എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ വിവിധ റീജനുകളിൽ 2189 സോഷ്യൽ സെക്യൂരിറ്റി അസിസ്‌റ്റന്റ് ഒഴിവുകളുണ്ട്. കേരളത്തിലും ലക്ഷദ്വീപിലുമായി 27 ഒഴിവുകളുണ്ട്. ജൂലൈ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യം. ഡേറ്റാ എൻട്രിയിൽ മണിക്കൂറിൽ 5000 കീ ഡിപ്രഷൻ വേഗം. കംപ്യൂട്ടർ ട്രെയിനിങ് സർട്ടിഫിക്കറ്റ് അഭികാമ്യം. അവസാന വർഷ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. 

പ്രായം: 18-27 വയസ്. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു (നോൺ ക്രീമി ലെയർ) മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. മറ്റർഹരായവർക്കു ചട്ടപ്രകാരം ഇളവ്.

2019 ജൂലൈ 21 അടിസ്ഥാനമാക്കി പ്രായവും യോഗ്യതയും കണക്കാക്കും. 

ശമ്പളം: 25,500 രൂപ.

അപേക്ഷാഫീസ്: 500 രൂപ. 

എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ, വിമുക്തഭടൻമാർ എന്നിവർക്ക് 250 രൂപ. ഇവർക്ക് ഒന്നാംഘട്ട പരീക്ഷയ്ക്ക് ശേഷം 250 രൂപ തിരികെ നൽകും (ബാങ്ക് ചാർജുകൾ ഈടാക്കുന്നതായിരിക്കും). ഒാൺലൈനായി ഫീസടയ്ക്കണം.

തിരഞ്ഞെടുപ്പ്: മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ പ്രിലിമിനറി പരീക്ഷയും രണ്ടാംഘട്ടത്തിൽ മെയിൻ പരീക്ഷയും ഉണ്ടായിരിക്കും. കംപ്യൂട്ടർ ഡേറ്റാ എൻട്രി ടെസ്റ്റ് ഉൾപ്പെടുന്നതാണ് മൂന്നാം ഘട്ടം. ഒാഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ പ്രിലിമിനറി പരീക്ഷ നടത്തും. കേരളത്തിൽ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷയും കൊച്ചിയിൽ മാത്രമായി മെയിൻ പരീക്ഷയും നടത്തും.  

അപേക്ഷിക്കേണ്ട വിധം: www.epfindia.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഉദ്യോഗാർഥികൾ ഫോട്ടോ, ഒപ്പ്, ഇടത് കൈവിരലടയാളം, സ്വന്തം കൈപ്പടയിൽ തയാറാക്കിയ സത്യവാങ്മൂലം, മറ്റ് ബന്ധപ്പെട്ട രേഖകൾ എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. അപ്‌ലോഡ് ചെയ്യുന്നതു സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക.