കെഎസ്എഫ്ഇ ജൂനിയർ അസിസ്റ്റന്റ് (അസിസ്റ്റന്റ് ഗ്രേഡ് രണ്ട്) യോഗ്യതയിൽ മാറ്റം. ഇതുവരെ ഏതെങ്കിലും ബിരുദമുള്ളവർക്ക്  ഈ തസ്തികയിൽ അപേക്ഷിക്കാമായിരുന്നെങ്കിലും  ഇനി ബിരുദത്തോടൊപ്പം പിജിഡിസിഎ കൂടി വിജയിച്ചവർക്കേ അപേക്ഷിക്കാൻ കഴിയൂ. 08–08–2018ലെ ജിഒ (എംഎസ്) നമ്പർ. ഉത്തരവനുസരിച്ച്  ജൂനിയർ അസിസ്റ്റന്റ് തസ്തികയുടെ യോഗ്യതകൾ ഇനി പറയുന്നു. 

1. അംഗീകൃത സർവകലാശാല ബിരുദം 2. സർക്കാർ അംഗീകാരമുള്ള പിജിഡിസിഎ അല്ലെങ്കിൽ തത്തുല്യം. കെഎസ്എഫ്ഇയിലെ താഴ്ന്ന തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക്  തസ്തികമാറ്റം വഴി ജൂനിയർ അസിസ്റ്റന്റ് ആകാൻ പിജിഡിസിഎ വേണ്ട.  ഡിസിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരുന്നാൽ മതി. ഇവർക്ക് നിയമനം നേടുമ്പോൾ ഡിസിഎ വേണമെന്നും നിർബന്ധമില്ല. രണ്ടു വർഷത്തിനകം യോഗ്യത നേടിയാൽ മതി.  

പരീക്ഷ എഴുതിയവർ ആശങ്കയിൽ
യോഗ്യതാ ഭേദഗതി നടപ്പായതോടെ കെഎസ്എഫ്ഇ ജൂനിയർ അസിസ്റ്റന്റ് (കമ്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ്) തസ്തികയുടെ മുൻ വിജ്ഞാപനപ്രകാരം പരീക്ഷ എഴുതിയവർ ആശങ്കയിലായി. അംഗീകൃത സർവകലാശാല ബിരുദമായിരുന്നു ഈ തസ്തികയ്ക്ക് 13–10–2017ലെ വിജ്ഞാപനത്തിൽ നിശ്ചയിച്ചിരുന്ന യോഗ്യത. ഇതനുസരിച്ച് ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ അപേക്ഷ നൽകി.  05–08–2018ൽ പിഎസ്‌സി പരീക്ഷയും നടത്തി. ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയാക്കി സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കേയാണ്  യോഗ്യതയിൽ മാറ്റം വന്നിരിക്കുന്നത്. വിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷം വന്ന യോഗ്യതാ ഭേദഗതി നിലവിലുള്ള തിരഞ്ഞെടുപ്പിൽ ബാധകമാക്കരുതെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്. യോഗ്യതാഭേദഗതി ഈ തസ്തികയുടെ അടുത്ത വിജ്ഞാപനം മുതൽ മാത്രമേ നടപ്പാകൂ എന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയെങ്കിൽ മാത്രമേ പ്രശ്നത്തിനു പരിഹാരമാകൂ.