ന്യൂഡൽഹി ∙ വിദ്യാഭ്യാസ, ഗവേഷണ മേഖലകളിൽ സർവകലാശാലകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിനു യുജിസി കരടു മാർഗരേഖയിറക്കി. വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന കോഴ്സിലെ പ്രായോഗിക പരിശീലനത്തിനു വ്യവസായ സ്ഥാപനങ്ങളുടെ സഹായം തേടുക, നിലവിലുള്ള ജീവനക്കാർക്കായി സ്ഥാപനങ്ങളും സർവകലാശാലകളും ചേർന്ന് സംയുക്ത ബിരുദപ്രോഗ്രാമുകൾ തുടങ്ങുക എന്നിങ്ങനെയുള്ള നിർദേശങ്ങളുണ്ട്.

Read Also : കമ്പനികൾ ‘കൊത്തി’ക്കൊണ്ടുപോകും ഈ കഴിവുള്ളവരെ; നൈപുണ്യം വികസിപ്പിക്കാം11 വഴികളിലൂടെ

സർവകലാശാലകളും വ്യവസായ സ്ഥാപനങ്ങളും ചേർന്ന് പ്രാദേശിക അടിസ്ഥാനത്തിൽ ക്ലസ്റ്ററുകൾ ആരംഭിക്കണം. ക്ലസ്റ്ററുകളുടെ നേതൃത്വം മേഖലയിലെ ഒരു സർവകലാശാലയ്ക്കായിരിക്കും. ഗവേഷണം, ഇന്റേൺഷിപ് തുടങ്ങിയ കാര്യങ്ങളിൽ ക്ലസ്റ്റർ തലത്തിലായിരിക്കും പരസ്പര സഹകരണം. സർവകലാശാലകളുടെ ബോർഡ് ഓഫ് സ്റ്റഡീസിലും അക്കാദമിക് കൗൺസിലിലും ഇൻഡസ്ട്രി പ്രഫഷനലുകളെ നിയമിക്കാം. ഇവരെ ‘പ്രഫസർ ഓഫ് പ്രാക്ടിസ്’ ആയി അധ്യാപനത്തിനും നിയോഗിക്കാം.

 മറ്റു നിർദേശങ്ങൾ:

∙ വ്യവസായ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ സർവകലാശാലകളിൽ തൊഴിൽ പരിശീലനകേന്ദ്രങ്ങൾ.

∙ വ്യാവസായിക സംവിധാനങ്ങൾ സർവകലാശാലാ ഗവേഷകർക്ക് ഉപയോഗിക്കാനും, പകരം സർവകലാശാലാ സൗകര്യങ്ങൾ വ്യവസായ മേഖലയുടെ ടെസ്റ്റിങ്ങിനും സർട്ടിഫിക്കേഷനുമായി വിട്ടുനൽകുക.

∙ സർവകലാശാലകളിൽ ‘ഇ‍ൻഡസ്ട്രി ചെയർ’ ആരംഭിക്കുക. മികച്ച ഗവേഷകർക്കു വ്യവസായ സ്ഥാപനങ്ങളുടെ സ്കോളർഷിപ്.

∙ സാങ്കേതികവിദ്യാ വികസനത്തിന് ഇരുകൂട്ടരും ചേർന്നു സംയുക്ത ഗവേഷണം.

∙ യുജി, പിജി വിദ്യാർഥികളുടെ പ്രോജക്ടുകൾക്ക് അധ്യാപകരുടെയും വ്യവസായ വിദഗ്ധരുടെയും മേൽനോട്ടം.

Content Summary : UGC guidelines for University-Industry collaboration