കോഡിങ്ങാണു പുതിയ കാലത്തിന്റെ ഭാഷ. മലയാളവും ഇംഗ്ലിഷുമൊക്കെ പഠിക്കുന്നതു പോലെ കുട്ടികൾ ഇപ്പോൾ കോ‍ഡിങ് അഥവാ പ്രോഗ്രാമിങ് പഠിക്കുന്നു. യുഎഇയിലെ ഹാബിറ്റാറ്റ് സ്കൂളുകളിൽ വിദ്യാർഥികൾ ഒരുപടി കൂടി കടന്ന് ഒന്നാം ക്ലാസ് മുതൽ കോ‍ഡിങ് പഠിക്കുന്നുണ്ട് !. കോഡിങ് പഠനത്തിനു വലിയ പ്രാധാന്യമുണ്ടെന്നൊക്കെ വ്യാപകമായി തിരിച്ചറിഞ്ഞു തുടങ്ങുന്നതിനു മുൻപ്, അതായത് 2014 മുതൽ ഇവിടെ കോഡിങ് പഠിപ്പിച്ചുതുടങ്ങി. ഇതിന്റെ ഫലമായി ഹാബിറ്റാറ്റ് ഗിന്നസ് ബുക്കിൽ വരെ ഇടംകണ്ടെത്തുകയാണ്. ഒരേസമയം ഏറ്റവുമധികം വിദ്യാർഥികൾ കോഡ് ചെയ്തു വെബ്സൈറ്റ് വികസിപ്പിച്ചതിനുള്ള ഗിന്നസ് റെക്കോർഡാണ് ഹാബിറ്റാറ്റിനെ തേടിയെത്തിയത്. ജനുവരി 10നായിരുന്നു റെക്കോർ‍ഡ് പ്രഖ്യാപനം. ഹാബിറ്റാറ്റിനു കീഴിലുള്ള 3 സ്കൂളുകളിലെ 2803 വിദ്യാർഥികളാണ് ഗിന്നസ് മാനദണ്ഡങ്ങൾ പാലിച്ച് സ്വന്തമായി കോഡ് ചെയ്ത് വെബ്സൈറ്റ് വികസിപ്പിച്ചത്. 

ഹാബിറ്റാറ്റ് സ്കൂളുകളുടെ നേട്ടത്തിനു പിന്നിൽ പ്രധാന പങ്ക് വഹിച്ചത് കോഴിക്കോട്ട് ആരംഭിച്ച ഒരു ഐടി സ്റ്റാർട്ടപ് കമ്പനിയാണ്. കമ്പനിയുടെ ‘സൈബർസ്ക്വയർ’ എന്ന പദ്ധതിയാണു സ്കൂളിൽ നടപ്പാക്കിയത്. കോഡിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ത്രീഡി പ്രിന്റിങ്, ഡേറ്റ സയൻസ് തുടങ്ങിയ കോഴ്സുകൾ വിദ്യാർഥികൾക്കായി രൂപീകരിക്കുകയാണ് സൈബർസ്ക്വയർ ചെയ്യുന്നത്. ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്കു വേണ്ടി കോഡിങ് സിലബസ് തയാറാക്കിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം സ്വദേശികളായ കുറച്ചു യുവാക്കൾ ചേർന്ന് കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിലാണ് കമ്പനി ആരംഭിച്ചത്. 2014 മുതൽ യുഎഇയിലെ ഹാബിറ്റാറ്റ് സ്കൂളുകളുമായി സഹകരിക്കുന്നു. ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർഥികളെ സ്കൂളിൽ കോ‍ഡിങ് പഠിപ്പിക്കുന്നുണ്ട്. 

യുഎഇ ഹാബിറ്റാറ്റ് സ്കൂൾ പ്രതിനിധികളും സൈബർസ്ക്വയർ പ്രതിനിധികളും ഗിന്നസ് റെക്കോർഡ് ഫലകവുമായി.

4 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് ഗിന്നസ് പ്രകടനത്തിനുള്ള വെബ്സൈറ്റുകൾ തയാറാക്കിയത്. സെപ്റ്റംബർ മുതൽ ഇതിനുള്ള ജോലികൾ ആരംഭിച്ചു. സ്കൂൾ സമയത്തിനു പുറമേ സമയം കണ്ടെത്തിയായിരുന്നു വെബ്സൈറ്റ് തയാറാക്കൽ. 

ജനുവരി 10നായിരുന്നു ഗിന്നസ് പ്രതിനിധികളുടെ വെരിഫിക്കേഷൻ. 4 മണിക്കൂർ നീണ്ട വിഡിയോ ഹാങ്ങൗട്ടിൽ കുട്ടികൾ വെബ്സൈറ്റുകൾ ലോഞ്ച് ചെയ്തു. ഒടുവിൽ ഗിന്നസ് റെക്കോർഡ് പ്രഖ്യാപനം. ജമൈക്കിയിലെ ഒരു സ്ഥാപനം 542 വെബ്സൈറ്റുകൾ ഒരേസമയം ലോഞ്ച് ചെയ്തു എന്നതായിരുന്നു ഇതിനു മുൻപുള്ള റെക്കോർഡ്. 

ഹാബിറ്റാറ്റ് സ്കൂൾ ഇതാദ്യമായല്ല ഗിന്നസ് ബുക്കിലെത്തുന്നത്. 2019ൽ ഏറ്റവുമധികം വൃക്ഷത്തൈകൾ വിതരണം ചെയ്തും ഹാബിറ്റാറ്റ് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. 

കുട്ടികളിലേക്ക് സൈബർ സ്ക്വയർ

2014നു മുൻപു തന്നെ സൈബർ സ്ക്വയർ കോഡിങ് പരിശീലനം ആരംഭിച്ചിരുന്നു. ബി.ടെക്, എംസിഎ തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കിയവർക്കു ജോലിക്കുള്ള വൈദഗ്ധ്യം നൽകാനുള്ള കോഴ്സുകളാണ് കമ്പനി ആദ്യം വികസിപ്പിച്ചത്. കോഴിക്കോട്ടായിരുന്നു തുടക്കം. കാരശ്ശേരി സ്വദേശി എൻ.പി.ഹാരിസ്, മലപ്പുറം സ്വദേശി കെ.സി.അനൂപ് എന്നിവർ ചേർന്നാണ് കമ്പനി ആരംഭിച്ചത്. കെ.സി.ദീപക്, മോനിഷ് മോഹൻ, ഇജാസ് എന്നിവരാണു സഹഡയറക്ടമാർ. സ്കൂളുകളിലെ കംപ്യൂട്ടർ പഠനം ആധുനികകാലത്തിനു മതിയായതല്ല എന്ന തോന്നലിൽ നിന്നാണ് ഇവർ ഗവേഷണം ആരംഭിച്ചത്.

തുടർന്ന് സ്കൂളുകൾക്കായി സിലബസ് തയാറാക്കി. യുഎഇ ഹാബിറ്റാറ്റ് സ്കൂളുകളിലാണ് ആദ്യമായി പദ്ധതി നടപ്പാക്കിയത്. വിവിധ പ്രായക്കാർക്കു ചേരുന്ന നിലയിലുള്ള പ്രായോഗിക പരിശീലനത്തിലൂടെയാണു പഠനം. ഉദാഹരണത്തിന് ഒന്നു മുതൽ 3 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കു വിഷ്വൽ ബ്ലോക്കുകൾ വഴി ആനിമേഷൻ തയാറാക്കുന്നതിൽ പരിശീലനം കൊടുക്കും. നാലാം ക്ലാസ് മുതൽ എച്ച്ടിഎംഎൽ പഠിപ്പിക്കും. എട്ടാം ക്ലാസ് മുതൽ പൈത്തൺ ലാംഗ്വേജ് പഠിപ്പിക്കും. ഇതോടൊപ്പം പാഠപുസ്തകവും ലേണിങ് ആപ്ലിക്കേഷനുകളും സൈബർ സ്ക്വയർ തയാറാക്കിയിട്ടുണ്ട്. അധ്യാപകർക്കും പരിശീലനം കൊടുക്കുന്നു. നിലവിൽ 7 രാജ്യങ്ങളിലെ കുട്ടികൾ സൈബർസ്ക്വയറിന്റെ മൊഡ്യൂളുകൾ പഠിക്കുന്നുണ്ട്. യുകെ, കാനഡ എന്നീ രാജ്യങ്ങളിലും സൈബർ സ്ക്വയറിന് ഓഫിസുകളുണ്ട്.

Content Summary: Habitat school enter Guinness Records for massive coding event