ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് ലിമിറ്റഡ് വിവിധ വിഭാഗങ്ങളിലായി എൻജിനീയർ/എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 145 ഒഴിവുകളുണ്ട്. ഒരു വർഷത്തെ പരിശീലനമാണ്. മേയ് ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ഉയർന്ന പ്രായം എന്നിവ ചുവടെ.

എൻജിനീയർ ട്രെയിനി: മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/സിവിൽ/കെമിക്കൽ വിഭാഗത്തിൽ എൻജിനീയറിങ്/ടെക്‌നോളജി ബിരുദം (ഫുൾടൈം) അല്ലെങ്കിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് മാസ്‌റ്റർ ബിരുദം അല്ലെങ്കിൽ എൻജിനീയറിങ്/ടെക്‌നോളജിയിൽ ഡ്യുവൽ ഡിഗ്രി പ്രോഗ്രാം, 27 വയസ് (1992 ഏപ്രിൽ ഒന്നിനു മുൻപ് ജനിച്ചവർ അപേക്ഷിക്കാൻ യോഗ്യരല്ല) എൻജിനീയറിങ്/ബിസിനസ് അഡ്‌മിനിസ്‌ട്രേഷൻ/മാനേജ്‌മെന്റിൽ രണ്ടു വർഷത്തെ ഫുൾടൈം പിജി ബിരുദമുള്ളവർക്ക് 29 വയസ്. 

എക്സിക്യൂട്ടീവ് ട്രെയിനി (എച്ച്ആർ): എല്ലാ വർഷങ്ങളിലും കുറഞ്ഞത് മൊത്തം 60% മാർക്കോടെ ഫുൾടൈം റഗുലർ ബിരുദം, പഴ്സനൽ മാനേജ്മെന്റ്/ലേബർ വെൽഫയർ/എച്ച്ആർഎം സ്പൈഷലൈസേഷനോടെ  ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്/പഴ്സനൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻ/സോഷ്യൽ വർക്/ബിസിനസ് അഡ്മിനിസ്ട്രേഷനിൽ  ദ്വിവൽസര ഫുൾടൈം റഗുലർ പിജി ബിരുദം /ഡ‍ിപ്ലോമ (എല്ലാ വർഷങ്ങളിലും/സെമസ്റ്ററുകളിലും കുറഞ്ഞത് മൊത്തം 55% മാർക്കോടെ), 29 വയസ് (1990 ഏപ്രിൽ ഒന്നിനു മുൻപ് ജനിച്ചവർ അപേക്ഷിക്കാൻ യോഗ്യരല്ല).

എക്സിക്യൂട്ടീവ് ട്രെയിനി (ഫിനാൻസ്): ഫുൾടൈം റഗുലർ ബിരുദം, യോഗ്യരായ ചാർട്ടേഡ്/കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ടന്റ്സ്, 29 വയസ് (1990 ഏപ്രിൽ ഒന്നിനു മുൻപ് ജനിച്ചവർ അപേക്ഷിക്കാൻ യോഗ്യരല്ല).

പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കാർക്ക് (നോൺക്രീമിലെയർ) മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. മറ്റർഹരായവർക്ക് ഇളവുകൾ ചട്ടപ്രകാരം.

ശമ്പളം: പരിശീലന കാലയളവിൽ 50000–160000 രൂപ ശമ്പളനിരക്കിൽ അടിസ്‌ഥാന ശമ്പളം ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 60000–180000 രൂപ ശമ്പളനിരക്കിൽ എൻജിനീയർ/എക്സിക്യൂട്ടീവ് തസ്‌തികയിൽ നിയമനം ലഭിക്കും. 

വിശദവിവരങ്ങൾക്ക്: www.careers.bhel.in