പഞ്ചാബ് നാഷനൽ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 325 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കേണ്ട  അവസാന തീയതി മാർച്ച് 2.

മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ– 3, മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ –2, ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–1  വിഭാഗങ്ങളിലാണ് ഒഴിവുകൾ.  ജോലിപരിചയമുള്ളവർക്കാണ് അവസരം. സീനിയർ മാനേജർ (ക്രെഡിറ്റ്), മാനേജർ (ക്രെഡിറ്റ്), സീനിയർ മാനേജർ (ലോ), മാനേജർ (ലോ), മാനേജർ (എച്ച്ആർഡി), ഓഫിസർ (ഐടി) എന്നീ വിഭാഗങ്ങളിലായാണ് നിയമനം. ഒരു തസ്തികയിലേക്കു മാത്രം അപേക്ഷിക്കുക.  യോഗ്യത, പ്രായം, ജോലിപരിചയം ചുരുക്കത്തിൽ ചുവടെ.

സീനിയർ മാനേജർ (ക്രെഡിറ്റ്): സിഎ/ഐസിഡബ്ല്യുഎ/എംബിഎ അല്ലെങ്കിൽ ഫിനാൻസ് സ്പെഷലൈസേഷനോടെ പിജിഡിഎം അല്ലെങ്കിൽ തത്തുല്യ പോസ്റ്റ് ഗ്രാജുവേഷൻ ബിരുദം/ഡിപ്ലോമ, 25– 37 വയസ്, കുറഞ്ഞത് 5 വർഷം ജോലിപരിചയം. 

മാനേജർ (ക്രെഡിറ്റ്): സിഎ/ഐസിഡബ്ല്യുഎ/എംബിഎ അല്ലെങ്കിൽ ഫിനാൻസ് സ്പെഷലൈസേഷനോടെ പിജിഡിഎം അല്ലെങ്കിൽ തത്തുല്യ പോസ്റ്റ് ഗ്രാജുവേഷൻ ബിരുദം/ഡിപ്ലോമ, 25– 35 വയസ്, കുറഞ്ഞത് 3 വർഷം ജോലിപരിചയം.

സീനിയർ മാനേജർ (ലോ): ബിരുദവും നിയമ ബിരുദവും അല്ലെങ്കിൽ പഞ്ചവൽസര ഇന്റഗ്രേറ്റഡ് നിയമ ബിരുദം, 28– 35 വയസ്, കുറഞ്ഞത് 7 വർഷം ജോലിപരിചയം.

മാനേജർ (ലോ): ബിരുദവും നിയമ ബിരുദവും അല്ലെങ്കിൽ പഞ്ചവൽസര ഇന്റഗ്രേറ്റഡ് നിയമ ബിരുദം, 25– 32 വയസ്, കുറഞ്ഞത് 3 വർഷം ജോലിപരിചയം.‌‌

മാനേജർ (എച്ച്ആർഡി): പഴ്സനെൽ മാനേജ്മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/എച്ച്ആർ/ എച്ച്ആർഡി/ എച്ച്ആർഎം/ ലേബർ ലോയിൽ ദ്വിവൽസര ഫുൾടൈം പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം/ ഡിപ്ലോമ, 25– 35 വയസ്, കുറഞ്ഞത് 3 വർഷം ജോലിപരിചയം.

ഓഫിസർ (ഐടി): ഫുൾടൈം എംസിഎ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ കംപ്യൂട്ടർ സയൻസ് /കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി / ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബിഇ/ ബിടെക്, 21– 28 വയസ്, കുറഞ്ഞത് ഒരു വർഷം ജോലിപരിചയം. 

2019 ഫെബ്രുവരി 14 അടിസ്ഥാനമാക്കി യോഗ്യത, ജോലിപരിചയം എന്നിവ കണക്കാക്കും.ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചു വർഷവും മറ്റു പിന്നാക്കവിഭാഗക്കാർക്ക് മൂന്നു വർഷവും വികലാംഗ വിഭാഗക്കാർക്കു 10 വർഷവും ഇളവ് ലഭിക്കും.വിമുക്തഭടൻമാർക്കും ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. മാർച്ച് 24 നു പരീക്ഷ നടത്തും. കൊച്ചി, തൃശൂർ, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.  ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരെ ഇന്റർവ്യൂവിനു ക്ഷണിക്കും.  

അപേക്ഷാഫീസ്: 600 രൂപ. പട്ടികവിഭാഗം, വികലാംഗർ എന്നീ വിഭാഗക്കാർക്ക്  100 രൂപ മതി. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് (വിസ, മാസ്റ്റർ, റുപേ), ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക. 

അപേക്ഷിക്കേണ്ട വിധം: ഓൺലൈനിൽ അപേക്ഷിക്കണം. ഓൺലൈൻ റജിസ്ട്രേഷനു www.pnbindia.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ–മെയിൽ വിലാസം ഉണ്ടായിരിക്കണം. 

ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സ്‌കാൻ (ഡിജിറ്റൽ രൂപം) ചെയ്‌തതു വേണ്ടിവരും. ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്‌ത് അപ്‌ലോഡ് ചെയ്യുന്നതു സംബന്ധിച്ച നിർദേശങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ളതു ശ്രദ്ധിക്കുക. ഓൺലൈൻ അപേക്ഷാഫോം പ്രിന്റൗട്ടും ഫീസ് അടച്ച രസീതും അപേക്ഷകർ സൂക്ഷിക്കുക. പിന്നീട് ആവശ്യം വരും. 

അപേക്ഷിക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനത്തിലെ നിർദേശങ്ങളും വ്യവസ്‌ഥകളും വായിച്ചു മനസിലാക്കണം.