ഡെന്റൽ പിജി പ്രവേശനത്തിനുള്ള ദേശീയതല പൊതുപരീക്ഷയായ നീറ്റ്– എംഡിഎസിന് 24 വരെ ഓൺലൈൻ അപേക്ഷ നൽകാം. https://nbe.edu.in. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസിനാണ് പരീക്ഷച്ചുമതല.

പ്രവേശന കൗൺസലിങ് നടത്തുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ്. www.mcc.nic.in.

ബിഡിഎസ് ജയിച്ച് ഇക്കൊല്ലം മാർച്ച് 31ന് അകം ഇന്റേൺഷിപ് പൂർത്തിയാക്കണം. സംസ്ഥാന ഡെന്റൽ കൗൺസിൽ റജിസ്ട്രേഷനും വേണം. അപേക്ഷാഫീ 4250 രൂപ; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 3250 രൂപ. കംപ്യൂട്ടറൈസ്‍‍‍ഡ് ടെസ്റ്റ് മാർച്ച് 6ന്. ഇന്ത്യൻ ‍‍ഡെന്റൽ കൗൺസിൽ അംഗീകരിച്ച ബിഡിഎസ് സിലബസനുസരിച്ച്, 17 വിഷയങ്ങളിൽ നിന്നുള്ള 240 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് 3 മണിക്കൂറിൽ ഉത്തരം നൽകണം. ശരിയുത്തരത്തിന് 4 മാർക്ക്; തെറ്റിന് ഒരു മാർക്ക് കുറയ്ക്കും. 79 പരീക്ഷാകേന്ദ്രങ്ങളിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോയമ്പത്തൂർ, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി എന്നിവയും ഉൾപ്പെടും. പരീക്ഷാഫലം 21ന്.

പ്രവേശനാർഹതയ്ക്ക് 50-ാം പെർസെന്റൈലിലെങ്കിലും വരണം; പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 40, ഭിന്നശേഷിക്കാർക്ക് 45.

പ്രവേശനം ഈ സീറ്റുകളിലേക്ക്: ഡൽഹി എയിംസിലേതൊഴികെ, ഇന്ത്യയിലെ എല്ലാ എംഡിഎസ് സീറ്റിലെയും പ്രവേശനം ഈ പരീക്ഷ വഴിയാണ്. ഓൾ ഇന്ത്യാ ക്വോട്ട സീറ്റുകൾ (50%), എല്ലായിടത്തെയും സംസ്ഥാന ക്വോട്ട, സ്വകാര്യ ഡെന്റൽ കോളജുകളിലെയും സർവകലാശാലകളിലെയും സീറ്റുകൾ, ആം‍ഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് സ്ഥാപനങ്ങളിലെ സീറ്റുകൾ എന്നിവയാണവ. ആർമി ഡെന്റൽ കോറിൽ ഷോർട് സർവീസ് കമ്മിഷനുള്ള സ്ക്രീനിങ് പരീക്ഷയും ഇതാണ്.

Content Summary: NEET MDS Application