കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള ജില്ലാ നെഹ്‌റു യുവ കേന്ദ്രങ്ങളിൽ നാഷനൽ യൂത്ത് വൊളന്റിയർമാരായി നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 14 ജില്ലകളിൽ ആകെയുള്ള 152 ബ്ലോക്കുകളിലുമായി 332 യുവതീ-യുവാക്കൾക്ക് വൊളന്റിയർമാരാകാൻ അവസരം ലഭിക്കും. നെഹ്‌റു യുവകേന്ദ്ര നടപ്പാക്കുന്ന യുവജന ക്ഷേമ പരിപാടികൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും  യൂത്ത് ക്ലബുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയുമാണ് വൊളന്റിയർമാരുടെ പ്രധാന കർത്തവ്യങ്ങൾ.

യോഗ്യത: എസ്എസ്എൽസി ജയം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ, കംപ്യൂട്ടർ പരിജ്ഞാനമുള്ളവർ, നെഹ്‌റു യുവ കേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബുകളിലെ അംഗങ്ങൾ എന്നിവർക്ക് മുൻഗണന ലഭിക്കും. പ്രായം (2018  ഏപ്രിൽ 1 ന്): 18-29 വയസ്.

പരിശീലനത്തിന് ശേഷം ബ്ലോക്ക് തലത്തിൽ നിയോഗിക്കപ്പെടുന്ന  വൊളന്റിയർമാർക്ക് പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷകർ അതത് ജില്ലകളിൽ സ്ഥിര താമസക്കാരായിരിക്കണം. റഗുലർ കോഴ്സിനു പഠിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല. താൽപര്യമുള്ളവർ അതത് ജില്ലകളിലെ നെഹ്‌റു യുവകേന്ദ്രാ ജില്ലാ യൂത്ത് കോർഡിനേറ്റർമാർക്ക് മാർച്ച് 3 നകം നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനും ഓൺലൈനായി സമർപ്പിക്കുന്നതിനും www.nyks.nic.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.