14 ജില്ലകളിലുമായി നിലവിലുള്ള വിഇഒ റാങ്ക് ലിസ്റ്റിൽ നിന്ന് 1613 പേർക്കാണ് ഇതുവരെ നിയമനശുപാർശ നൽകിയിരിക്കുന്നത്. ഏറ്റവും കൂടുതൽ പേർക്ക് നിയമനം നൽകിയത് മലപ്പുറം ജില്ലയിലാണ്– 231. ഏറ്റവും കുറവ് നിയമനശുപാർശ വയനാട് ജില്ലയിൽ– 26. മലപ്പുറം ഒഴികെ ഒരു ജില്ലയിൽപോലും 200ൽ അധികം പേർക്ക് നിയമനശുപാർശ നൽകിയിട്ടില്ല. വയനാടിനൊപ്പം പത്തനംതിട്ട, കാസർകോട് ജില്ലകളിൽ 100 പേർക്ക് തികച്ച് നിയമനം നൽകിയിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ ഈ വർഷം ഒരാൾക്കുപോലും നിയമനം നൽകിയിട്ടില്ല.  കൊല്ലം, വയനാട് ജില്ലകളിൽ നാലുമാസമായി നിയമനശുപാർശ നടന്നിട്ട്. 

രക്ഷിച്ചത് എൻജെഡി ഒഴിവുകൾ
നിയമനശുപാർശ ലഭിച്ച ഉദ്യോഗാർഥികൾ ജോലിയിൽ പ്രവേശിക്കാത്തതുമൂലമുണ്ടാകുന്ന എൻജെഡി ഒഴിവുകൾ റിപ്പോർട്ട് ചെയ്തതുകൊണ്ടാണ് 1613 പേർക്കെങ്കിലും നിയമനശുപാർശ ലഭിച്ചത്. റിപ്പോർട്ട് ചെയ്ത ഒഴിവിന്റെ പകുതിയും എൻജെഡി ഒഴിവുകളായിരുന്നു. പുതുതായി റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ വൻകുറവാണുണ്ടായിരിക്കുന്നത്. 

വിഇഒ ഗ്രേഡ്–1, ഗ്രേഡ്– 2 റേഷ്യോ 1:1 അനുപാതത്തിൽ പുനർനിർണയിക്കുന്നതിനാലും  വകുപ്പുകൾ ഏകോപിക്കുന്നതിനാലും കഴിഞ്ഞ ഒരു വർഷത്തിലധികമായി ഈ തസ്തികയുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറവാണ്. പ്രളയബാധിതർക്ക് സഹായമെത്തിക്കുന്നതിൽ വിഇഒമാരുടെ സേവനം അത്യാവശ്യമാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തസ്തിക സൃഷ്ടിക്കാൻ സർക്കാർ തയാറായിട്ടില്ല. മറ്റു പല സർക്കാർ വകുപ്പുകളിലും പുതിയ തസ്തിക സൃഷ്ടിക്കുമ്പോൾ സുപ്രധാന തസ്തികയായ വിഇഒയെ  സർക്കാർ തഴയുന്നു. നിലവിലെ ഒഴിവുകൾപോലും യഥാസമയം റിപ്പോർട്ട്  ചെയ്യുന്നില്ല.