ഇന്ത്യന്‍ കമ്പനികളിലെ ജീവനക്കാര്‍ക്ക് ഈ വര്‍ഷം ശരാശരി 10 ശതമാനം ശമ്പള വർധന പ്രതീക്ഷിക്കാമെന്ന് ആഗോള കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ കോണ്‍ ഫെറി പവചിക്കുന്നു. എന്നാല്‍ പണപ്പെരുപ്പം കിഴിച്ചു കഴിഞ്ഞാല്‍ ലഭിക്കുന്ന യഥാർഥ വേതന വർധന 5 ശതമാനമായിരിക്കും. കഴിഞ്ഞ വര്‍ഷം 9 ശതമാനമായിരുന്നു ശരാശരി വേതന വർധന. 

ഏഷ്യയിലെ ശരാശരി വേതന വർധന 5.6 ശതമാനമായിരിക്കുമെന്നാണു കോണ്‍ഫെറിയുടെ പ്രവചനം. പണപ്പെരുപ്പം കുറച്ചാല്‍ ഇതു 2.6 ശതമാനമാണ്. ആഗോള തലത്തില്‍ മറ്റു മേഖലകളെ അപേക്ഷിച്ച് ഇത് ഉയര്‍ന്നതാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ 2.8 ശതമാനത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ അല്‍പം കുറവാണ്. കിഴക്കന്‍ യൂറോപ്പിലെ പ്രതീക്ഷിത യഥാര്‍ത്ഥ വേതന വർധന 2 ശതമാനവും യുകെയിലേതു 0.6 ശതമാനവുമാണ്. 

ഈ വര്‍ഷം ചൈനയില്‍ പ്രതീക്ഷിക്കുന്ന യഥാര്‍ത്ഥ വേതന വർധന 3.2 ശതമാനവും ജപ്പാനിലേതു 0.1 ശതമാനവുമാണ്. വിയറ്റ്‌നാം(4.8ശതമാനം), സിംഗപ്പൂര്‍(3 ശതമാനം), ഇന്തോനേഷ്യ(3.7 ശതമാനം) എന്നിങ്ങനെയാണു മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രതീക്ഷിക്കുന്ന യഥാർഥ വേതന വർധന