എൽഡിസി പഠനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നു സംശയമുള്ളവർക്കായി കരിയർ ഗുരുവും തൊഴിൽ വീഥിയും ചേർന്നുനടത്തിയ ഫോൺ ഇൻ പരിപാടിയിൽ പ്രശസ്ത പരിശീലകൻ മൻസൂർ അലി കാപ്പുങ്ങൽ നൽകിയ 10 പ്രധാന മാർഗനിർദേശങ്ങൾ:

∙പരീക്ഷ എപ്പോഴെന്ന് ഉറപ്പില്ലെങ്കിലും നവംബറോടെയെന്ന രീതിയിൽ തയാറെടുപ്പു തുടരുക. 

∙പരീക്ഷാ പാറ്റേൺ മാറുമോയെന്നു പലരും ചോദിക്കാറുണ്ട്. നേരിട്ടു ചോദിക്കുന്ന രീതി മാറിയേക്കാം. ഉദാഹരണത്തിന് ചേരുംപടി ചേർക്കുക, കൂട്ടത്തിൽപ്പെടാത്തത് ഏത്, താഴെ പറയുന്നവയിൽ ശരിയായത് ഏത്, കാലഗണനാക്രമത്തിലാക്കുക തുടങ്ങിയ രീതിയിൽ പുതിയ ചോദ്യങ്ങൾ ഉൾപ്പെടുത്തിയേക്കാം. പരീക്ഷാരീതി എങ്ങനെ മാറിയാലും പഠന രീതി മാറ്റേണ്ടതില്ല. 

∙കൊറോണക്കാലത്തെ ബോണസായി കാണണം. കൂടുതൽ സമയം വീട്ടിലുള്ള ഈ സാഹചര്യത്തെ ‘മുതലെടുക്കുന്നവരാ’കും വിജയിക്കുക. 

∙ഇഷ്ടവിഷയങ്ങൾ കൂടുതൽ പഠിക്കുന്നതാണു മിക്കവരുടെയും രീതി. എന്നാൽ, പ്രയാസമുള്ള വിഷയങ്ങൾക്കാണു കൂടുതൽ സമയം നൽകേണ്ടത്. 

∙5 – 10 ക്ലാസ് എസ്‌സിഇആർടി പാഠപുസ്തകങ്ങൾ കൃത്യമായി പഠിക്കുക. അതിലെ പരിശീലനങ്ങൾ ചെയ്തുശീലിക്കുക. സയൻസ് പ്രധാനം.

∙കേരളം, ഇന്ത്യ, സയൻസ്, മലയാളം, ഇംഗ്ലിഷ്, കണക്ക് എന്ന ക്രമത്തിൽ പഠിക്കുക. പരിശീലനത്തിനിടെ ലഭിക്കുന്ന വിവരങ്ങൾ നോട്ട്ബുക്കിൽ കുറിക്കുക. 

∙മാത്‌സിൽ ഉത്തരത്തിനുള്ള എളുപ്പവഴികൾ പഠിച്ചെടുക്കുക.  

∙മലയാളത്തിൽ സന്ധി, വിഭക്തി, പ്രത്യയം തുടങ്ങിയവ സ്ഥിരം ചോദ്യങ്ങളെന്ന് ഓർക്കുക. 

∙ഇംഗ്ലിഷ് ഗ്രാമറിലും നല്ല തയാറെടുപ്പു വേണം. 

∙കറന്റ് അഫയേഴ്സിൽ 2019 ജനുവരി– 2020 ജൂൺ കാലയളവിനാണു പ്രാധാന്യം നൽകേണ്ടത്. മലയാളസാഹിത്യം, പത്മ, സിനിമ, ഓസ്കർ, നൊബേൽ തുടങ്ങിയ പ്രധാന പുരസ്കാരങ്ങൾ 2018 ലേതും പഠിക്കണം. സാഹിത്യപുരസ്കാരങ്ങൾ 1977 ലേതുവരെ ചോദിക്കാറുണ്ട്.

വേണം, പഠന ടെക്നിക്കുകൾ

∙പഠിച്ചതു പലപ്പോഴും മറന്നുപോകും. പല ആവർത്തി വായിച്ചുപഠിക്കുക മാത്രമാണു പോംവഴി. ഓരോ തവണ വായിക്കുമ്പോഴും മറന്നുപോകുന്ന ഭാഗങ്ങൾ പെൻസിൽകൊണ്ട് അടയാളപ്പെടുത്തുക. അടുത്ത വായനയിൽ ഉത്തരം കിട്ടുന്നുണ്ടെങ്കിൽ മായ്ച്ചുകളയുക. 

∙വായിച്ചുപോകുന്ന ഭാഗങ്ങൾ മൊബൈൽ ഫോണിൽ റിക്കോർഡ് ചെയ്തുവച്ച് പിന്നീടു ജോലി ചെയ്യുമ്പോഴോ വിശ്രമിക്കുമ്പോഴോ കേട്ടു പഠിക്കുന്നതു ശീലമാക്കുക. 

∙പത്രത്തിലെ പ്രധാന കാര്യങ്ങൾ ദിവസവും കുറിച്ചുവയ്ക്കുക. മാസം 50–60 കാര്യങ്ങൾ ഇങ്ങനെ പഠിക്കേണ്ടിവരും. 

∙എൽഡിസിക്കു നന്നായി തയാറെടുത്താൽ ബാക്കി 20 മാർക്കിനുള്ള സൈക്കോളജി, ടീച്ചിങ് ആപ്റ്റിറ്റ്യൂഡ് വിഷയങ്ങൾ കൂടി പരിശീലിച്ച് എൽപി/യുപി അസിസ്റ്റന്റ് പരീക്ഷയ്ക്കും പ്രയോജനപ്പെടുത്താം.