യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയെ കുറിച്ച് പ്രശസ്ത പരിശീലകർ വിലയിരുത്തുന്നു.

സി.ആർ.രാജീവ് 
(തിരുവനന്തപുരം) 

വളരെ ശ്രദ്ധേയമായ മത്സരപ്പരീക്ഷ. പരമ്പരാഗതവും നവീനവുമായ ചോദ്യങ്ങളുടെ സമ്മിശ്രം. ബുദ്ധിമുട്ടുള്ളവയും ആവർത്തിച്ച ചോദ്യങ്ങളും ഉൾപ്പെടുത്തി. അൻപതോളം ചോദ്യങ്ങൾ ഏറെ വെല്ലുവിളി ഉയർത്തുന്നതായിരുന്നു. ഫാക്ട്സ് എബൗട്ട് ഇന്ത്യ, സയൻസ് വിഭാഗങ്ങളിൽ പുതുമ നിറഞ്ഞ ചോദ്യങ്ങളായിരുന്നു. എന്നാൽ, മെന്റൽ എബിലിറ്റിയിലും മലയാളത്തിലും ഇംഗ്ലിഷിലുമൊക്കെ തികച്ചും പരമ്പരാഗത ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. നല്ല കഴിവുള്ളവരെ കണ്ടെത്താൻ സാധിക്കുന്ന പരീക്ഷ. കട്ട് ഓഫ് മാർക്ക് 70 ൽ കൂടാൻ സാധ്യതയില്ല. 

ബക്കർ കൊയിലാണ്ടി
(കോഴിക്കോട്) 

കഴിഞ്ഞ തവണത്തേക്കാൾ ‘എരിവുള്ള’ പരീക്ഷ എന്നു പറയാം. അന്നത്തേക്കാൾ കടുപ്പമുള്ള ചോദ്യങ്ങൾ. നവോത്ഥാനം, മധ്യകാല ഇന്ത്യ ചരിത്രം എന്നിവയിൽനിന്നു ചോദ്യങ്ങളേ ഉണ്ടായില്ല. മത്സരപ്പരീക്ഷകളിൽ ഭരണഘടന പോലുള്ള വിഷയങ്ങൾ എത്രത്തോളം പ്രാധാന്യമുള്ളതാണെന്നു വെളിപ്പെടുത്തിയ പരീക്ഷ. ഇംഗ്ലിഷ് ഒരൽപം പ്രയാസമേറിയ ഭാഗങ്ങളിലൂടെയാണു കടന്നുപോയത്. എന്നാൽ, ആറു മാസം നന്നായി തയാറെടുത്തവർക്കു നന്നായി മാർക്ക് സ്കോർ ചെയ്യാൻ സാധിക്കുമെന്നതിൽ സംശയമില്ല. 

വി.ജി.സജി 
(പാലക്കാട്) 

സാധാരണ നിലവാരത്തിൽനിന്നും ഉയർന്നതായിരുന്നു പരീക്ഷ. പലപ്പോഴും പിഎസ്‌സി പരീക്ഷകളിൽ കടന്നുകൂടാറുള്ള തെറ്റുകൾ ഉണ്ടായില്ല. ജനറൽ സയൻസിൽ നല്ലവണ്ണം പഠിച്ചവർക്ക് ഏഴോ എട്ടോ മാർക്ക് കിട്ടാം. കറന്റ് അഫയേഴ്സിൽ പൊതുവെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിയത് ഉദ്യോഗാർഥികളെ അൽപം വലച്ചു. ജനറൽ ഇംഗ്ലിഷിൽ വൊക്കാബുലറി അൽപം ബുദ്ധിമുട്ടുള്ളതായി. ആത്മാർഥതയോടെ പഠിച്ചുവരുന്നവർക്കു മാത്രം ലിസ്റ്റിൽ ഇടം നേടാൻ കഴിയുന്ന വിധത്തിലുള്ള ചോദ്യ പേപ്പർ. 67 മുതൽ 70 വരെയായിരിക്കാം കട്ട് ഓഫ് മാർക്ക്. 

പോഡ്കാസ്റ്റ് കേൾക്കാം

ഉദ്യോഗാർഥികളുടെ വിലയിരുത്തലുകൾ

ആർ.അഞ്ജലികൃഷ്ണ 
(കൊല്ലം) 

പൊതുവെ ബുദ്ധിമുട്ടുള്ള പരീക്ഷയായിരുന്നു. പുതിയ ചോദ്യങ്ങളായിരുന്നു കൂടുതലും. സമീപകാലത്തെ പല പരീക്ഷകളേക്കാളും കഠിനമായിരുന്നു. എല്ലാ വിഭാഗത്തിലും ചോദ്യങ്ങൾ കടുപ്പമായി. പെട്ടെന്ന് ഉത്തരം കിട്ടരുത് എന്ന രീതിയിലുള്ളതായിരുന്നു ചോദ്യങ്ങളുടെ പാറ്റേൺ. 

അനുമോദ് വർഗീസ് 
(കോഴിക്കോട്) 

നല്ല നിലവാരമുള്ള പരീക്ഷയായിരുന്നു. അത്യാവശ്യം ബുദ്ധിമുട്ടുള്ളതുമായിരുന്നു. ശാസ്ത്ര വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണു കൂടുതൽ ബുദ്ധിമുട്ടുള്ളതായി തോന്നിയത്. വിവിധ സർക്കാർ സ്കീമുകളെക്കുറിച്ചുള്ള ചോദ്യങ്ങളും പ്രയാസമുള്ളതായിരുന്നു. 

അശ്വതി എ.ദാസ് 
(എറണാകുളം) 

ഉദ്യോഗാർഥികളെ നിരാശപ്പെടുത്തിയ പരീക്ഷ. പൊതുവെ ബുദ്ധിമുട്ടായിരുന്നു. മാർക്ക് സ്കോർ ചെയ്യരുത് എന്ന നിലയിൽ ചോദ്യങ്ങൾ ഇട്ടതായാണു തോന്നിയത്. കഷ്ടപ്പെട്ടു പഠിച്ചവർക്ക് ചോദ്യം കാണുമ്പോൾ സങ്കടം തോന്നിയിട്ടുണ്ടാകും. സിലബസ് പാലിച്ചല്ല ചോദ്യങ്ങളിട്ടത്. 

ജെ.ജിത്തു കൃഷ്ണൻ
(തിരുവനന്തപുരം)

പരീക്ഷ അൽപം പ്രയാസം തന്നെയായിരുന്നു. നന്നായി പഠിക്കുന്നവർക്കു മാത്രം അറ്റൻഡ് ചെയ്യാവുന്നതായിരുന്നു ഗണിത ചോദ്യങ്ങൾ. പ്രീവിയസ് ചോദ്യങ്ങൾ തീരെ കുറവായിരുന്നു. പുതുതായി ഉൾപ്പെടുത്തിയ ചോദ്യങ്ങൾ മിക്കതും ഏറെ പ്രയാസം ഉള്ളവയായിരുന്നു. 

ഒ.എ.വിവേക് 
(പാലക്കാട്) 

വളരെ നിലവാരം പുലർത്തിയ പരീക്ഷയായിരുന്നു. നന്നായി തയാറെടുത്തവർക്കു നല്ല മാർക്ക് നേടാൻ സഹായകമായ പരീക്ഷയായിരുന്നു. കണക്ക് ചോദ്യങ്ങൾ ചെയ്യാൻ കുറേ സമയം വേണ്ടിവന്നു. കണക്കിൽ പിന്നാക്കം നിൽക്കുന്നവർക്ക് ആദ്യഭാഗത്തു സമയം കളയേണ്ടിവന്നിട്ടുണ്ടാകാം. 

ആർ.ബിൻസി 
(പാലക്കാട്) നന്നായി പഠിച്ചു പരീക്ഷയ്ക്കു പോകുമ്പോൾ ഉത്തരമില്ലാത്ത ചോദ്യങ്ങൾ കിട്ടുന്നതു പരീക്ഷയുടെ ടൈം മാനേജ്മെന്റിനെ ബാധിക്കാറുണ്ട്. എന്നാൽ, സിലബസിൽ ഒതുങ്ങിനിൽക്കുന്നതായിരുന്നു ഈ പരീക്ഷ. ചുരുക്കം ചില ചോദ്യങ്ങൾ മാറ്റിനിർത്തിയാൽ ലളിതവും നിലവാരം പുലർത്തുന്നതുമായിരുന്നു.

തൊഴിൽ വീഥി വരിക്കാരാകാം