അധ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ അധ്യാപകർക്ക് സൗകര്യമുറപ്പാക്കണമെന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടി, സ്കൂളിലെ ഉച്ചഭക്ഷണം തയാറാക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് നിയോഗിക്കരുതെന്നും ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദേശം. 

അധ്യാപകരുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പ്രമോഷൻ, ശമ്പള വർധന തുടങ്ങിയവ നൽകും. സഹപ്രവർത്തകരുടെ വിലയിരുത്തൽ, ഹാജർ, സമർപ്പണ ബോധം, സ്കൂളിനും സമൂഹത്തിനും നൽകുന്ന സേവനങ്ങൾ, തൊഴിൽ മികവിനു നേടുന്ന പരിശീലനങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ അധ്യാപകരുടെ പ്രവർത്തനം അവലോകനം ചെയ്യാൻ സംവിധാനമുണ്ടാക്കും. ശിൽപശാലകളിലെ പങ്കാളിത്തത്തിലൂടെ ഉൾപ്പെടെ പ്രതിവർഷം 50 മണിക്കൂറെങ്കിലും അധ്യാപകർ തൊഴിൽ മികവിനുള്ള വേണ്ടി വിനിയോഗിക്കണം. നേതൃപാടവവും മാനേജ്മെന്റ് കഴിവുകളുമുള്ള അധ്യാപകർക്ക് കൂടുതൽ പരിശീലനം നൽകി സർക്കാർ വകുപ്പുകളിലുൾപ്പെടെ നിയമിക്കും.