കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ – ടെക്‌നിക്കൽ) തസ്‌തികയിലെ ഒഴിവുകളിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. പതിനായിരത്തിലധികം ഒഴിവുകളുണ്ടാകാനാണ് സാധ്യത. എസ്‌എസ്‌എൽസി ജയിച്ചവർക്കാണ് അവസരം. ഗ്രൂപ്പ് സി തസ്‌തികയാണ്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും. നിയമനം. ഓൺലൈനായി അപേക്ഷിക്കണം.  

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 29.  

ശമ്പളം: 5200–20200 രൂപ, ഗ്രേഡ് പേ: 1800 രൂപ.

യോഗ്യത: മെട്രിക്കുലേഷൻ ജയം (എസ്‌എസ്‌എൽസി) /തത്തുല്യ യോഗ്യത.

പ്രായം: 18–25. (1994 ഓഗസ്റ്റ് രണ്ടിനു മുൻപോ 2001 ഓഗസ്റ്റ് ഒന്നിനു ശേഷമോ ജനിച്ചവരായിരിക്കരുത്)

18–27. (1992 ഓഗസ്റ്റ് രണ്ടിനു മുൻപോ 2001 ഓഗസ്റ്റ് ഒന്നിനു ശേഷമോ ജനിച്ചവരായിരിക്കരുത്)

2019 ഓഗസ്റ്റ് ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. രണ്ടു ഗ്രൂപ്പുകളിലായി പ്രായം തിരിച്ചിട്ടുണ്ട്.  ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവുണ്ട്. വയസിളവു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. 

തിരഞ്ഞെടുപ്പ്: എസ്‌എസ്‌സി നടത്തുന്ന പൊതു എഴുത്തുപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്.  രണ്ടു ഘട്ടമായാണ് എഴുത്തുപരീക്ഷ നടത്തുക.  ആദ്യ ഘട്ടം, ഒബ്‌ജെക്‌ടീവ് മാതൃകയിൽ കംപ്യൂട്ടർ  അധിഷ്ഠിത എഴുത്തു പരീക്ഷയാണ്(പേപ്പർ -1).  രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ 2019 ഓഗസ്റ്റ് രണ്ടു മുതൽ  സെപ്റ്റംബർ  ആറു വരെ ആദ്യഘട്ട പരീക്ഷ നടക്കും.  പരീക്ഷയ്‌ക്കു നെഗറ്റീവ് മാർക്കുണ്ട്. ഈ പരീക്ഷയുടെ പ്രകടനത്തിന്റെ അടിസ്‌ഥാനത്തിൽ ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്കായി രണ്ടാംഘട്ടത്തിൽ ഡിസ്‌ക്രിപ്‌റ്റീവ് മാതൃകയിലുള്ള പരീക്ഷയുണ്ടാകും. നവംബർ 17ന് ആണ് ഡിസ്‌ക്രിപ്‌റ്റീവ്  (പേപ്പർ–2) പരീക്ഷ.   പരീക്ഷാ സിലബസ് സംബന്ധിച്ച വിശദാംശങ്ങൾക്ക് എസ്‌എസ്‌സി വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം,  കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ,  കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.  ഒരേ റീജനു കീഴിൽ മുൻഗണനാക്രമത്തിൽ മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. 

അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/ വർഗം/ അംഗപരിമിതർ/വിമുക്‌തഭടന്മാർ/ വനിതകൾ എന്നിവർക്കു ഫീസില്ല. നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് മുഖേനയോ ഭീം യുപിഐ വഴിയോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാൻ ഉപയോഗിച്ചോ ഫീസ് അടയ്‌ക്കാം. മേയ് 31 വരെ ഓൺലൈനായി ഫീസടയ്ക്കാം. ചെലാനായി ഫീസ് അടയ്ക്കുന്നവർ മേയ് 31 നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം. ഫീസ് അടയ്‌ക്കുന്നതിനു മുൻപായി  വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചു മനസിലാക്കുക.

അപേക്ഷിക്കുന്ന വിധം:  www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവർ സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് സമർപ്പിച്ചാൽ മതി. അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക.  ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. എസ്‌എസ്‌സി നടത്തുന്ന പരീക്ഷകൾക്ക് ഇത് ആവശ്യമായി വരും.  പരീക്ഷ എഴുതാനാഗ്രഹിക്കുന്ന സെന്ററും കോഡും അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തണം. അപേക്ഷിക്കുന്നതിനു മുൻപ് www.ssc.nic.in  എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്‌ഞാപനം വായിച്ചു മനസിലാക്കുക.