കേരളത്തിൽ ഈ അധ്യയന വർഷം പുതുതായി 6 കോളജുകൾക്ക് അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എഐസിടിഇ) അംഗീകാരം. എൻജിനീയറിങ്, ഫാർമസി, ഹോട്ടൽ മാനേജ്മെന്റ്, ഡിസൈൻ എന്നിവയിൽ ബിരുദ തലത്തിലും എംബിഎയ്ക്ക് ഒരു കോളജിനുമാണ് അനുമതി. ഫാർമസിയിൽ ഡിപ്ലോമ കോഴ്സ് തുടങ്ങാൻ ഒരു കോളജിനും അനുമതിയുണ്ട്. ഇതിൽ 4 എണ്ണം സ്വകാര്യ മേഖലയിലും 2 എണ്ണം സർക്കാർ മേഖലയിലുമാണ്. അതേസമയം, ആകെ കോളജുകളുടെയും സീറ്റുകളുടെയും എണ്ണത്തിൽ കാര്യമായ കുറവു വരും. കഴിഞ്ഞ അക്കാദമിക വർഷം 386 കോളജുകളുണ്ടായിരുന്ന സ്ഥാനത്ത് ഇക്കുറി 351 എണ്ണം മാത്രം. ഇവയിൽ 1,00037 സീറ്റുകളുണ്ടാകും. മുൻവർഷത്തെക്കാൾ 3355 സീറ്റുകൾ കുറവ്.

ആയിരത്തിലേറെ കോളജുകൾ പൂട്ടി 

എൻജിനീയറിങ് അടക്കം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നരലക്ഷത്തോളം സീറ്റുകൾ വെട്ടിക്കുറച്ചു. ആയിരത്തിലേറെ കോളജുകളാണു പൂട്ടിയത്. അതേസമയം, ഇക്കുറി അംഗീകാരം നൽകിയ കോളജുകളിലെ 1.4 ലക്ഷം സീറ്റുകൾ വരുന്നതിനാൽ ആകെ സീറ്റുകളിൽ കാര്യമായ കുറവു വരില്ല. 2021–21 അക്കാദമിക് വർഷം 9691 കോളജുകളിലായി ആകെ 30.88 ലക്ഷം സീറ്റുകൾക്കാണ് എഐസിടിഇ അംഗീകാരം നൽകിയത്. ഇതിൽ 164 കോളജുകളിലെ 39,656 സീറ്റുകൾ പുതിയതാണ്.