വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന്റെ കോർപറേറ്റ് സംരംഭമായ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിൽ (RINC) വിവിധ തസ്തികയിലായി 603 ഒഴിവുകളുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. വിശദവിവരങ്ങൾ ചുവടെ.

559 ട്രെയിനി

പരസ്യ നമ്പർ: 04/2019

വിവിധ ബ്രാഞ്ചുകളിൽ ജൂനിയർ ട്രെയിനിയുടെ 530 ഒഴിവുകളും ഒാപ്പറേറ്റർ കം മെക്കാനിക് ട്രെയിനിയുടെ 29 ഒഴിവുകളുമുണ്ട്. ഒാഗസ്റ്റ് ഒന്ന് മുതൽ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

മെക്കാനിക്കൽ. ഇലക്ട്രിക്കൽ. മെറ്റലർജി, കെമിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, റിഫ്രാക്ടറി എന്നീ ബ്രാഞ്ചുകളിലാണ് ജൂനിയർ ട്രെയിനി ഒഴിവുകൾ. വിഭാഗം തിരിച്ചുള്ള ഒഴിവുപട്ടിക ഇതോടൊപ്പം. തസ്തികയും യോഗ്യതയും ചുവടെ.

ജൂനിയർ ട്രെയിനി: മെട്രിക്/എസ്എസ്‌സി. 60% മാർക്കോടെ അനുബന്ധ ട്രേഡിൽ ഫുൾടൈം റഗുലർ ഐടിഐ/ഡിപ്ലോമ ഇൻ എൻജിനീയറിങ്. എസ്‌സി/എസ്‌ടി/ഭിന്നശേഷിക്കാർക്ക് 50% മാർക്ക് മതി.  

ഒാപ്പറേറ്റർ കം മെക്കാനിക് ട്രെയിനി: മെട്രിക്/എസ്എസ്‌സി. കുറഞ്ഞത് രണ്ട് വർഷത്തെ ഫുൾടൈം ഐടിഐ, ഏതെങ്കിലും ട്രേഡിൽ എൻസിവിടി സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ഏതെങ്കിലും വിഭാഗത്തിൽ എൻജിനീയറിങ് ഡിപ്ലോമ. അംഗീകൃത ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് (ട്രാൻസ്പോർട്ട്). ഐടിഐ/എൻജിനീയറിങ് ഡിപ്ലോമയിൽ 60% മാർക്ക് നേടിയിരിക്കണം. എസ്‌സി/എസ്‌ടിക്കാർക്ക് 50% മാർക്ക് മതി. 

അനുബന്ധ ഐടിഐ ട്രേഡുകളും എൻജിനീയറിങ് വിഭാഗങ്ങളും പട്ടികയിൽ നൽകിയിട്ടുള്ളത് കാണുക. വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിലെ ഡിസ്പ്ലേസ്ഡ് വ്യക്തികൾക്ക് മുൻഗണനയുണ്ട്. ബിഇ, ബിടെക്, ബിഎൽ, ബിഎച്ച്എംഎസ്, എംബിഎ, പിജി യോഗ്യതക്കാർ അപേക്ഷിക്കേണ്ടതില്ല.

പ്രായപരിധി: 2019 ജൂലൈ ഒന്നിന് 18-27 വയസ്. 

എസ്‌സി/എസ്‌‌ടി വിഭാഗക്കാർക്ക് അഞ്ചും, ഒബിസിക്ക് മൂന്നും, ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം.

സ്റ്റൈപ്പൻഡ്: രണ്ടു വർഷത്തേയ്ക്കാണു പരിശീലനം. ആദ്യ വർഷം പ്രതിമാസം 10700 രൂപയും രണ്ടാം വർഷം 12200 രൂപയും ലഭിക്കും.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ചെന്നൈയാണ് തൊട്ടടുത്ത പരീക്ഷാകേന്ദ്രം. 

അപേക്ഷാഫീസ്: 300 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഓൺലൈനായി ഫീസടയ്‌ക്കാം. 

അപേക്ഷ സമർപ്പിക്കുന്നതിനും മറ്റു വിശദവിവരങ്ങൾക്കും www.vizagsteel.com എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

34 മാൻപവർ/മെഡിക്കൽ ഒാഫിസർ

രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിൽ വിവിധ തസ്തികയിലായി 34 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ഒാഗസ്റ്റ് 12 മുതൽ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒാപ്പറേറ്റർ കം മെക്കാനിക്സ്, മൈൻ ഫോർമാൻ, ഡ്രിൽ ടെക്നീഷ്യൻ, ബ്ലാസ്റ്റർ, ബ്ലാസ്റ്റിങ് ഹെൽപ്പർ, മെഡിക്കൽ ഒാഫിസർ എന്നിങ്ങനെയാണ് ഒഴിവുകൾ.

10 മാനേജ്മെന്റ് ട്രെയിനി

എച്ച്ആർ, മാർക്കറ്റിങ് വിഭാഗങ്ങളിൽ മാനേജ്മെന്റ് ട്രെയിനിയുടെ 10 ഒഴിവുകളുണ്ട്. ഒരു വർഷത്തെ പരിശീലനമാണ്. 2019 ജൂണിലെ യുജിസി നെറ്റ് പരീക്ഷയുടെ സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഒാഗസ്റ്റ് ഒൻപത് വരെ ഓൺലൈനായി അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക്:  www.vizagsteel.com