ന്യൂക്ലിയർ പവർ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനി ആകാൻ അവസരം. 200 ഒഴിവുകളുണ്ട്. മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഇൻഡസ്ട്രിയൽ ആൻഡ് ഫയർ സേഫ്റ്റി വിഭാഗങ്ങളിലാണ് അവസരം. ഗേറ്റ് 2018/ 2019/ 2020 സ്കോറിന്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യുന്നവരെ ഇന്റർവ്യൂ മുഖേന തിരഞ്ഞെടുക്കും. ഏപ്രിൽ 2 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

യോഗ്യത: കുറഞ്ഞത് മൊത്തം 60 % മാർക്കോടെ ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസ്‍സി (എൻജിനീയറിങ്)/ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എംടെക്. അനുബന്ധ വിഷയത്തിൽ അംഗീകൃത ഗേറ്റ് 2018/ 2019/ 2020 സ്കോർ നേടിയിരിക്കണം. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ എൻജിനീയറിങ് വിദ്യാർഥികൾക്കും അപേക്ഷിക്കാം. 

പ്രായപരിധി (02.04.2020 ന്): 26 വയസ്. ഒബിസിക്ക് മൂന്ന് വർഷവും പട്ടികവിഭാഗക്കാർക്ക് അഞ്ച് വർഷവും ഉയർന്ന പ്രായത്തിൽ ഇളവുണ്ട്. മറ്റർഹരായവർക്കും നിയമാനുസൃത ഇളവ്.

സ്റ്റൈപ്പൻഡ്: ഒരു വർഷത്തെ പരിശീലന കാലയളവിൽ 55,000 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും. പരീശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 56,100 രൂപ ശമ്പള നിരക്കിൽ സയന്റിഫിക് ഓഫിസർ/ സി തസ്തികയിൽ നിയമനം ലഭിക്കും.  

അപേക്ഷാഫീസ്: 500 രൂപ. ജനറൽ (യുആർ), ഒബിസി, ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ട പുരുഷ ഉദ്യോഗാർഥികൾ മാത്രം ഫീസടച്ചാൽ മതി. 

അപേക്ഷ അയയ്‌ക്കുന്നതിനും മറ്റു വിശദവിവരങ്ങൾക്കും www.npcilcareers.co.in എന്ന വെബ്‌സൈറ്റ് കാണുക. വെബ്‌സൈറ്റിലെ വിവരങ്ങൾ മനസിലാക്കിയതിനുശേഷം മാത്രം അപേക്ഷിക്കുക.