പരീക്ഷകൾക്കു പുറമെ നിയമന ശുപാർശ നൽകുമ്പോഴും ബയോമെട്രിക് പരിശോധന നടപ്പാക്കാനുറച്ച് പിഎസ്‌സി. സിവിൽ പൊലീസ് ഒാഫിസർ തസ്തികയിലേക്ക് ബയോമെട്രിക് പരിശോധന നടത്തിയാണ് നിയമന ശുപാർശ  ഉദ്യോഗാർഥികൾക്കു  നൽകിയത്. മറ്റു തസ്തികകളിലും  ഇതു നടപ്പാക്കും.  പരീക്ഷകളിലെ ആൾമാറാട്ടം പൂർണമായി തടയാൻ   പരീക്ഷാ കേന്ദ്രങ്ങളിൽ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ഊർജിതമാക്കാൻ  കഴിഞ്ഞ ആഴ്ച ചേർന്ന പിഎസ്‌സി യോഗം തീരുമാനിച്ചിട്ടുണ്ട്.  

ആവശ്യത്തിന്  ബയോമെട്രിക് ഉപകരണങ്ങൾ വാങ്ങാൻ ഇ–ടെൻഡർ ക്ഷണിക്കും. അപേക്ഷകർ കുറവുള്ള ഒാൺലൈൻ പരീക്ഷകൾക്കാണ് ഇപ്പോൾ ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നത്. ഇത് എല്ലാ ഒാൺലൈൻ, ഒഎംആർ പരീക്ഷകൾക്കും ബാധകമാക്കാനാണ് ആലോചന. ആധാർ അധിഷ്ഠിത  ബയോമെട്രിക് പരിശോധനയിലൂടെ ഉദ്യോഗാർഥിയെ തിരിച്ചറിഞ്ഞ ശേഷമേ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കൂ.  ഇതിനായി ഉദ്യോഗാർഥികളുടെ പ്രൊഫൈൽ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.