കോട്ടയം ∙ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മണപ്പുറം ഫൗണ്ടേഷനും ക്യു ഫാക്ടറിയും ചേർന്നൊരുക്കുന്ന സരോജിനി പദ്മനാഭൻ മെമ്മോറിയൽ മെയ്ഡ് ഇൻ ഇന്ത്യ സീസൺ 1 ക്വിസ് മത്സരത്തിനു തുടക്കം. കേരളത്തിലെ ഹയർ സെക്കൻഡറി/കോളജ് വിദ്യാർഥികൾ രണ്ടു പേരടങ്ങുന്ന ടീമുകളായാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ഇന്ത്യ ക്വിസ് മത്സരമായ മെയ്ഡ് ഇൻ ഇന്ത്യയുടെ സോഷ്യൽ മീഡിയ ഘട്ടം ഏതാനും ദിവസങ്ങൾക്കു മുൻപാണ് പൂർത്തിയായത്. നൂറോളം ടീമുകൾ പങ്കെടുത്ത കർട്ടൻ റെയ്സറിനു ശേഷമുള്ള യഥാർഥ മത്സരത്തിനാണ് ഇന്നലെ തുടക്കമായത്. ക്യു പോസിറ്റീവ് യൂ ട്യൂബ് ചാനലിലൂടെ നടക്കുന്ന ക്വാളിഫയേഴ്‌സിൽ നാലു ദിവസങ്ങളിലായി 4 ക്വിസുകൾ ആണ് ഉണ്ടാവുക. ആകെയുള്ള 40 ചോദ്യങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിക്കുന്ന 8 ടീമുകൾ മെഗാ സെമിഫൈനലിലേക്ക് യോഗ്യത നേടും. 

പ്രശസ്ത ഗായികയും, ഇന്റർനാഷണൽ ക്വിസിങ് അസോസിയേഷൻ ഏഷ്യ ചാപ്റ്ററിന്റെ സ്റ്റേറ്റ് നോഡൽ ഓഫീസറുമായ ഡോ. അമ്പിളി ശ്രീനിവാസ് ആണ് ക്വിസ് മാസ്റ്റർ ആയി എത്തുന്നത്. രണ്ടര ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.