസ്ത്രം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജേണലിസം, ഇംഗ്ലീഷ് സാഹിത്യം, മ്യൂസിക്, മലയാളം എന്നിവയില്‍ ഏതെങ്കിലും നാല് വിഷയങ്ങളും രണ്ട് ഭാഷാ വിഷയവുമാണ് ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ ഉള്ളത്.

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ, ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,

സെൻ്റ്.തോമസ് കോളേജ്,

തൃശ്ശൂർ