സി–ഡാക് തിരുവനന്തപുരവും കൊച്ചിയും ഉൾപ്പെടെ 31 കേന്ദ്രങ്ങളിൽ നടത്തുന്ന 12 പൂർണസമയ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 13 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 30 ആഴ്‌ച (900 മണിക്കൂർ) നീളുന്ന പഠനം മുഖ്യമായും ഓൺലൈനിലാണ്.  ലാബും പ്രോജക്ടുമുണ്ട്.

എൻജിനീയറിങ് ബിരുദം (ഐടി, സിഎസ്, ഇലക്ട്രോണിക്സ്, ടെലികോം, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ) അഥവാ എംഎസ്‌സി / എംഎസ്‌ (സി എസ്, ഐടി, ഇലക്ട്രോണിക്സ് – പ്ലസ്ടുവിൽ മാത്‌സ് കഴിഞ്ഞ്) യോഗ്യത വേണം. പ്രോഗ്രാമനുസരിച്ച് യോഗ്യതാപരീക്ഷയിൽ 55% / 50% മാർക്ക് വേണം.

പ്രവേശനപരീക്ഷയായ സി–സാറ്റ് (സി–ഡാക്സ് കോമൺ അഡ്മിഷൻ ടെസ്റ്റ്) ജനുവരി 22, 23 തീയതികളിൽ നേരിട്ടു ഹാജരായി എഴുതണം. ഇതിൽ 50 ഒബ്ജക്ടീവ് ചോദ്യങ്ങൾ വീതമുള്ള എ, ബി,സി വിഭാഗങ്ങളുണ്ട്. ഓരോ വിഭാഗത്തിനും ഒരു മണിക്കൂർ. എംബെഡഡ് സിസ്‌റ്റംസ് പ്രവേശനത്തിനു മൂന്നു ഭാഗങ്ങളും എഴുതണം. മറ്റു രണ്ടിനും എ, ബി മാത്രം മതി. യഥാക്രമം 1750 / 1550 രൂപ പരീക്ഷാഫീ അടയ്ക്കണം. ടെസ്റ്റിൽ തെറ്റിനു മാർക്കു കുറയ്ക്കും. സിലബസ് സൈറ്റിലുണ്ട്. www.cdac.in / acts.cdac.in

കേരളത്തിലെ പ്രോഗ്രാമുകൾ

1) തിരുവനന്തപുരം: പിജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കംപ്യൂട്ടിങ് / എംബെഡഡ് സിസ്‌റ്റംസ് ഡിസൈൻ /ഐടി ഇൻഫ്രാസ്ട്രക്ചർ, സിസ്റ്റംസ് & സെക്യൂരിറ്റി – 60 സീറ്റ് വീതം. krct@ cdac.in; 8547882754.

2) കൊച്ചി: പിജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കംപ്യൂട്ടിങ് – 60 സീറ്റ്. krc.kochi@cdac.in; 9447247984.

പ്രായപരിധിയില്ല. 2021ൽ ഫൈനൽ പരീക്ഷയെഴുതിയവരെയും പരിഗണിക്കും; ജൂൺ 30ന് അകം മാർ‌ക്ക് സമർപ്പിക്കണം. കോഴ്സ് ഫീ: 76,500 രൂപ + ജിഎസ്ടി

Content Summary: Post Graduate Diploma Courses In C-DAC