ബാങ്കുകളിൽ ക്ലാർക്ക് തസ്‌തികയിലെ നിയമനത്തിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന  പൊതു എഴുത്തുപരീക്ഷയ്‌ക്ക് അപേക്ഷിക്കാം. വിവിധ പൊതുമേഖലാ ബാങ്കുകളിലായി 12,075 ഒഴിവുകളാണുള്ളത്. കേരളത്തിൽ 349 ഒഴിവുകളുണ്ട്. ബിരുദക്കാർക്കാണ് അപേക്ഷിക്കാൻ അർഹത. ഓൺലൈനിൽ അപേക്ഷിക്കണം. 

പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷയാണ്. ഡിസംബറിൽ പ്രിലിമിനറി പരീക്ഷ നടക്കും. മെയിൻ പരീക്ഷ ജനുവരി 19 നു നടക്കും. തുടർന്ന് ഏപ്രിലോടെ അലോട്ട്‌മെന്റും ഐബിപിഎസ് സംഘടിപ്പിക്കും

പരീക്ഷയും തിരഞ്ഞെടുപ്പും:

പൊതുമേഖലാ ബാങ്കുകളിലെ ക്ലറിക്കൽ തസ്‌തികകളിലേക്ക് ഐബിപിഎസ് നടത്തുന്ന ഒൻപതാമത്തെ പൊതു എഴുത്തുപരീക്ഷയാണിത്. ഐബിപിഎസ് പരീക്ഷ – 9 എഴുതിയ ഉദ്യോഗാർഥികളെ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാമ്പത്തിക വർഷത്തെ (2020– 21) ക്ലാർക്ക് നിയമനങ്ങൾക്കു പരിഗണിക്കൂ. ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാകും തിരഞ്ഞെടുപ്പ്. പൊതുപരീക്ഷയിലെ  മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. 2021 മാർച്ച് 31 വരെ ഈ വിജ്‌ഞാപനപ്രകാരമുള്ള നിയമനങ്ങൾക്ക് അവസരമുണ്ട്. ബാങ്കിൽ നിലവിലുള്ള ഒഴിവുകളുടെ അടിസ്‌ഥാനത്തിലാകും അലോട്ട്‌മെന്റ്. അലോട്ട്‌മെന്റ് വിവരങ്ങൾ സമയാസമയങ്ങളിൽ ഐബിപിഎസ് വെബ്‌സെറ്റിൽ പ്രസിദ്ധീകരിക്കും. ഓൺലൈൻ റജിസ്‌ട്രേഷൻ, പരീക്ഷ, അലോട്ട്‌മെന്റ് എന്നിവയുടെ ഷെഡ്യൂൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതോടൊപ്പം പട്ടികയിലുണ്ട്.

ക്ലാർക്ക് തസ്‌തികയിലെ നിയമനങ്ങൾ സംസ്‌ഥാനം/ കേന്ദ്രഭരണ പ്രദേശത്തിന്റെ അടിസ്‌ഥാനത്തിൽ ആയതിനാൽ ഏതെങ്കിലും ഒരു സംസ്‌ഥാനം/ കേന്ദ്രഭരണ പ്രദേശത്തിലേക്കു മാത്രം അപേക്ഷിക്കുക. ആ  സംസ്‌ഥാനം/ കേന്ദ്രഭരണ പ്രദേശത്തിനു  ബാധകമായ പരീക്ഷാകേന്ദ്രത്തിൽ  വേണം പൊതുപരീക്ഷ എഴുതാൻ. വിജ്‌ഞാപനം സംബന്ധിച്ച മറ്റു വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ

യോഗ്യതയും പ്രായവും:

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം.

കംപ്യൂട്ടർ പരിജ്‌ഞാനം: കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനും ഉപയോഗിക്കാനും അറിവുള്ളവരാകണം അപേക്ഷകർ. അപേക്ഷകർക്ക് കംപ്യൂട്ടർ ഓപ്പറേഷൻസ് / ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം അല്ലെങ്കിൽ ഹൈസ്‌കൂൾ/ കോളജ്/ ഇൻസ്‌റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം. 

അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക ഭാഷാപരിജ്‌ഞാനം (എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം) ഉള്ള ഉദ്യോഗാർഥികൾക്കു മുൻഗണന ലഭിക്കും.

2019 ഒക്ടോബർ 9 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും.  മേൽപ്പറഞ്ഞ സിവിൽ എക്‌സാം യോഗ്യതയില്ലാത്ത വിമുക്‌തഭടൻമാർ തത്തുല്യ യോഗ്യതാ വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക.

പ്രായം: 20– 28. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവ് ലഭിക്കും. വിമുക്‌തഭടൻമാർക്ക് നിയമാനുസൃത ഇളവ്.

2019 സെപ്റ്റംബർ ഒന്ന് അടിസ്‌ഥാനമാക്കി അപേക്ഷകരുടെ പ്രായം കണക്കാക്കും.

പരീക്ഷയും സിലബസും:

ഓൺലൈൻ പൊതുഎഴുത്തുപരീക്ഷ രണ്ടു ഘട്ടമായിട്ടാണ്. രണ്ടിനും ഒബ്‌ജെക്‌ടീവ് ചോദ്യങ്ങളാണ്. റീസണിങ് എബിലിറ്റി, ഇംഗ്ലിഷ് ലാംഗ്വേജ്, ന്യൂമറിക്കൽ എബിലിറ്റി എന്നീ വിഷയങ്ങളിലായി ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രിലിമിനറി പരീക്ഷ ഡിസംബർ  7, 8, 14,  21 തീയതികളിൽ നടക്കും. 100 മാർക്കിന്റെ 100 ചോദ്യങ്ങളാണു പരീക്ഷയിലുണ്ടാവുക. പ്രിലിമിനറിയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കു ജനുവരി 19നു മെയിൻ പരീക്ഷ നടത്തും.

 160 മിനിട്ട് ദൈർഘ്യമുള്ള 200 മാർക്കിന്റെ മെയിൻ പരീക്ഷയിൽ റീസണിങ് എബിലിറ്റി ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇംഗ്ലിഷ് , ക്വാണ്ടിറ്റേറ്റീവ് ആപ്‌റ്റിറ്റ്യൂഡ്, ജനറൽ/ ഫിനാൻഷ്യൽ അവയർനെസ് എന്നീ വിഭാഗങ്ങളിൽ നിന്നായി 190 ചോദ്യങ്ങളുണ്ടാകും. രണ്ടു പരീക്ഷയ്ക്കും നെഗറ്റീവ് മാർക്കുണ്ട്. 

മെയിൻ പരീക്ഷയിലെ  മികവിന്റെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. തിരഞ്ഞെടുപ്പ് രീതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

പട്ടികവിഭാഗം, ന്യൂനപക്ഷവിഭാഗം അപേക്ഷകർക്ക് പ്രീഎക്‌സാമിനേഷൻ ട്രെയിനിങ്ങിന് അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പ്രീ എക്‌സാമിനേഷൻ ട്രെയിനിങ്. കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

പരീക്ഷാകേന്ദ്രങ്ങൾ:

സംസ്‌ഥാനത്തെ 10 നഗരങ്ങളിലുൾപ്പെടെ  രാജ്യത്തെ ഇരുനൂറിലേറെ കേന്ദ്രങ്ങളിലായാണ് ഓൺലൈൻ പൊതുപരീക്ഷ നടത്തുക. കേരളത്തിൽ (സ്‌റ്റേറ്റ് കോഡ്:28) കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. ലക്ഷദ്വീപുകാർക്ക് (കോഡ് 29) കവരത്തിയിൽ പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്കു സംസ്ഥാനത്തു കൊച്ചിയിലും തിരുവനന്തപുരത്തുമാണു പരീക്ഷാകേന്ദ്രം.

ഫീസ്  ഓൺലൈനിലൂടെ :

അപേക്ഷാ ഫീസ്: 600 രൂപ. പട്ടികവിഭാഗം, വിമുക്ത ഭടൻ, വികലാംഗർക്ക് 100 രൂപ മതി. ഡെബിറ്റ് കാർഡ് (റൂപേ, വിസ, മാസ്‌റ്റർ, മാസ്‌ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസടച്ചതിനു ശേഷം ഇ–രസീത് പ്രിന്റെടുക്കണം. ഫീസ് അടയ്‌ക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ ശ്രദ്ധിക്കുക. ഈ നിർദേശങ്ങളനുസരിച്ചു മാത്രം ഫീസ് അടയ്‌ക്കുക.

ഓൺലൈൻ അപേക്ഷ:

ഓൺലൈനിൽ അപേക്ഷിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. 

അപേക്ഷകർക്ക് ഇ–മെയിൽ ഐഡി ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ സ്‌കാൻ (ഡിജിറ്റൽ രൂപം) ചെയ്‌തതു വേണ്ടിവരും. 

വെബ്‌സൈറ്റിലെ നിർദേശങ്ങൾക്കനുസരിച്ച്  മാത്രം ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്യുക.  ഓൺലൈൻ അപേക്ഷാസമയത്ത് അപേക്ഷകർക്കു റജിസ്‌ട്രേഷൻ നമ്പറും പാസ്‌വേഡും ലഭിക്കും. ഓൺലൈൻ അപേക്ഷയ്‌ക്കു ശേഷം സിസ്‌റ്റം ജനറേറ്റഡ് ഓൺലൈൻ അപേക്ഷാ ഫോമിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കണം. 

അപേക്ഷിക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്‌ഞാപനം കാണുക.