ഡോ. ചിക്കു മാത്യു.

സൈനു മിടുക്കിക്കുട്ടിയാണ്. ക്ലാസിൽ അധ്യാപകരുടെ ചോദ്യങ്ങൾക്ക് ഉത്സാഹത്തോടെ മറുപടി പറയുന്ന, കൂട്ടുകാരെ കണക്കു ചെയ്യാൻ സഹായിക്കുന്ന ചുണക്കുട്ടി. പക്ഷേ പരീക്ഷാ പേപ്പർ വരുമ്പോൾ അധ്യാപകരുടെയും സൈനുവിന്റെയും അച്ഛനമ്മമാരുടെയും മുഖം വാടും. കാരണം കഷ്ടിച്ചു ജയിച്ചു എന്നു പറയാൻ മാത്രമുള്ള മാർക്കായിരിക്കും കണക്കിനും മറ്റും കിട്ടുക. ഇതു പതിവായപ്പോൾ അധ്യാപകരുടെ നിർദേശമനുസരിച്ച് സൈനുവിന്റെ മാതാപിതാക്കൾ ഒരു പ്രഫഷനലിന്റെ സഹായം തേടാൻ തീരുമാനിച്ചു. പ്രശ്നം വിശദമായി ചോദിച്ചറിഞ്ഞ ഡോക്ടർ വീട്ടിലിരുന്നു ചെയ്യാവുന്ന ചില പരിശീലനങ്ങൾ നിർദേശിച്ചു. അതു കൃത്യമായി പാലിച്ചതോടെ സൈനു പരീക്ഷാഹാളിലും സ്മാർട്ട് ആയിത്തുടങ്ങി. മാർക്കിലും നല്ല മാറ്റങ്ങൾ വന്നു. സൈനു പഠിക്കാൻ മിടുക്കില്ലാത്ത കുട്ടിയായതുകൊണ്ടല്ല അവൾക്ക് മാർക്ക് കുറഞ്ഞതെന്നും പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരീക്ഷാഹാളിലെ ശ്രദ്ധക്കുറവുമൊക്കെയാണ് ഇവിടെ വില്ലന്മാരായതെന്നും ഡോക്ടർ കൃത്യമായി കണ്ടെത്തുകയും അതിന് പരിഹാരം നിർദേശിക്കുകയും ചെയ്തു. 

പരീക്ഷക്കാലമാണ് വരാൻ പോകുന്നത്. സൈനുവിനെപ്പോലെ പഠന പ്രശ്നങ്ങളുള്ളവർ നമുക്കിടയിലും കാണും. ഒരു പക്ഷേ നമ്മൾ തന്നെയുമാകാം. ഏകാഗ്രതയോടെ പഠിക്കാനും അശ്രദ്ധയെ അകറ്റി നിർത്താനും സഹായിക്കുന്ന മാർഗങ്ങളെക്കുറിച്ചു പറയുകയാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റായ ഡോ. ചിക്കു മാത്യൂ. പഠനവൈകല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരിച്ചറിയേണ്ടതും ചികിൽസ തേടേണ്ടതും പരീക്ഷക്കാലത്തല്ലെന്നും ഏറ്റവും ചെറിയ പ്രായത്തിൽ തിരിച്ചറിഞ്ഞു ചികിൽസിക്കുന്നതാണ് ഉചിതമെന്നും ഓർമിപ്പിച്ചുകൊണ്ട് ഡോ. ചിക്കു മാത്യു സംസാരിക്കുന്നു.

∙ പരീക്ഷാ സമയത്തുപോലും ഏകാഗ്രമായിരിക്കാൻ ചില കുട്ടികൾ വല്ലാതെ ബുദ്ധിമുട്ടാറുണ്ട്. ഏകാഗ്രതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ എങ്ങനെ മനസ്സിലാക്കാം, പരിഹരിക്കാം?

ഏകാഗ്രതയുമായി ബന്ധപ്പെട്ടു പ്രധാനമായും മൂന്നു പ്രശ്നങ്ങളാണ് വിദ്യാർഥികളിൽ കാണപ്പെടുന്നത്. എഡിഎച്ച്ഡി (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റീവ് ഡിസോർഡർ), ആങ്സൈറ്റി ഡിസോർഡർ (ഉത്കണ്ഠാ രോഗങ്ങൾ), ചൈൽഡ്ഹുഡ് ഡിപ്രഷൻ. ഈ മൂന്ന് അവസ്ഥകളുടെയും പ്രധാന ലക്ഷണങ്ങളിലൊന്നാണ് അശ്രദ്ധ. ഏറ്റവും ചെറിയ പ്രായത്തിൽ ഏകാഗ്രതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തുകയാണെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെ അത് പരിഹരിക്കാം. വീട്ടിൽത്തന്നെ ചെയ്യാൻ സാധിക്കുന്ന ചെറിയ പരിശീലനങ്ങളിലൂടെ ഏകാഗ്രത വർധിപ്പിക്കാൻ സാധിക്കും. ഏകാഗ്രതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പരീക്ഷക്കാലം വരെ കാത്തിരിക്കാതെ നേരത്തേ തന്നെ പ്രഫഷനൽ വിദഗ്ധരുടെ സഹായം തേടാൻ തയാറാകുക എന്നതാണ് പ്രധാനം. മുത്തുമണികൾ കോർക്കാൻ നൽകുക, അരി, പയർ, കടല എന്നിവ നൽകി ശേഷം വേർതിരിക്കാൻ ആവശ്യപ്പെടുക, പത്രത്തിലെ ഓരോ വാക്കും ശ്രദ്ധാപൂർവം വായിക്കാൻ ആവശ്യപ്പെടുക തുടങ്ങിയ പരിശീലനങ്ങളാണ് വീട്ടിൽ ചെയ്യാനായി സാധാരണ നിർദേശിക്കാറുള്ളത്. 

∙ ക്ലാസിൽ പഠിപ്പിക്കുന്നതു മനസ്സിലാകുന്നുണ്ട്, മനസ്സിലായ കാര്യങ്ങൾ കൂട്ടുകാർക്കു പറഞ്ഞു കൊടുക്കാനും പറ്റുന്നുണ്ട്. പക്ഷേ ഉത്തരക്കടലാസ് കാണുമ്പോൾ മനസ്സ് ശൂന്യമാകുന്നു. പഠിച്ചത് ഫലപ്രദമായി എഴുതി ഫലിപ്പിക്കാൻ പറ്റുന്നില്ല. ഇത്തരം പ്രശ്നങ്ങളെ എങ്ങനെ നേരിടണം?

Representative Image. Photo Credit:arrowsmith2/iStock

ഇത് ഉത്കണ്ഠാ രോഗത്തിന്റെ ലക്ഷണമാകാം. ചെറിയ വ്യായാമങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ ഇതിനെ മറികടക്കാം. മെഡിറ്റേഷൻ, റിലാക്സിങ് എക്സർസൈസുകൾ, ബ്രീത്തിങ് എക്സർസൈസുകൾ ഇവ ചെയ്യുന്നതിലൂടെ ഉത്കണ്ഠ കുറയും. മൂക്കിലൂടെ ശ്വാസം നന്നായി അകത്തേക്കു വലിച്ചെടുത്ത് അൽപസമയം ഹോൾഡ് ചെയ്ത ശേഷം മൂക്കിലൂടെത്തന്നെ പുറത്തുവിടണം. ദിവസവും പത്തോ ഇരുപതോ തവണ ഇത് ആവർത്തിക്കാം. ഉണർന്നെഴുന്നേൽക്കുമ്പോഴോ ഉറങ്ങാൻ പോകുന്നതിനു മുൻപോ ഈ ശ്വസനക്രിയകൾ ആവർത്തിക്കാം. പഠിക്കാനിരിക്കുന്നതിനു മുൻപും പരീക്ഷയെഴുതുന്നതിനു മുൻപും ഈ ബ്രീത്തിങ് എക്സസൈസ് ചെയ്യാം. 

ഒപ്പം, കുട്ടികൾ നന്നായി ഉറങ്ങുന്നുണ്ടെന്നും ഉറപ്പു വരുത്തണം. പരീക്ഷയുടെ തലേന്ന് കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങാൻ അവരെ പ്രേരിപ്പിക്കണം. മറ്റു ദിവസങ്ങളിലേതു പോലെ തന്നെ പരീക്ഷാ ദിവസവും പ്രഭാത ഭക്ഷണം ഉറപ്പായും കഴിപ്പിക്കണം. ദിവസവും 10, 15 ഗ്ലാസ് വെള്ളം കുടിക്കാൻ നൽകണം. കൃത്യമായ പരിശീലനത്തോടൊപ്പം ഉറക്കം, ഭക്ഷണം, വെള്ളം തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ പുലർത്തിയാൽ പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദം ഒരു പരിധിവരെ കുറയ്ക്കാം. 

Representative Image. Photo Credit :fizkes/iStock

എല്ലാ ഇന്ദ്രിയങ്ങളെയും പഠനപ്രകിയകളുടെ ഭാഗമാക്കിയാൽ പഠിച്ച കാര്യം മറക്കുന്ന പ്രവണത കുറയും. കണ്ടു പഠിക്കുന്ന കാര്യങ്ങളാകും ചിലർക്ക് ഓർമയിൽ നിൽക്കുക, മറ്റു ചിലർക്ക് കേട്ടു പഠിക്കുന്ന കാര്യങ്ങളായിരിക്കും. ഇനിയും ചിലർക്ക് തനിയെ ചെയ്തു പഠിക്കുന്ന കാര്യങ്ങളാകും വേഗം ഓർമയിൽ നിൽക്കുക. കുട്ടി ഇതിൽ ഏതു വിഭാഗത്തിലാണെന്നു മനസ്സിലാക്കി പഠന ശൈലി ക്രമീകരിക്കാം. 80 ശതമാനത്തിലധികം കുട്ടികളും വിഷ്വൽ ലേണേഴ്സ് ആണ്. അത്തരക്കാർക്ക് കാര്യങ്ങൾ കണ്ടു പഠിക്കാനാകും താൽപര്യം. ചാർട്ട്, കീവേഡ്, നോട്ട്സ്, ഡയഗ്രമാറ്റിക് റെപ്രസന്റേറ്റീവ് എന്നീ മാർഗങ്ങളിലൂടെ പഠനം കൂടുതൽ രസകരമാക്കാം. അങ്ങനെ പഠിച്ചാൽ പെട്ടെന്നു മറക്കില്ല.

കേട്ടു പഠിക്കുന്ന കാര്യങ്ങൾ ഓർമയിൽ നിൽക്കുന്ന കുട്ടികളുണ്ട്. ഓഡിറ്ററി ലേണേഴ്സ് എന്നാണ് അവരെ വിളിക്കുന്നത്. പാഠഭാഗങ്ങൾ സ്വന്തം ശബ്ദത്തിൽ റെക്കോർ‌ഡ് ചെയ്ത് വീണ്ടും വീണ്ടും കേൾക്കുന്നത് കാര്യങ്ങൾ മനസ്സിലുറപ്പിക്കാൻ സഹായിക്കും. പരീക്ഷണങ്ങൾ നടത്തി സ്വയം കാര്യങ്ങൾ ബോധ്യപ്പെട്ടു പഠിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. കൈനസ്തെറ്റിക് ലേണേഴ്സ് എന്നാണ് അവരെ പറയുക. അങ്ങനെയുള്ളവർ ആക്റ്റിവിറ്റികളിലൂടെ പഠിക്കുന്നത് പഠിച്ച കാര്യങ്ങളെല്ലാം ഓർത്തിരിക്കാൻ സഹായിക്കും. 

∙ ചില വിഷയങ്ങളോട് പല കുട്ടികൾക്കും താൽപര്യക്കുറവുണ്ട്. അത് മാർക്കിലും പ്രകടമാകാറുണ്ട്. ഇഷ്ടമില്ലാത്ത വിഷയങ്ങളോടുള്ള സമീപനം മാറ്റാനുള്ള മാർഗങ്ങൾ പങ്കുവയ്ക്കാമോ?.

Representative Image. Photo Credit : SDI Productions/iStock

ചില പ്രത്യേക വിഷയങ്ങളോട് പല കാര്യങ്ങൾ കൊണ്ടു താൽപര്യക്കുറവുണ്ടാകാം. ആ വിഷയം പഠിപ്പിക്കുന്ന അധ്യാപകർ കുട്ടിയോടു മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അതൊരു കാരണമാകാം. അധ്യാപകരെപ്പറ്റി മാതാപിതാക്കൾ മോശമായി സംസാരിച്ചാൽ, അവർ പഠിപ്പിക്കുന്ന വിഷയത്തോട് കുട്ടിക്ക് ഇഷ്ടക്കേടുണ്ടാക്കാം. ചില വിഷയങ്ങൾ ബുദ്ധിമുട്ടാണെന്നു മാതാപിതാക്കളും അധ്യാപകരും ആവർത്തിച്ചു പറയുന്നതു കേൾക്കുമ്പോൾ കുട്ടിക്ക് ആ വിഷയത്തോട് ദേഷ്യവും വിരക്തിയും വർധിക്കാം. അതിനാൽ അത്തരം സംസാരങ്ങൾ ഒഴിവാക്കണം.

വഴങ്ങാത്ത വിഷയങ്ങളെ സമീപിക്കാൻ വ്യത്യസ്ത പഠന ശൈലികൾ അവലംബിക്കാം. ദൃശ്യങ്ങളിലൂടെ പഠിക്കുന്നത് വേഗം മനസ്സിൽ പതിയുമെന്നതിനാൽ പഠനത്തിൽ സഹായിക്കുന്ന വിഡിയോയിലൂടെ ആ വിഷയങ്ങൾ പഠിക്കാൻ ശ്രമിക്കാം. ബുദ്ധിമുട്ടുള്ള വിഷയങ്ങൾ കൂടുതൽ സമയമെടുത്ത് പഠിക്കാം. മനസ്സ് ഏറ്റവും ഏകാഗ്രമായിരിക്കുന്ന സമയത്ത് ബുദ്ധിമുട്ടേറിയ വിഷയങ്ങൾ പഠിക്കാൻ സാധിക്കുന്ന തര‌ത്തിൽ ടൈംടേബിൾ ക്രമീകരിക്കാം. പഠിക്കാനേറെയിഷ്ടമുള്ള സമയത്ത് പ്രയാസമേറിയ വിഷയങ്ങൾ പഠിക്കാൻ ശ്രമിക്കാം.

∙ ചോദ്യങ്ങളുടെ നമ്പർ തെറ്റിച്ച് ഉത്തരമെഴുതുക, ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെഴുതാൻ വിട്ടു പോവുക തുടങ്ങി അശ്രദ്ധ കാരണം സംഭവിക്കുന്ന പിഴവുകൾ കൊണ്ടു മാത്രം മാർക്ക് നഷ്ടപ്പെടുന്ന കുട്ടികളുണ്ട്. പരീക്ഷാഹാളിൽ ശ്രദ്ധയോടെയിരിക്കാൻ അവരെ എങ്ങനെ പരിശീലിപ്പിക്കാം?

പരീക്ഷയ്ക്ക് നാലോ അഞ്ചോ ആഴ്ച മുൻപു മാത്രമാണ് ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപെടുന്നതെങ്കിൽ ലെറ്റർ ക്യാൻസലേഷൻ എന്ന പരിശീലന മാർഗത്തിലൂടെ ശ്രദ്ധക്കുറവിനെ അതിജീവിക്കാം. മൂന്നോ നാലോ ഘട്ടങ്ങളായാണ് ഇത് ചെയ്യേണ്ടത്. ഇംഗ്ലിഷ് ന്യൂസ് പേപ്പറാണ് എടുക്കുന്നതെങ്കിൽ അതിലുള്ള ക്യാപിറ്റൽ ലെറ്റർ എ എല്ലാം ക്യാൻസൽ ചെയ്യാൻ ആദ്യത്തെ ഒരാഴ്ച ആവശ്യപ്പെടാം. രണ്ടാമത്തെ ആഴ്ച പരിശീലനം കുറച്ചുകൂടി സങ്കീർണമാക്കാം പത്രത്താളുകളിലെ എല്ലാ ക്യാപിറ്റൽ ലെറ്റർ എയും ഡിയും ക്യാൻസൽ ചെയ്യാൻ ആവശ്യപ്പെടാം. മൂന്നാമത്തെ ആഴ്ച ഇത് കുറച്ചു കൂടി സങ്കീർണമാക്കാം. ഡിയ്ക്കു ശേഷം വരുന്ന സ്മോൾ ലെറ്റർ എ ക്യാൻസൽ ചെയ്യരുത്, ബാക്കിയെല്ലാ ക്യാപിറ്റൽ ലെറ്റർ ഡിയും ക്യാപിറ്റൽ ലെറ്റർ എയും സ്മോൾ ലെറ്റർ എയും ക്യാൻസൽ ചെയ്യാൻ നിർദേശിക്കാം. പരീക്ഷയ്ക്കു മുൻപ് എല്ലാ ദിവസവും അഞ്ചോ പത്തോ മിനിറ്റ് ഈ ആക്റ്റിവിറ്റി ചെയ്യിക്കാം. 

അതുപോലെ തന്നെ ഏകാഗ്രത കൂട്ടാൻ സഹായിക്കുന്ന, വീട്ടിലിരുന്നു ചെയ്യാവുന്ന മറ്റൊരു പരിശീലന മാർഗം കൂടിയുണ്ട്. ഒരു ക്ലോക്കിലെ സൂചികൾ ഒരാഴ്ച നിരീക്ഷിക്കണം. ആദ്യത്തെ ഒരാഴ്ച സെക്കൻഡ് സൂചി കറങ്ങുന്നത് അഞ്ചു മിനിറ്റ് നോക്കിയിരിക്കണം. രണ്ടാമത്തെ ആഴ്ച മിനിറ്റ് സൂചി കറങ്ങുന്നത് നോക്കിയിരിക്കണം. മൂന്നാമത്തെയാഴ്ച സെക്കൻഡ് സൂചിയും മിനിറ്റ് സൂചിയും നോക്കിയിരിക്കുക. നാലാമത്തെ ആഴ്ച ശബ്ദകോലാഹലങ്ങളുള്ള ഒരു മുറിയിലിരുന്ന് ശബ്ദം കേൾക്കുന്നതിനോടൊപ്പം അഞ്ചു മിനിറ്റ് ക്ലോക്കിലെ സൂചികളുടെ ചലനങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുക. ഉത്തരപേപ്പറുകളിൽ നമ്പറുകൾ തെറ്റിച്ചെഴുതുന്ന ശീലമുണ്ടെങ്കിൽ പരീക്ഷ തീരുന്നതിനു മുൻപ് ഉത്തരക്കടലാസ് നന്നായി വായിച്ചു നോക്കണമെന്ന് കുട്ടികളോടു പറയാം. രണ്ടോ മൂന്നോ വട്ടം പരിശോധിച്ച് എല്ലാം കൃത്യമായാണ് എഴുതിയിരിക്കുന്നതെന്ന് ഉറപ്പു വരുത്തണമെന്നും ഓർമപ്പെടുത്തണം.

∙ പരീക്ഷയ്ക്കു ശേഷം കൂട്ടം ചേർന്ന് ചോദ്യപേപ്പറുകൾ വായിച്ചു നോക്കുകയും തെറ്റിപ്പോയ ഉത്തരങ്ങളെക്കുറിച്ചോർത്ത് വിഷമിക്കുകയും ചെയ്യുന്ന കുട്ടികളുണ്ട്. അത്തരം പ്രവണത, വരാൻ പോകുന്ന പരീക്ഷകളെക്കൂടി മോശമായി ബാധിക്കില്ലേ. അത്തരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണം?

Photo Credit : JOSEKUTTY PANACKAL

ഈ ശീലത്തെ രണ്ടു തരത്തിൽ വ്യാഖ്യാനിക്കാം. ഉത്കണ്ഠയോ സമ്മർദ്ദമോ ഇല്ലാത്ത കുട്ടികളാണെങ്കിൽ എവിടെയാണ് തെറ്റു പറ്റിയതെന്നും എന്തുകൊണ്ടാണ് തെറ്റിയതെന്നും ഇനി തെറ്റുപറ്റാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്നും തിരിച്ചറിയാൻ ഇത്തരം ചർച്ചകൾ ഉപകരിക്കും. പക്ഷേ ചില കുട്ടികളിൽ പരീക്ഷയ്ക്കു ശേഷമുള്ള ചർച്ചകൾ ആശങ്കയും സമ്മർദവുമുണ്ടാക്കാറുണ്ട്. അത്തരം കുട്ടികളോട് നിർബന്ധമായും പോസ്റ്റ് എക്സാം ഡിസ്കഷൻ വേണ്ട എന്നു പറയാം. ടെൻഷനില്ലാത്ത കുട്ടികളാണെങ്കിൽ പബ്ലിക് എക്സാമിനേക്കാൾ മോഡൽ എക്സാമിന്റെ സമയത്ത് ഇങ്ങനെ ചെയ്യുന്നതാണ് ഉചിതമെന്നു പറഞ്ഞു കൊടുക്കാം. പബ്ലിക് എക്സാമിന്റെ സമയത്ത് ഇങ്ങനെ ചർച്ച ചെയ്തതുകൊണ്ട് പ്രയോജനമൊന്നും ലഭിക്കില്ലെന്നും തെറ്റിപ്പോയ ഉത്തരങ്ങളെക്കുറിച്ചോർത്ത് വിഷമിക്കാതെ വരാൻ പോകുന്ന പരീക്ഷകളിൽ ശ്രദ്ധിക്കാനും കുട്ടികളോട് പറയാം.

∙ പൊതു പരീക്ഷയെ ആദ്യമായി അഭിമുഖീകരിക്കുന്ന ചില കുട്ടികൾക്ക് ആധി കൂടുമ്പോൾ കൈ വിയർക്കുക, ഇടയ്ക്കിടെ ശുചിമുറി ഉപയോഗിക്കണമെന്നു തോന്നുക ഒക്കെ ചെയ്യാറുണ്ട്. ആധി കുറയ്ക്കാൻ എങ്ങനെ അവരെ പ്രാപ്തരാക്കാം?

ഈ ലക്ഷണങ്ങളും ഉത്കണ്ഠ കൂടുതലുള്ള കുട്ടികളിലാണ് കൂടുതലായും കാണപ്പെടുന്നത്.  മുൻപ് സൂചിപ്പിച്ചതു പോലെ ശ്വസന വ്യായാമങ്ങൾ കൊണ്ട് ഒരു പരിധിവരെ ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണാം. അമിതമായി പരീക്ഷപ്പേടിയുള്ളവർക്കായി മറ്റൊരു പരിശീലനവും നിർദേശിക്കാറുണ്ട്. പരീക്ഷ തുടങ്ങുന്നതിനു മുൻപുള്ള ദിവസങ്ങളിൽ രാത്രിയിൽ കിടക്കാൻ പോകുമ്പോൾ പരീക്ഷയെക്കുറിച്ചു മാത്രം ആലോചിക്കണം. പരീക്ഷാ ഹാളിലേക്ക് യൂണിഫോമിട്ടു പോകുന്നതും കോറിഡോറിലൂടെ നടക്കുന്നതും പരീക്ഷാഹാളിൽ കടക്കുന്നതും ബെല്ലടിക്കുന്നതും ഇൻവിജിലേറ്റർ ചോദ്യക്കടലാസ് നൽകുന്നതും. ഉത്തരക്കടലാസിൽ റജിസ്റ്റർ നമ്പർ എഴുതുന്നതും ചോദ്യക്കടലാസ് നോക്കുമ്പോൾ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം അറിയാമെന്നതും ഉത്തരങ്ങളെല്ലാം സമയത്തിനുള്ളിൽ എഴുതിത്തീർക്കുന്നതും  ഉത്തര പേപ്പർ തിരികെ കൊടുക്കുന്നതുമൊക്കെ സങ്കൽപിക്കണം. എല്ലാ ഉത്തരങ്ങളും നന്നായിട്ടെഴുതിയപ്പോൾ ചിരിക്കുന്ന മുഖത്തോടെ വീട്ടിലെത്തുന്നതായും സങ്കൽപിക്കാൻ പറയാറുണ്ട്. പ്രസാദാത്മകമായ മുഖത്തോടെ പരീക്ഷാഹാളിൽനിന്ന് പുറത്തേക്കിറങ്ങി വരുന്ന ദൃശ്യങ്ങൾ മനസ്സിൽ തെളിയുന്നത് പരീക്ഷയോടുള്ള പേടിയകറ്റാൻ ഉപകരിക്കും. നന്നായി പരീക്ഷയെഴുതാൻ സാധിക്കും എന്ന വിശ്വാസം ഊട്ടിയുറപ്പിക്കാനായി ദിവസവും രാത്രി അഞ്ചു മിനിറ്റ് ഇത്തരത്തിലുള്ള ഇമാജിനേഷൻ പ്രാക്ടീസ് ചെയ്യിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പരീക്ഷാദിവസവും സാധാരണ ദിവസം പോലെ കുട്ടിക്ക് അനുഭവപ്പെടും.

∙ കുട്ടികളിലെ പഠന വൈകല്യം എങ്ങനെ തിരിച്ചറിയാം, പരിഹരിക്കാം?

Representative Image. Photo Credit :Credit:SDI Productions/iStock

പൊതുവെ പഠനവൈകല്യങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. ഡിസ്‌ലെക്സിയ, ഡിസ്ഗ്രാഫിയ, ഡിസ്കാൽക്കുലിയ എന്നിവയാണത്.

1. ഡിസ്‌ലെക്സിയ

Representative Image. Photo Credit :StockPhotoAstur/iStock

അക്ഷരങ്ങൾ കൂട്ടിവായിക്കാനുള്ള ബുദ്ധിമുട്ട്, വായിച്ച കാര്യങ്ങളുെട അർഥം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് ഇവയൊക്കെ ഡിസ്‌ലെക്സിയയുടെ ലക്ഷണങ്ങളാണ്.

2. ഡിസ്ഗ്രാഫിയ

Representative Image. Photo Credit :chameleonseye/iStock

എഴുതാനുള്ള ബുദ്ധിമുട്ട്. ഇംഗ്ലിഷ് അക്ഷരങ്ങളെഴുതുമ്പോൾ ബിയും ഡിയും തിരിഞ്ഞു പോവുക, യുവും വിയും തിരിഞ്ഞു പോവുക, അക്ഷരങ്ങൾ തലതിരിച്ചെഴുതുക, കുത്ത്, കോമ ഇവ ശരിയായ സ്ഥലത്ത് ഇടാതിരിക്കുക. കുത്തിനു ശേഷം ക്യാപിറ്റൽ ലെറ്റർ  എഴുതണം എന്ന കാര്യം മനസ്സിലാകാതിരിക്കുക, ക്യാപിറ്റൽ ലെറ്ററിനു ശേഷം സ്മോൾ ലെറ്റേഴ്സ് ആണ് വരേണ്ടതെന്നും അതിന്റെ സൈസ്  കുറച്ചു കൊണ്ടു വരണം എന്നറിയാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ മൂലം എഴുതാനുള്ള ബുദ്ധിമുട്ടിനെയാണ് ഡിസ്ഗ്രാഫിയ എന്നു പറയുന്നത്. 

3. ഡിസ്കാൽക്കുലിയ

Representative Image. Photo Credit : Deepak Sethi/istock

കണക്ക് ചെയ്യുമ്പോൾ സ്റ്റെപ്പുകൾ ശരിയാക്കുകയും ഉത്തരം എടുത്തെഴുതുമ്പോൾ തെറ്റിപ്പോവുകയും ചെയ്യുക, കൂട്ടുക, കുറയ്ക്കുക, ഗുണിക്കുക, ഹരിക്കുക ഇവ ചെയ്യാനുള്ള ബുദ്ധിമുട്ട്, ഇവയുടെ ചിഹ്നങ്ങൾ തിരിച്ചറിയാനുമുള്ള ബുദ്ധിമുട്ട് ഇവയൊക്കെയാണ് ഡിസ്കാൽക്കുലിയ. ഇതൊരു ന്യൂറോ ഡവലപ്മെന്റൽ ഡിസോർഡറാണ്. ഒരു കുട്ടി ജനിച്ചു വീഴുമ്പോഴേ പഠനവൈകല്യമുള്ള തലച്ചോറായിരിക്കും ഉണ്ടാവുക. ബുദ്ധിക്കുറവു കൊണ്ടാണ് പഠന വൈകല്യമെന്ന് പൊതുവെ തെറ്റിദ്ധാരണയുണ്ട്. ബുദ്ധിയുള്ള കുട്ടിക്കും പഠന വൈകല്യമുണ്ടാകാം എന്നു മനസ്സിലാക്കണം. കുട്ടികൾക്കു മടിയായതുകൊണ്ടാണ് പഠിക്കാത്തതെന്ന തെറ്റിദ്ധാരണ പല മാതാപിതാക്കൾക്കും അധ്യാപകർക്കുമുണ്ട്. പഠിക്കുന്നതു മനസ്സിലാവാത്തതുകൊണ്ടാണ് കുട്ടി പഠിക്കാത്തത് എന്ന തിരിച്ചറിവാണ് ഈ ഘട്ടത്തിൽ വേണ്ടത്. കുട്ടി ആദ്യമായി പഠിക്കാൻ തുടങ്ങുന്ന സമയത്തു തന്നെ പഠന വൈകല്യം തിരിച്ചറിയാം. ഡോക്ടർമാർ, പരിശീലനം ലഭിച്ച അധ്യാപകർ എന്നിവർക്ക് പഠന വൈകല്യമുള്ള കുട്ടികളെ വേഗം തിരിച്ചറിയാൻ സാധിക്കും. പഠന വൈകല്യം ചെറിയ പ്രായത്തിലേ തിരിച്ചറിഞ്ഞ് ശരിയായ റെമഡിയൽ എജ്യുക്കേഷൻ കൊടുത്താൽ കുട്ടിക്ക് തീർച്ചയായും മെച്ചപ്പെടാൻ സാധിക്കും. പൊതു പരീക്ഷയുടെ സമയത്തു പഠന വൈകല്യം തിരിച്ചറിഞ്ഞതുകൊണ്ടോ സർട്ടിഫിക്കറ്റ് വാങ്ങിയതുകൊണ്ടോ യാതൊരു പ്രയോജനവുമില്ലെന്നു മനസ്സിലാക്കണം. 

∙ ഓരോ വ്യക്തിയുടെയും പഠന ശൈലിയും ജീവിത ശൈലിയും വളരെ വ്യത്യസ്തമാണ്. രാത്രിയിലിരുന്നു പഠിക്കാനിഷ്ടമുള്ള കുട്ടികളെ അതിന് അനുവദിക്കാതെ അതിരാവിലെ നിർബന്ധിച്ച് എഴുന്നേൽപിക്കുന്ന രീതി ചില മാതാപിതാക്കൾക്കുണ്ട്. അത്തരക്കാരോട് പറയാനുള്ളതെന്താണ്?

Representative Image. Photo Credit : triloks/istock

കുട്ടികൾക്ക് ഏകാഗ്രതയോടെ പഠിക്കാൻ കഴിയുന്ന സമയത്ത് അതിന് അനുവദിക്കുകയാണ് വേണ്ടത്. അതിരാവിലെയോ രാത്രി ഒരുപാട് വൈകിയോ പഠിക്കാനിഷ്ടമുള്ള കുട്ടികളുണ്ട്. അവർ ആ സമയത്തു തന്നെ പഠിക്കട്ടെ. കുട്ടികളെ ഒറ്റയ്ക്കിരുന്നു പഠിക്കാൻ പ്രേരിപ്പിക്കാതെ കുറച്ചു നേരമെങ്കിലും അവരുടെ ഒപ്പമിരിക്കാൻ സമയം കണ്ടെത്താം. കുട്ടി പഠിക്കുന്ന സമയത്ത് ടെലിവിഷൻ കാണുക, ഫോണിൽ ഉറക്കെ സംസാരിക്കുക, ഉറക്കെ പ്രാർഥനകൾ ചൊല്ലുക തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടരുത്. കുട്ടികൾക്ക് സുരക്ഷിതത്വ ബോധം ഉറപ്പാക്കുന്ന തരത്തിൽ പെരുമാറാൻ അതീവ ജാഗ്രത വേണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും ഉറങ്ങാനും പ്രേരിപ്പിക്കണം. മാതാപിതാക്കൾക്കിഷ്ടമുള്ള സമയത്തല്ല, കുട്ടികൾക്കിഷ്ടമുള്ള സമയത്ത് അവരെ പഠിക്കാൻ അനുവദിക്കണം. അതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം.  

∙ എത്ര പഠിച്ചാലും അത് കൃത്യമായി എഴുതി ഫലിപ്പിച്ചെങ്കിലേ പരീക്ഷയിൽ ഗുണം ചെയ്യൂ. പഠിച്ചത് ഓർമയിലുറപ്പിക്കാനും കൃത്യമായി എഴുതാനും കുട്ടികളെ സഹായിക്കാനായി അധ്യാപകർക്കും മാതാപിതാക്കൾക്കും എന്തൊക്കെ ചെയ്യാനാകും?

കുട്ടികളുടെ മേൽ ഒരു വിധത്തിലുള്ള സമ്മർദവും ചെലുത്തരുത്. അനാവശ്യമായ താരതമ്യം ഒഴിവാക്കണം. മറ്റൊരാളുമായി താരതമ്യം ചെയ്ത് ദൗർബല്യങ്ങളെ പർവതീകരിച്ചു പറയുമ്പോൾ ആത്മാഭിമാനം നഷ്ടപ്പെട്ട് കുട്ടിക്ക് അശ്രദ്ധയും ഓർമക്കുറവും ഒക്കെ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. കുടുംബാംഗങ്ങൾ തമ്മിൽ വഴക്കോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അതൊരിക്കലും പരീക്ഷാ സമയത്ത് കുട്ടികളുടെ മുന്നിലവതരിപ്പിക്കരുത്. മോഡൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞാലും നിരുത്സാഹപ്പെടുത്തരുത്. തെറ്റിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച്, നന്നായി പഠിച്ചാൽ നല്ല മാർക്ക് കിട്ടുമെന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കാം. അത്തരം ആശ്വാസ വാക്കുകൾ കുട്ടികളുടെ ആത്മവിശ്വാസം കൂട്ടാൻ സഹായിക്കും. പഠനവുമായി ബന്ധപ്പെട്ട കുഞ്ഞു കുഞ്ഞു നോട്ടുകളും ചാർട്ടുകളും ടൈംടേബിളും  മറ്റും തയാറാക്കാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും കുട്ടികളെ സഹായിക്കാം.  

English Summary: How to identify and cure Studying Disorders in Students- Explained