അവസരങ്ങളുടെ ട്രാക്കിൽ ‘ബുള്ളറ്റ് ട്രെയിൻ’ വേഗത്തിൽ പായുകയാണ് ഇന്ത്യൻ റെയിൽവേ. 1.30 ലക്ഷം പേരുടെ നിയമനത്തിനു വഴിയൊരുക്കുന്ന വിജ്ഞാപനം കൂടിയെത്തിയതോടെ സമീപകാലത്തു റെയിൽവേ ഉദ്യോഗാർഥികൾക്കു സമ്മാനിച്ച ഒഴിവുകൾ മൂന്നു ലക്ഷത്തിന് അടുത്തെത്തി. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവ് എന്നറിയപ്പെടുന്ന റെയിൽവേയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ വിജ്ഞാപനമായി മാറുകയാണ് ക്ലാർക്ക്, സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെയുള്ള തസ്തികയിലേയ്ക്കുള്ള വമ്പൻ വിജ്ഞാപനം. കേന്ദ്ര വകുപ്പിനു കീഴിൽ ഇത്രയേറെ ഒഴിവുകളിലേയ്ക്ക് ഒരേസമയം വിജ്ഞാപനം ക്ഷണിക്കുന്നതും അപൂർവമാണ്.  

കഴിഞ്ഞ വർഷം മധ്യത്തോടെ ഗ്രൂപ്പ് ഡി വിഭാഗങ്ങളിലെ  62,907 ഒഴിവുകളിലേയ്ക്കു വിജ്ഞാപനം ക്ഷണിച്ചാണു റെയിൽവേ റിക്രൂട്മെന്റ് ബോർഡ് നിയമനവിപ്ലവത്തിനു തുടക്കമിട്ടത്. ഗ്രൂപ്പ് ഡിക്കു പിന്നാലെ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിലെ 9739 ഒഴിവുകളിലേയ്ക്കും  വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. അസിസ്‌റ്റന്റ് ലോക്കോ പൈലറ്റ്, ടെക്നീഷ്യൻ തസ്‌തികകളിലായി കാൽ ലക്ഷത്തോളം ഒഴിവിലേയ്ക്കും വൈകാതെ റെയിൽവേയുടെ വിജ്ഞാപനമെത്തി. എന്നാൽ ഇതിന്റെ ഘട്ട പരീക്ഷകൾ പൂർത്തിയാകും മുൻപേ ഒഴിവുകളുടെ എണ്ണം ഇരട്ടിയിലേറെ വർധിപ്പിച്ചു റെയിൽവേയുടെ അറിയിപ്പെത്തി. അസിസ്‌റ്റന്റ് ലോക്കോ പൈലറ്റ്, ടെക്നീഷ്യൻ തസ്‌തികകളിലെ 26,502 ഒഴിവുകൾ  64,371 ഒഴിവുകളായി വർധിപ്പിച്ചാണു റെയിൽവേ വിജ്ഞാപനത്തിൽ മാറ്റം വരുത്തിയത്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ  27,795 ഒഴിവുകളിലേയ്ക്കും ടെക്നീഷ്യൻ തസ്തികയിലെ 36,576 ഒഴിവുകളിലേയ്ക്കുമാണു റെയിൽവേ തിരഞ്ഞെടുപ്പ് നടത്തിയത്. 

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകളും സർട്ടിഫിക്കറ്റ് പരിശോധനയും ഉൾപ്പെടെ നാലു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്.   ഈ തസ്തികകളിലേയ്ക്കുള്ള നിയമനപ്രക്രിയ അവസാനഘട്ടത്തിലേക്കു കടക്കുകയാണ്. അപേക്ഷകരുടെ എണ്ണത്തിലും റെക്കോർഡ് സൃഷ്ടിക്കുന്നതായിരുന്നു ഈ വിജ്ഞാപനങ്ങൾ. 2.8 കോടിയിലേറെ ഉദ്യോഗാർഥികളാണു ഒരു ലക്ഷത്തിലേറെ വരുന്ന ഒഴിവുകൾ ലക്ഷ്യമിട്ടു പരീക്ഷയ്ക്ക് അപേക്ഷിച്ചത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയിൽ നിലവിൽ 13 ലക്ഷത്തോളം ജീവനക്കാരാണുള്ളത്. ക്ലറിക്കൽ, പാരാമെഡിക്കൽ ഉൾപ്പെടെയുള്ള 1.30 ലക്ഷം ഒഴിവുകളിലേയ്ക്കുള്ള വിജ്ഞാപനത്തിന് അപേക്ഷ സ്വീകരിച്ചു തുടങ്ങുന്നതോടെ അപേക്ഷകരുടെ എണ്ണത്തിലെ റെക്കോർഡും വഴിമാറിയേക്കും. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി  പിന്നാക്കം നിൽക്കുന്നവർക്കു 10% ഒഴിവുകളിൽ സംവരണം ഏർപ്പെടുത്തിയ ശേഷമെത്തുന്ന ആദ്യ റെയിൽവേ വിജ്ഞാപനമെന്ന പ്രത്യേകതയും ഇതിനുണ്ട്.